താൾ:Mangalodhayam book-10 1916.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬൨ മംഗളോദയം

ജോലികളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ മുമ്പു കണ്ട പുരിയിൽനിന്നു ഇതിന്നു ഒരു വിശേഷമായ വ്യത്യാസം ഉണ്ടായിരുന്നു. അതായതു ഈ പുരിയുടെ പുറത്തുനിന്നു വിശോഷണം എന്നു പേരോടു കൂടിയ ഭൃത്യന്മാർ ഭിന്നപ്രകൃതികളായ ഉപാദാനവസ്തുക്കളെ പുരിയിലേ ഉള്ളിലേക്കു കൊണ്ടുപോകുന്നു. പിന്നേ അകത്തുള്ള വേലക്കാർ ആ വക സാധനങ്ങളെക്കൊണ്ടു പലവിധത്തിലായി പണിചെയ്ത് പുരിയുടെ ഓരോ ഭാഗങ്ങൾ നിർമ്മിക്കുന്നൂ. ഓരോ മുറികളും പതുക്കെപ്പതുക്കെ വലുതായി വരുന്നു.

ആ മാതിരി കൗശലപ്പണികളും പുരിയുടെ ബാഹ്യശോഭയുംകണ്ടിട്ടും ബ്രാഹ്മണന്റെ മനഃക്ഷോഭത്തിന്നു ശമനംവന്നില്ല. ബ്രാഹ്മണൻ വ്യാകുലതയോടും കുണ്ഠിതത്തോടും കൂടി ആ പുരിയിൽനിന്നു പുറത്തേക്കിറങ്ങി. പിന്നേ 'പ്രാണിപുരം' എന്നു പേരായ മൂന്നാമത്തെ മാളികയുടെ ഉള്ളിൽ പ്രവേശിച്ചു. ഇത്ര സമൃദ്ധിയോടുകൂടിയ സ്ഥലം അദ്ദേഹം ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ഇതിന്റെ ഉള്ളിൽ പലവിധത്തിലുള്ള ശില്പയന്ത്രങ്ങൾ തിരിഞ്ഞുകൊണ്ടിരിക്കുന്നു. വിഷയസുഖാനുഭവത്തിന്നുതകുന്ന സകല പദാർത്ഥങ്ങളും അവിടെ ലോപംകൂടാതെ തയ്യാറാക്കിവെച്ചിട്ടുണ്ട്. എന്തെല്ലാം കൗശലപ്പണികളും ചിത്രപ്പണികളുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്നതിനു കണക്കില്ല. ഇതെല്ലാം അത്യാശ്ചര്യകരമാണെന്നു ബ്രാഹ്മണന്നു തോന്നി. അദ്ദേഹത്തിന്റെ ആശ്ചര്യത്തിന്നു ഈ ഒരു വിശേഷകാരണം ഉണ്ടായിരുന്നു: അവിടെയുള്ള സകല യന്ത്രങ്ങളുടെയും തിരിച്ചൽകൊണ്ടു ഓരോ മുറികൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു എല്ലായ്പ്പോഴും മാറിക്കൊണ്ടിരുന്നു.

ബ്രാഹ്മണൻ അതിയായ കൌതുഹലത്തോടു കൂടി പുരിയുടെ സർവ്വോന്നതമായ 'നരപ്രകോഷ്ട'ത്തിലേക്കു കയറിച്ചെന്നു. ഈ പ്രകോഷ്ഠം ഏഴു നിലയിലായിരുന്നു. അദ്ദേഹം എല്ലാ നിലയുടേയും മുകളിൽ സ്ഥിതിചെയ്യുന്ന ഏഴാം നിലയിൽ കയറിച്ചെന്നു. ഇവിടെ പ്രകോഷ്ഠത്തിന്റെ സർവ്വസ്ഥാനങ്ങളിൽനിന്നും കമ്പിവഴിക്കു വർത്തമാനങ്ങൾ വന്നു ചേരുകയും അവിടെനിന്നു എല്ലാദിക്കിലേക്കും കല്പനകൾ പൊയ്ക്കൊണ്ടേയിരിക്കുകയും ചെയ്യുന്നതു ബ്രാഹ്മണൻ കണ്ടു. എന്നാൽ ആരാണ് ഈ വർത്തമാനങ്ങളെല്ലാം ഗ്രഹിക്കുന്നതെന്നും ആരാണ് കല്പനകൾ കൊടുക്കുന്നതെന്നും അദ്ദേഹത്തിനു മനസ്സിലാക്കാൻ കഴിഞ്ഞില്ല. വളരെ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ സ്മൃതി, ധൃതി, ചിന്ത, മനനം, വിചാരണ, മുതലായ ചില സ്ത്രീപുരുഷന്മാരുടെ മഹിമ അദ്ദേഹത്തിനു കാണാറായി. ഇവരെല്ലാവരും തങ്ങൾക്കു നിർദ്ദേശിച്ച കാര്യങ്ങൾ ബഹു ജാഗ്രതയായി നടത്തുന്നുണ്ട്. ഒരാൾക്കെങ്കിലും നിമിഷനേരംപോലും വെറുതെ ഇരിക്കാൻ കഴിയുന്നില്ല. ഇവരുടെനേരെ ഒരു കഠിനമായ നിയമം എർപ്പെടുത്തീട്ടുണ്ടെന്നു അദ്ദേഹത്തിന്നു മനസ്സിലായി. ഇവർ മനസ്സിരുത്താതെ സ്വസ്ഥാനം വിട്ടുപോകയോ അല്ലെങ്കിൽ സ്വന്തജോലി വിട്ടു മറ്റുവല്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/393&oldid=164789" എന്ന താളിൽനിന്ന് ശേഖരിച്ചത്