താൾ:Mangalodhayam book-10 1916.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുഷ്പാഞ്ജലി ൨൬൧

കുറച്ചുദൂരം പോയപ്പോൾ അദ്ദേഹത്തിന്റെ മുമ്പിലായി മൂന്നു വിശേഷപ്പെട്ട മാളികകൾ അദ്ദേഹം കണ്ടു. അതിൽ ഒന്നാമത്തേതിന്റെ പേർ രത്നപുരം എന്നാണ്. അദ്ദേഹം അതിന്റെ ഉള്ളിലേയ്ക്കു കടന്നുനോക്കിയപ്പോൾ അതിൽ അനേകം മുറികളുള്ളതായി കണ്ടു. മുറികളല്ലാം വളരെ പ്രകാശത്തോടുകൂടിയവയും വിശേഷപ്പണികളോടുകൂടിയവയുമായിരുന്നു. ഓരോ മുറികളും ഓരോ വിധത്തിലായിരുന്നു. ഓരോന്നിന്റെയും നിറവും ആകൃതിയും ഓരോ വിധത്തിലായിരുന്നു. ചിലതു വെളുത്ത് നാല്കോണാകൃതിയോടുകൂടിയതും ചിലതു നീലനിറത്തിൽ ആറു കോണുകളോടുകൂടിയതും മറ്റു ചിലതു ചുകന്ന നിറത്തിൽ എട്ടുകോണുകളോടുകൂടിയതും ആയിരുന്നു. ഇങ്ങിനെ എല്ലാ മുറികളും വൃത്യസ്തങ്ങളായ നിറത്തോടുകൂടിയവയും ഭിന്നഭിന്നങ്ങളായ ആകൃതികളോടുകൂടിയവയും ആയിരുന്നു. എന്നാൽ ഓരോന്നിന്റെ നിറവും ആകൃതിയും എന്തെങ്കിലുമായിക്കോട്ടെ ; ഓരോന്നിനേയും നോക്കുമ്പോൾ കാഴ്ചയ്ക്ക് അതുതന്നെ ഏറ്റവും മനോഹരമായി തോന്നപ്പെട്ടു. ഈ മുറികളെല്ലാം ഉണ്ടാക്കിയത് ആരാണെന്നറിയാൻ ബ്രാഹ്മണന് കൗതുകമുണ്ടായി. ആകർഷണം എന്നും വിപ്രകർഷണം എന്നും പേരുള്ളവരും തീരെ കുരുടന്മാരുമായ ചില ഭൃത്യന്മാരാണ് ഇടവിടാതെ പരിശ്രമിച്ച് ഇതെല്ലാം നിർമ്മിച്ചത് എന്നു ബ്രാഹ്മണന് അന്വേഷണംകൊണ്ടു മനസ്സിലായി. എന്നാൽ അവരുടെ അടുക്കൽ ചെന്നു ചോദിച്ചപ്പോൾ അവർ ഒരു മറുപടിയും പറഞ്ഞില്ല. അവർ തങ്ങളുടെ ജോലികൾ എടുത്തുകൊണ്ടിരുന്നതേയുള്ളൂ. അവരുടെ ജോലി വളരെ ഭാരമുള്ളതായിട്ട് അദ്ദേഹത്തിനു തോന്നിയില്ല. ആ പുരിയിലുള്ള ഓരോ മാതിരിയുള്ള പദാർത്ഥങ്ങളെ ചിലർ ഒരു ഭാഗത്തുനിന്ന് പിടിച്ചുവലിക്കുകയും മറ്റു ചിലർ അവയുടെ മറുഭാഗത്തുനിന്നു പിടിച്ചുവലിക്കുകയും ചെയ്യുന്നു. ഈ പിടിച്ചുവലികൊണ്ടു മുറികൾ അതാതുദിക്കിൽ കോട്ടംകൂടാതെ ഉണ്ടായിത്തീരുന്നു. ഭൃത്യന്മാരുടെ ഇടയിൽ ഈ മാതിരി സുദൃഢമായ നിയമബന്ധം കണ്ട് ബ്രാഹ്മണൻ ഏറ്റവും വിസ്മയിച്ചു. അദ്ദേഹം വിസ്മിതനായി എങ്കിലും മൂകന്മാരും അന്ധന്മാരുമായ ഭൃത്യന്മാരുടെ ഇടവിടാതെയുള്ള പരിശ്രമം കണ്ടിട്ട് അദ്ദേഹത്തിന്റെ ഉള്ളിൽ സന്തോഷം തോന്നിയില്ല. അദ്ദേഹം ദുഃഖംകൊണ്ടു തപ്തമായ ഹൃദയത്തോടുകൂടി പുറത്തേയ്ക്കിറങ്ങി. 'ഹരിതപുരം' എന്നു പേരായ രണ്ടാമത്തെ മാളിക തന്റെ മുമ്പിൽ കണ്ടിട്ട് അദ്ദേഹം അതിന്റെ ഉള്ളിൽ പ്രവേശിച്ചു.

'ഹരിതപുരം' മുമ്പുകണ്ട 'രത്നപുര'ത്തേക്കാൾ എത്രയോ വലിയതും വിചിത്രപ്പണിയോടു കൂടിയതും അധികം ശോഭയോടു കൂടിയതും ആണെന്നു ബ്രാഹ്മണനു തോന്നി. ഇതിന്റെ ഉള്ളിലും അനേകം മുറികളുണ്ടായിരുന്നു. അവയുടെ നിറവും നിർമ്മാണരീതിയും പരസ്പരവിഭിന്നങ്ങളായിരുന്നു. ആ മുറികളിലും അനേകം മൂകന്മാരും അന്ധന്മാരുമായ ഭൃത്യന്മാർ ഇടവിടാതെ അവരവർക്കു നിയമിച്ചിട്ടുള്ള

8 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/392&oldid=164788" എന്ന താളിൽനിന്ന് ശേഖരിച്ചത്