താൾ:Mangalodhayam book-10 1916.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

ത്തിലെ യവനികകൾ ഉയരുന്ന ഓരോ അവസരത്തിലും അവളുടെ ജീവിതമാകുന്ന കാരാഗൃഹത്തിലെ ജനവാതിൽ താനെ തുറക്കപ്പെട്ടതുപോലെ അവൾക്ക് തോന്നി. വിചിത്രങ്ങളായ പരിസരങ്ങളോടും, മനോമോഹനങ്ങളായ 'സീനുക'ളോടും ശോഭയേറിയ, ദീപപംക്തികളോടും, അനുസരണീയമായ അനവധി പ്രത്യേകചടങ്ങുകളോടും കൂടിയ ആ നാടകരംഗം യഥാർത്ഥമായ ലോകത്തിൽ നിന്നു വ്യത്യസ്തപ്പെട്ട് വളരെ അകന്നതായ ഒരു ദേവലോകം പോലെയാണ് അവൾക്ക് കാണപ്പെട്ടത്. ആ വിശേഷപ്പെട്ട ദേവലോകത്തിലെ രാജ്ഞിയുടെ സിംഹാസനത്തെ അലങ്കരിക്കുന്നതിനുള്ള പ്രാപ്തി തനിക്കുണ്ടെന്നും, അതു തീരെ അസാദ്ധ്യമായ സംഗതിയല്ലെന്നും അവൾ വിചാരിച്ചു. മദ്യപാനം നിമിത്തം വിവേചനാശക്തിയില്ലാതെ ഏതോ ഒരു ആട്ടക്കാരത്തിയെക്കുറിച്ചു ബഹുമാനപുരസ്സരം ആഘോഷമായി അഭിനന്ദനം ചെയ്യുന്ന ഉത്സാഹിയായ തന്റെ ഭർത്താവിനെ നാടകപ്പുരയിൽ കാഴ്ചക്കാരുടെ എടയിൽ ഒന്നാമതായി കണ്ട അവസരത്തിൽ ഗിരിബാലക്ക് അത്യന്തം വെറുപ്പു തോന്നുകയും, തനിക്കു നിർദ്ദാക്ഷിണ്യം ആ നീചമനസ്കനെ നിസ്സാരമായി പരിത്യജിക്കുന്നതിന്നു തക്കം ലഭിക്കുന്ന ഒരു ശുഭദിവസം ഉണ്ടാകണമേ എന്ന് അവൾ ഹൃദയപൂവ്വം ഈശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ അതിനുള്ള അവസരലാഭം അധികമധികം അസാദ്ധ്യമായി കാണപ്പെട്ടു. ഗോപിനാഥൻ സ്വഗൃഹത്തിൽ തീരെ ചെല്ലാറില്ലെന്നുതന്നെ ആയിത്തുടങ്ങി. ദുർവ്യാപാരങ്ങളാകുന്ന ഘോരമായ ഒരു മണൽചൂഴിക്കാറ്റ് എങ്ങോട്ടെന്നറിയാതെ അയാളെ അകറ്റിക്കൊണ്ടുപോയി.

മീനമാസത്തിൽ ഒരിക്കൽ, സന്ധ്യക്കുശേഷം പൂർണ്ണചന്ദ്രൻ പ്രപഞ്ചത്തെ മുഴുവൻ ശുഭമാക്കിത്തീർക്കുന്ന തൂനിലാവത്ത്, വെണ്ണനിറത്തിലുള്ള സാരി ഉടുത്ത് ഗിരിബാല സ്വഗൃഹത്തിന്റെ നിലാമുറ്റത്ത് ഇരിക്കുകയായിരുന്നു. ദിവസവും സർവ്വാഭരണവിഭൂഷിതയായി വല്ല കല്ല്യാണത്തിന്നും ഒതുങ്ങിനില്കുന്നതുപോലെ അണിഞ്ഞുനില്കുന്നതു ഗിരിബാലയ്ക്ക് അക്കാലത്ത് ഒരു പതിവായിത്തീർന്നിട്ടുണ്ടായിരുന്നു. വിലപിടിച്ചവയായ ആ ആഭരണങ്ങൾ, മദ്യപാനത്താൽ എന്നപോലെ, അവളിൽ മദത്തെ ഉണ്ടാക്കിയിരുന്നു. ആഭരണസമ്പർക്കം തന്റെ സൌന്ദയ്യശക്തിയെക്കുറിച്ചുള്ള ഉന്നതവും ദൃഢവും ആയ ഒരു ജ്ഞാനത്തെ അവളുടെ അവയവങ്ങൾക്കുണ്ടാക്കി. ശാഖകളിലെല്ലാം കുഡ്മളാങ്കുരങ്ങൾ പുറപ്പെടാറായിട്ടുള്ള വസന്തകാലത്തിലെ ഒരു ചെടിയെപ്പോലെ അവൾക്കു ദേഹമാസകലം ഒരു 'കിക്കിളി'യുള്ളതായി തോന്നി. വജ്രഖചിതങ്ങളായ വളകൾ അവളുടെ കൈകളെയും, മുത്തും ചുവപ്പു കല്ലും പതിച്ചതായ ഒരു കണ്ഠസരം അവളുടെ നീലവർണ്ണത്തിലുള്ള ഒരു അമൂല്യരത്നം പതിച്ചിട്ടുള്ള അവളുടെ എടത്തെ കയ്യിന്റെ ചെറുവിരലിനേയും ഉചിതമാകുംവണ്ണം അലങ്കരിച്ചിരുന്നു. ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/299&oldid=164737" എന്ന താളിൽനിന്ന് ശേഖരിച്ചത്