വില്ലും ശരവുമെടുത്ത് പുറപ്പെട്ടു തെല്ലും മടിയാതെ താനുമനുജനും. കാടകം പൂക്കൊരു നേരത്തു വന്നൊരു താടകയെക്കുല ചെയ്തു രഘൂത്തമൻ. സിദ്ധാശ്രമം പുക്കു നിൽക്കും വിധൗ തത്ര ബദ്ധാവലേപം മഖം മുടക്കീടുവാൻ വന്ന സുബാഹുപ്രമുഖവൃന്ദങ്ങളെ ക്കൊന്നുടൻ യാഗവും രക്ഷിച്ചു രാഘവൻ. ചെന്നങ്ങഹല്യക്കു മോക്ഷം കൊടുത്തുടൻ പിന്നെജ്ജനകന്റെ മന്ദിരം പ്രാപിച്ചു. ത്രൈയംബകം പള്ളിവില്ലങ്ങു തന്നുടെ കയ്യിലെടുത്തു കുലച്ചു മുറിച്ചുടൻ, സീതാവിവാഹവും ചെയ്തു മുദാ തന്റെ സോദരന്മാരും വിവാഹം കഴിച്ചിതു. മാർഗത്തെ വന്നു കടുത്തു തടുത്തോരു ഭാർഗവരാമനെ ക്ഷിപ്രം ജയിച്ചുടൻ സാകേതമന്ദിരം പുക്കുടൻ സീതയാ സാകം വസിച്ചു സുഖിച്ചു രഘൂത്തമൻ. ഭവ്യനായുള്ള ദശരഥപുത്രനു യൗവനരാജ്യാഭിഷേകവും ഭാവിച്ചു ദൈവബലേന മുടക്കിനാൾ കൈകേയി കൈവല്യശീലൻ പുറപ്പെട്ടു കാനനേ,- പ്രാപിച്ചു സൗമിത്രി സീതാസമേതനായ്.
ഭ്രപാലനന്ദൻ ഭ്രപൻ മഹാരഥൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.