താൾ:Malayala bhashayum sahithyavum 1927.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
33


ഗ്രന്ഥങ്ങൾ വഴിക്ക് സാഹിത്യഭാഷാസ്വരൂപം വ്യവസ്ഥപ്പെട്ടിട്ടുള്ളൂ. അങ്ങനെയു ള്ള ഭാഷകളിലാകട്ടെ സാഹിത്യത്തിലേക്കാൾ സംഭാഷണഭാഷയിലാണ് അതിന്റെ ആദികാലത്തുണ്ടായിരുന്ന രൂപങ്ങൾ അധികകാലം നിലനിന്നു വരുന്നത്. എന്തുകൊണ്ടെന്നാൽ സാഹിത്യഗ്രന്ഥകാരനു വൃത്തവും ശൈലിയും മററും ഒപ്പിച്ചുംകൊണ്ടു ഗ്രന്ഥങ്ങൾ നിൎമ്മിക്കാൻ ശബ്ദവിശേഷണങ്ങളെയും ശബ്ദരൂപഭേദങ്ങളെയും തേടിപ്പിടിക്കേണ്ടി വരുമ്പോൾ മുമ്പു സംസൎഗ്ഗം സിദ്ധിച്ച അന്യഭാഷകളിലെ പദങ്ങളും രൂപഭേദങ്ങളും ആവശ്യവും സൌകൎയ്യവും അനുസരിച്ചും ചിലപ്പോൾ അനാവശ്യമായിത്തന്നെയും ധാരാളം ചേൎക്കാൻ സംഗതി വരുന്നു. സംഭാഷണത്തിലാകട്ടെ, വൃത്തനിൎബന്ധം മുതലായ

വൈഷമ്യങ്ങളൊന്നുമില്ലാത്തതിനാലും ആ ഭാഷ മാതാപിതാക്കന്മാർ മുതലായ പൂൎവ്വികന്മാർ വഴിക്ക് അവർ സംസാരിക്കുന്ന രീതി അനുസരിച്ചുതന്നെ പരമ്പരയായി അഭ്യസിച്ചു വരുന്നതാകയാലും അതിന്റെ ഗതി പൂൎവ്വരൂപങ്ങളെത്തുടൎന്നുംകൊണ്ടുള്ള വിധത്തിലേ വരികയുള്ളൂ. അതുകൊണ്ടു കാലക്രമത്തിൽ അപൂൎവ്വമായി പദപ്രകൃതിഭാഗങ്ങൾക്കു ചില മാററം സംഭാഷണത്തിലും വന്നുചേരുമെന്നല്ലാതെ അന്യഭാഷയിലെ രൂപങ്ങൾ അനുസരിച്ചുംകൊണ്ടുള്ള രൂപഭേദം സംഭാഷണത്തിൽ കടന്നുകൂടുന്നതല്ല. മലയാളത്തിലെ സംഭാഷണഭാഷയിൽ പറഞ്ഞു, നിൽക്കുന്നു, വരും എന്നിങ്ങനെയല്ലാതെ ലിംഗപുരുഷവചനപ്രത്യയങ്ങൾ ചേൎന്നിട്ടുള്ള പറഞ്ഞാൻ, നിൽക്കുന്നേൻ, വരുവർ എന്നീ വക ക്രിയാപദരൂപങ്ങളും മററും തീരെയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/36&oldid=204305" എന്ന താളിൽനിന്ന് ശേഖരിച്ചത്