താൾ:Malayala bhashayum sahithyavum 1927.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
31

ന്നതിന്നുശേഷം ഒരു ഭാഷക്കുണ്ടാകുന്ന അന്യഭാഷാസംസൎഗ്ഗത്തിന് അതിലേ സാഹിത്യഭാഷയിൽ കടന്നുകൂടിപ്പെരുമാറുവാൻ വളരെ പ്രയാസവും ചില വേഷമാറ്റങ്ങൾ തന്നെയും വേണ്ടിവരുന്നതാ​ണ്. യാതൊരു വേഷമാറ്റവും വരുത്താതെ ചേൎക്കുന്നതായാൽ ആ ചേർപ്പ് മുറിയും കോളുമൊക്കാതെ പ്രത്യേകം മുഴച്ചിരിക്കുന്നവിധത്തിലേ വരികയുള്ളു. സംഭാഷണഭാഷയിൽ പുറപ്പെടാൻ റെഡിയായി എന്നും മറ്റും പ്രയോഗിക്കുന്നതുകൊണ്ടു വലിയ കോട്ടമൊന്നും തോന്നുന്നതല്ലെങ്കിലും സാഹിത്യഭാഷയിൽ 'പുറപ്പെടാൻ ഒരുങ്ങിയ'തായി പ്രയോഗിച്ചാലേ വേണ്ടടത്തോളം യോജിപ്പു തോന്നുകയുള്ളുവല്ലോ. അല്ലെങ്കിൽ സന്ദൎഭശുദ്ധി മതിയാവില്ലെന്നുമാത്രമല്ല, ചിലേടത്തു ഹാസ്യമോ ബീഭത്സമോ സ്ഫുരിക്കുകയും ചെയ്യും. ആ സംഗതിയിൽ വിപ്രതിപത്തിയുള്ളവർ "പുറപ്പെടാനഥ റെഡിയായി രാവണൻ, പുറപ്പെടാനുടനെയൊരുങ്ങി രാവണൻ" എന്ന പ്രയോഗങ്ങൾ തമ്മിലുള്ള ഔചിത്യാനൌചിത്യങ്ങൾ പരിശോധിച്ചു നോക്കിയാൽ മതി. അപ്പോൾ വാസ്തവസ്ഥിതി അനുഭവപ്പെടും. അതുകൊണ്ട് മേൽപ്പറഞ്ഞപ്രകാരം ഉത്തമഗ്രന്ഥങ്ങളാൽ സാഹിത്യഭാഷാസ്വരൂപം വ്യവസ്ഥപ്പെട്ടതിനുശേഷം വരുന്ന അന്യഭാഷാസംസൎഗ്ഗം കൊണ്ട് വരുന്ന കോലാഹലമെല്ലാം പ്രായേണ സംഭാഷണഭാഷയിലും രാജ്യഭരണം സംബന്ധിച്ചും മറ്റുമുണ്ടാകുന്ന നിയമങ്ങളിലും എഴുത്തുകുത്തുകളിലും മാത്രമായിരിക്കുന്നതേ മൎയ്യാദയാകയുള്ളു. ഇപ്പോൾ സാധാരണയായി തമിൾ എന്നു പറഞ്ഞുവരുന്ന ഭാഷ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/34&oldid=203913" എന്ന താളിൽനിന്ന് ശേഖരിച്ചത്