താൾ:Malayala bhashayum sahithyavum 1927.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
13

നേതരമുളളൂ. എന്നുമാത്രമല്ല അങ്ങനെ ഒരു മൂലഭാഷ ഉണ്ടായിരുന്നുവെന്നും, ആ മൂലഭാഷക്കുണ്ടായിരുന്ന പേരാണ് തമിൾ എന്നുളളതെന്നും, ഇക്കാലത്തു തമിൾ എന്നു പറഞ്ഞുവരുന്ന ഭാഷ ആ മൂലഭാഷയുടെ പല ശാഖകളിൽ ഒന്നുമാത്രമാണെന്നും ആ ശാഖാഭാഷയെ എല്ലാദ്രമിഡഭാഷകളുടേയും സാമാന്യവാചകമായ 'തമിൾ' എന്നപദംകൊണ്ടു നിർദ്ദേശിക്കുന്നത് സാമാന്യവാചകങ്ങൾക്കു വിശേഷത്തിൽ പ്രയോഗമുളളതനുസരിച്ചു മാത്രമാണെന്നും തെളിയിപ്പാൻ ചില ലക്ഷ്യങ്ങൾ തന്നെയുമുണ്ട്. ഒന്നാമതായി മലയാളഭാഷക്ക് 'മലനാട്ടുതമിഴെ'ന്നും കൎണ്ണാടകഭാഷക്കു 'കരിനാട്ടുതമിഴെ'ന്നും ചോളപാണ്ഡ്യനാടുകളിലെ ഭാഷക്കു ചോഴത്തമിഴെന്നും 'പാണ്ടിത്തമിഴെ'ന്നും പറഞ്ഞു വന്നിരുന്നതായി പഴയതമിൾഗ്രന്ഥങ്ങളിലും മലയാളഗ്രന്ഥങ്ങളിലും കാണുന്നതുകൊണ്ടുതന്നെ തമിൾ എന്നത് ദ്രമിഡഭാഷകൾക്കെല്ലാം പൊതുവായ പേരാണെന്നും വിശേഷത്തെ കാണിപ്പാനാണ് 'മലനാട്ടുതമിൾ' 'കരിനാട്ടുതമിൾ' എന്നമട്ടിൽ ഒാരോ വിശേഷണം ചേൎത്തു പറയുന്നതെന്നും ഉളളതു സ്പഷ്ടമാണ്. അങ്ങനെ പല ഭാഷകൾക്കും പൊതുവായി തമിൾ എന്നു പറയുന്നതു ശരിയാകണമെങ്കിൽ ആ ഭാഷകളെല്ലാം ഒരു മൂലഭാ‍ഷയുടെ പിരിവുകളാണെന്നും മൂലഭാഷക്കുണ്ടായിരുന്ന പേർകൊണ്ടുതന്നെ അതിന്റെ ശാഖാഭാഷകളെയും ആദ്യത്തിൽ വ്യവഹരിച്ചുവന്നതാണെന്നും തീൎച്ചപ്പെടുത്തുകയും വേണം. രണ്ടാമത് ഈ ഭാഷകളെ എല്ലാം

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/16&oldid=175398" എന്ന താളിൽനിന്ന് ശേഖരിച്ചത്