താൾ:Malayala bhashayum sahithyavum 1927.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
128


എന്നു സദസ്യരെ മനസ്സിലാക്കുകയും അവസാനത്തിൽ അന്നത്തെ കഥയിൽ ആദ്യം പ്രവേശിക്കുന്ന കഥാപാത്രത്തെ മുദ്ര കാട്ടി അറിയിച്ചുപോകയുമാണ് അതിൽ ചെയ്യുന്നത്. പല കഥകളി ഗ്രന്ഥങ്ങളിലും പുറപ്പാടിൽ ചൊല്ലുന്ന പദങ്ങളും അതാതു ഗ്രന്ഥകാരന്മാർ നിർമ്മിച്ചിട്ടുണ്ടായിരിക്കും. അതിൻെറ സ്വരൂപവും അർത്ഥവും പരിശോധിച്ചുനോക്കിയാലും ഈ സംഗതി മനസ്സിലാക്കാവുന്നതാണ്. നാടകത്തിലെ പ്രസ്താവനയിലും സംഗതികൾ ഇതു തന്നെയാണല്ലോ. എന്നാൽ ഈ വിഷയത്തിൽ കാലക്രമം കൊണ്ട് അല്പം ചില മാറ്റത്തിനിട വന്നിട്ടുണ്ട്. ആദ്യത്തിൽ പ്രവേശിക്കുന്ന കഥാപാത്രത്തിന്റ വേഷം പ്രായേണ പച്ച എന്ന തരത്തിൽ ഉൾപ്പെട്ടതാകകൊണ്ടും സൂത്രധാരന് അധികം വേലയില്ലാത്തതു കൊണ്ടും വേഷം കെട്ടുന്നതിനുള്ള പ്രയത്നത്തിന്റ ആധിക്യം കൊണ്ടും ആ കഥാപാത്രത്തിന്റ വേഷം ധരിച്ച ആൾ തന്നെ ആദ്യത്തിൽ സൂത്രധാരന്റെ ചടങ്ങുകൂടി കഴിച്ചാൽ മതി എന്നുവെച്ച് സൌകര്യം മാത്രം നോക്കി അപ്രകാരം ചെയ്തു തുടങ്ങി. ആ വഴിക്കു സൂത്രധാരന്റെ പ്രവേശമായ പുറപ്പാടിന്ന് അംബരീഷന്റെ പുറപ്പാട്, ശ്രീകൃഷ്ണന്റെ പുറപ്പാട് എന്നൊക്കെപ്പറവാൻ ഇടയും വന്നുകൂടി. കഥാപാത്രത്തിന്റെ പ്രവേശത്തിൽ വേണമെന്നു വെച്ചിട്ടുള്ള ശംഖും ആലവട്ടവും മേലാപ്പും എല്ലാം സൂത്രധാരന്റെ പ്രവേശത്തിലായിത്തീരുകയും ചെയ്തു. അന്ധപരമ്പരവഴിക്ക് ഇങ്ങനെ ഒരു കോട്ടം തട്ടിയിട്ടുണ്ടെങ്കിലും പുറപ്പാടിന്റെ ചടങ്ങുകൾ ആ വേഷം സൂത്രധാരനെന്ന് ഈ കാലത്തും സ്പഷ്ടമാക്കാതിരിക്കുന്നതുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/131&oldid=151876" എന്ന താളിൽനിന്ന് ശേഖരിച്ചത്