താൾ:Malabhari 1920.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൭

വൾ എന്തപരാധംചെയ്തു! ഇത്തരം നിഷ്ഫലവും, ദുഖമയവുമായ ജീവിതങ്ങൾ സംഖ്യയില്ലാതെ ചുമന്നു് വിഷമിക്കുന്നതിനു് സമുദായം എന്തപരാധം ചെയ്തു!

ബാല്യവൈധവ്യത്തിൽ നിന്നു ദുർവിചാരങ്ങളും ദുഷ്ക്രിയകളും ഗൂഢമാർഗ്ഗേണ പരന്നു നിറഞ്ഞു് സമുദായത്തെ പല രീതിയിലും ദുഷിപ്പിക്കുന്നുണ്ടു്. ശൈശവവിവാഹമാകട്ടെ സമുദായത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഒരു ബാലയിൽ ജാതനാകുന്ന സന്താനം എങ്ങിനെ അരോഗദൃഢഗാത്രനാകും ! അച്ഛനമ്മമാർ ഉള്ളിണങ്ങിയവരും പ്രായചേർച്ചയുള്ളവരുമല്ലെങ്കിൽ, അമ്മ ശിശു സംരക്ഷണത്തിൽസമർത്ഥയല്ലെങ്കിൽ, മക്കളെല്ലാം ശരീരത്തിനും മനസ്സിനും തെല്ലുമുറപ്പില്ലാത്തവരായിട്ടേ തീരുകയുള്ളു. ഭാരതഭൂമിയിൽ ധൈര്യവും സ്ഥൈര്യവും ക്ഷയിച്ചുപൊയതും, ഭീരുക്കളും ദുർബലന്മാരും ഇത്രയും നിറഞ്ഞതും ഈ ശൈശവവിവാഹം കൊണ്ടാണു്. ജീവിതയുദ്ധത്തിൽ അമിതപരാക്രമികളായ ഭടന്മാർ കൂടിയും കുടുംബഭരണത്തിൽ തോറ്റുപോകാറുണ്ടു്. ഇങ്ങിനെയിരിക്കേ, ലോകമെന്തെന്നറിഞ്ഞിട്ടില്ലാത്ത ബാലികാ ബാലന്മാർ ദാമ്പത്യബദ്ധരായി കുടുംബഭാരം വഹിക്കുമാറായാൽ അവരിൽ നിന്നു് സമുദായം എന്തുഗുണമാണു് പ്രതീക്ഷിക്കുവാനുള്ളതു്!

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/106&oldid=152516" എന്ന താളിൽനിന്ന് ശേഖരിച്ചത്