Jump to content

താൾ:Kundalatha.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭിഷേകത്തിന്നു നിശ്ചയിച്ച ദിവസം വന്നപ്പോഴേക്കു് വൈദികന്മാർ, കർമ്മികൾ , പുരോഹിതന്മാർ, അഗ്നിഹോത്രികൾ,സോമയാജികൾ മുതലായ മഹാബ്രാഹ്മണരും അനവധി ജനങ്ങളും എത്തിക്കൂടി. മുഹൂർത്തസമയത്തു് പ്രതാപചന്ദ്രനെയും ഇടത്തുഭാഗത്തു് സ്വർണ്ണമയീദേവിയേയും സിംഹാസനങ്ങളിന്മേൽ ഇരുത്തി, വളരെ മന്ത്രങ്ങളെക്കൊണ്ടു് പരിശുദ്ധമായ ജലത്തെ അവരുടെ തലയിൽ അഭിഷേകംചെയ്കയും പുരോഹിതൻ അവരുടെ പരദേവതയെക്കുറിച്ചു് ചില മന്ത്രങ്ങൾ അവർക്കു് ഉപദേശിക്കുകയും കിരീടം തലയിൽ വെക്കുകയും ചിത്രരഥമഹാരാജാവു് രാജ്യഭരണചിഹ്നമായ വാൾ പുത്രന്റെ പക്കൽ ഏല്പിച്ചുകൊടുക്കയും മററും ക്രിയകൾ വഴിപോലെ കഴിഞ്ഞു. അന്നു വൈകുന്നേരംതന്നെ യുവരാജാവും രാജ്ഞിയുംകൂടി നഗരപ്രവേശംചെയ്തു. കലിംഗരാജാവിന്റെ പ്രധാനനഗരത്തിൽ രാജവീഥി എന്നുപേരായി വളരെ വിസ്തീർണ്ണമായ ഒരു വീഥിയുണ്ടു്. രാജധാനിയുടെ വടക്കെ ഗോപുരത്തുടെ പുറത്തേക്കു കടന്നാൽ ആ വീഥിയിലേക്കാണു് ചെല്ലുക. ആ വീഥി ഏകദേശം ഒരു കലച്ചവില്ലിന്റെ ആകൃതിയിൽ രാജധാനിയുടെ കിഴക്കുപുറത്തുകൂടി തെക്കെ ഗോപുരത്തിലോളം ഉണ്ടു്. നഗരവാസികൾ ആ വീഥിയെ അതിമനോഹരമായി അലങ്കരിച്ചു് ദീപങ്ങളെക്കൊണ്ടു് പ്രകാശിപ്പിച്ചിരുന്നു. ഭാവങ്ങളുടെ മുൻഭാഗം കലവാഴകളെക്കൊണ്ടും ഈന്തിൻ പട്ടകളെക്കൊണ്ടും കുരുത്തോലകളെക്കൊണ്ടും ചുവപ്പുശീലകളെക്കൊണ്ടും വളരെ കൗതുകമാകുംവണ്ണം അലങ്കരിച്ചിരുന്നതിനുപുറമെ, വീഥിയിൽ വിലങ്ങനെ വളരെ തോരണങ്ങൾ തൂക്കുകയും ഇടയ്ക്കിടയ്ക്കു് 'യുവരാജാവും രാജ്ഞിയും ജയിക്കട്ടെ', ' പ്രതാപചന്ദ്രനേയും സ്വർണ്ണമയീദേവിയേയും ദൈവം കടാക്ഷിക്കട്ടെ' യുവരാജാവും രാജ്ഞിയും ദീർഘായുസ്സായിരിക്കട്ടെ' എന്നീവിധം ആശീർവ്വാദങ്ങൾ, വലിയ അക്ഷരങ്ങളായി വെള്ളശ്ശീലകളിൽ കസവുകൊണ്ടുതുന്നിപ്പിടിപ്പിച്ചു്, എല്ലാവരും കാണുമാറു് സൗധാഗ്രങ്ങളിലും സ്തംഭങ്ങളിന്മേലും, വീഥിയിൽ പലേടങ്ങളിലും വെച്ചുകെട്ടി ഉണ്ടാക്കിയ കമാനങ്ങളിന്മേലും പതിച്ചിട്ടുമുണ്ടായിരുന്നു. അസ്തമനശേഷം ഉത്തരഗോപുരത്തൂടെ എഴുന്നരുളത്തു്പുറപ്പെട്ടു.ആ മഹോത്സവം കാണ്മാൻവേണ്ടി വിശേഷവസ്ത്രങ്ങളും കുറികളും ധരിച്ചു മോടിയോടുകൂടി വന്നിരുന്ന അനവധി ജനങ്ങൾ എല്ലാററിലും മുമ്പിൽ തിക്കിത്തിരക്കി നടക്കുന്നു. അവരുടെ വഴിയെ തിരക്കൊഴിപ്പാനായി അശ്വാരൂഢന്മാരായ ഭടന്മാർ പലരും അങ്ങുമിങ്ങും നടന്നു് തങ്ങിനിൽക്കുന്ന പുരുഷാരത്തെ ക്രമേണ മുന്നോട്ടു തള്ളി

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/43&oldid=163046" എന്ന താളിൽനിന്ന് ശേഖരിച്ചത്