താൾ:Kundalatha.djvu/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വന്ദനത്തെ കാണിപ്പാൻ രണ്ടു മൂന്നു പ്രാവശ്യം തല കുമ്പിട്ടു അഘോരനാഥനും യുവരാജാവും ഒരുമിച്ച് സഭയുടെ വലത്തു ഭാഗത്ത് അലങ്കരിച്ചുവച്ചിരിക്കുന്ന ആസനങ്ങളിമേൽ കുന്ദലതക്ക് അഭിമുഖനായി ഇരിക്കുകയും ചെയ്തു.

മുഹൂർത്തത്തിനു രണ്ടു വിനാഴികകൂടി ഉണ്ടായിരുന്നതിനാൽ, താരനാഥനും കുന്ദലതയും തങ്ങളുടെ പാണിഗ്രഹണമഹോൽസവത്തെ കാണ്മാൻ വന്നവരായ മഹാജനങ്ങളെ നോക്കി വിസ്മയിച്ചുകൊണ്ടും അവരുടെ നേത്രാവലിയെ തങ്ങളുടെ രൂപമാധുര്യത്താൽ കുളിർപ്പിച്ചുകൊണ്ടും ഇരുന്നു. ആ മഹാജനങ്ങളും കുന്ദലതാ താരനാഥന്മാരുടെ സൗഭാഗ്യത്തെയും ദമ്പതിമാരാകാൻ പോകുന്ന അവരുടെ അന്യാന്യമുള്ള ചേർച്ചയെയും മറ്റു് ഗുണങ്ങളെയും കുറിച്ചു വളരെ കൊണ്ടാടി സ്തുതിക്കുകയുംചെയ്യ്തു.

മുഹൂർത്തസമയത്തു പുരോഹിതൻ അഗ്നിസാക്ഷിയായി താരാനാഥനും കുന്ദലതയും തമ്മിൽ പാണിഗ്രഹണം ചെയ്യിച്ചു. അപ്പോൾ തന്നെ പുറത്തുനിന്ന് പല മംഗളശബ്ദങ്ങവും മുഴങ്ങി. മേഘനിസ്വനം പോലെ അതിഗംഭീരമായ ശംഖദ്ധ്വനി എല്ലാറ്റിനും ഉച്ചത്തിൽ കേൾക്കുമാറായി. എല്ലാ ജനങ്ങൾക്കും ആ അവസ്ഥയുടെ ഗൗരവം നല്ലവണ്ണം മനസിൽ തോന്നി. മുമ്പു തന്നെ ഹൃദയങ്ങൾ തമ്മിൽ ഐക്യം പ്രാപിച്ചിട്ടുള്ള ആ സ്ത്രീപുരുഷൻമാർക്ക് ഈ ലൗകികമായ പാണിഗ്രഹണം എന്ന മംഗലക്രീയകൊണ്ട് അല്പ്പം പോലും അധികമായ ഒരു സംബന്ധം ഉണ്ടാവാനില്ല. എങ്കിലും അവർ ലോകമര്യാദയെ അനുസരിച്ച് അന്യോന്യം പാണിഗ്രഹണം ചെയ്തു നിൽക്കുമ്പോൾ അവർ പ്രാപിച്ചിരിക്കുന്ന ആ നിരന്തരമായ സംബന്ധത്തിന്റെ ഗൗരവം മുഴുവനും അവർക്ക് അനുഭവമായി. ആ സമയം അന്തരംഗത്തിൽ താങ്ങിവിങ്ങുന്നതായി പലവിധ വികാരം ഹേതുവായി പുളകിതമായിരിക്കുന്ന ഗാത്രങ്ങളോടും അല്പം ഉന്നമ്രമായിരിക്കുന്ന വദനാരവിന്ദങ്ങളോടും കൂടി പരസ്പരം പാണിഗ്രഹണം ചെയ്തുകൊണ്ട് നിൽക്കുന്ന ആ ദമ്പതിമാരുടെ ത‌ലയിൽ പലപ്രാവശ്യം പുഷ്പവൃഷ്ട്ടി ചെയ്യുകയും, ശംഖനാദം പിന്നേയും പിന്നേയും മുഴക്കുകയും കാണികൾ പലവിധമായ മംഗളവാദ്യങ്ങളെ ഘോഷിക്കുകയും ചെയ്തു.

പാണിഗ്രഹണം കഴിഞ്ഞ് അഗ്നികുണ്ഠത്തെയും സഭയിൽ അഗ്രാസനാസീനന്മാരായ യോഗ്യന്മാരെയും പ്രദക്ഷിണം ചെയ്ത ശേഷം ആ ജയാപതിമാരായ യുവാക്കളെ മഹാരാജാവും കപിലനാഥനും മറ്റും ആശിർവാദം ചെയ്തു.പിന്നെ പലവിധ വാദ്യഗാനങ്ങളോടും മഹാജനങ്ങൾ ജയ ശബ്ദംഘോഷിച്ചുകൊണ്ടും കുന്ദലതയും താരനാഥനും രണ്ടു പുറത്തും ഉറ്റുനിൽക്കുന്ന പട്ടണവാസികൾ കാൺകെ രാജധാനിയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/129&oldid=54314" എന്ന താളിൽനിന്നു ശേഖരിച്ചത്