താൾ:Kundalatha.djvu/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രതാപചന്ദ്രൻ: (സംശയം തീരായ്‌കയാൽ) 'രാമദാസ ! നീ തന്നെയോ വൈരാഗിവേഷം ധരിച്ചു വന്നതു്?' എന്നു ചോദിച്ചു.

രാമദാസൻ: വളരെ പണിപ്പെട്ടു് 'അതെ 'എന്നു സമ്മതിച്ചു.

പ്രതാപചന്ദ്രൻ: എന്റെ സംശയം തീർന്നു. സൈകതപുരിയിലാണു് ഇവനെ ആദിയിൽ കണ്ടെത്തിയതു്. അവിടെ നഷ്ടപ്രശ്നംകൊണ്ടു് പലരേയും വിസ്‌മിയപ്പിച്ചിട്ടാണത്രെ രാജധാനിയിലേക്കു വന്നതു്.

രാമദാസൻ: ഞാൻ വേഷച്ഛന്നനായിരുന്നു എന്റെ വീട്ടിൽത്തന്നെയാണു് ഒന്നാമതു ചെന്നത്. സമീപം ആളുകളേയും സ്ഥലങ്ങളേയും എനിക്കു നല്ല പരിചയമുണ്ടാകയാൽ ഞാൻ നഷ്ടം പറഞ്ഞതു മിക്കതും ശരിയായി. എല്ലാവരും ഞാൻ ഒരു ദിവ്യൻ തന്നെയാണെന്നു തീർച്ചയാക്കി, പല വീടുകളിൽനിന്നും എനിക്കു ഭിക്ഷയും ദക്ഷിണയും മറ്റും ഉണ്ടായി. ആ വിധം ഉപജീവനമായവർ‌ക്കും നാൾ കഴിപ്പാൻ ഒട്ടും സ്വല്ലയില്ലെന്നും തോന്നി.

അഘോരനാഥൻ: 'വിശേഷതസ്സർവവിദാംസമാജെ വിഭൂഷണം മൗനപപണ്ഢിതനാം' എന്ന സുഭാഷിതന്റെ സാരം ഗ്രഹിക്കുകയാലായിരിക്കുമോ, രാമദാസൻ മൗനവ്രതം അനുഷ്ഠിക്കുവാൻ തീർച്ചയാക്കിയതു്?

പ്രതാപചന്ദ്രൻ: കഷ്ടം! വിശിഷ്ടനായ ഒരു വൈരാഗിയാണെന്നല്ലെ ഞാൻ വിശ്വസിച്ചതു്? ആളുകളെ ചതിക്കുവാൻ ഇത്രഎളുപ്പമുണ്ടല്ലോ! അത്ഭുതം! എല്ലാ വൈരാഗിമാരും ഇങ്ങനാത്തവരല്ലെന്നാരറിഞ്ഞു!

കപിലനാഥൻ: ഞങ്ങൾക്കെല്ലാവർക്കുംകൂടി ഇങ്ങോട്ടു വരേണ്ടതിനു വിരോധമുണ്ടോ എന്നു തീർച്ചയാക്കേണ്ടതിലേക്കു് ഇവിടുത്തെ വിവരങ്ങൾ മുഴുവനും അറിയേണ്ടതു് ആവശ്യമാകയാൽ രാമദാസനെ ഇങ്ങോട്ടു് അയച്ചതാണു്. എന്റെ ഗുഢവാസം പ്രസ്താവമാവാതെ കഴിവാൻ വേണ്ടി, അവന്റെ യുക്തംപോലെ വേഷം മാറ്റി പോകേണമെന്നു് രാമദാസനോടു് പറഞ്ഞിട്ടുണ്ടായിരുന്നു. വേഷം മാറിയനിലയിൽ അവന്നു് അഘോരനാഥനോടു സ്വകാര്യമായി സംസാരിപ്പാൻ തക്കം കിട്ടേണ്ടതിനു് ഉപകാരമായിത്തീരുമെന്നു് രാമദാസൻ പറകയാൽ അവന്റെ ആവശ്യപ്രകാരം ആ ഓല ഞാൻ എഴുതിക്കൊടുത്തു.

അഘോരനാഥൻ: ആ എഴുത്തു ഞാൻ കണ്ട ഉടനെ വൈരാഗിയെ കണ്ടുപിടിക്കുവാൻ പല ദിക്കിലേക്കും ആളെ അയച്ചു. അപ്പോഴേക്കു് രാമദാസൻ എന്നെ കാണ്മാൻ ഇങ്ങോട്ടുതന്നെ വന്നു. അതും വേഷപ്രച്ഛന്നനായിട്ടാകയാൽ ഇവിടെ മറ്റാർക്കും അവനെ അറിവാൻ കഴിഞ്ഞതുമില്ല.

കപിലനാഥൻ‌: ഞാൻ താമസിച്ചിരുന്ന വനത്തിനു സമീപം ഉള്ള ധർ‌മപുരി എന്ന ഗ്രാമത്തിൽനിന്നു് ഒരു വഴിപോക്കനെ കണ്ടു സംസാരിച്ചപ്പോഴാണു് പ്രതാപചന്ദ്രനു വിവാഹം നിശ്ചയിച്ചിരിക്കുന്നൂ എന്നറിഞ്ഞത്.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/118&oldid=163000" എന്ന താളിൽനിന്ന് ശേഖരിച്ചത്