താൾ:Kundalatha.djvu/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊളുത്തി, അതിനരികെ എന്റെ ഒരു ഉത്തരീയവസ്ത്രവും, ചില താക്കോലുകളും , എന്റെചില കത്തുകളും വലിച്ചെറിഞ്ഞിട്ടുണ്ടായിരുന്നതിനാൽ ആ എഴുത്തിൽ കണ്ടപ്രകാരം ഞാൻ ആത്മഹത്യ ചെയ്തിരിക്കുന്നു എന്നു് ജനങ്ങൾ വിശ്വസിച്ചതായിരിക്കണം.

സ്വർണമയി: അച്ഛൻ ഞങ്ങളെ എല്ലാവരെയും വെടിഞ്ഞു. കാട്ടിൽ ഏകാന്തമായ സ്ഥലത്തു പാർക്കുമ്പോൾ ചിലപ്പോഴേങ്കിലും ഞങ്ങളെ വിച്ചാരിച്ചു വ്യസനിക്കുകയില്ലെ?

കപിലനാഥൻ: ആ ഒരു വലിയ വ്യസനത്തിനു പുറമെ ആദിയിൽ എനിക്കു വേറെയും വ്യസനകാരണങ്ങൾ ഉണ്ടായിരുന്നു. ഘോരവനം-ഞാനും പാർ‍‍‍വതിയും രാമദാസനും-കരഞ്ഞുകൊണ്ടു് കുന്ദലത എന്റെ കൈയിലും-വേറെ സമീപം മനുഷ്യർ ആരും ഇല്ലാതെയും, അങ്ങനെയുള്ള സ്ഥിതിയിൽ ചോർച്ചകൂടാതെ ഒരു ചെറിയ പുര വെച്ചുകെട്ടിയുണ്ടാക്കുന്നതുവരെ ഞങ്ങൾക്കെല്ലാവർക്കും വ്യസനവും ഭയവുമുണ്ടായി.

കുന്ദലത: കഷ്ടം ! ഞാൻ അപ്പോൾ അച്ഛനെ എത്ര ബുദ്ധിമുട്ടിച്ചിട്ടുണ്ടായിരിക്കും.

കപിലനാഥൻ: അങ്ങനെയല്ലെ! കുന്ദലത എന്റെ പരിതാപപ്രശമനത്തിനു് ഒരു സിദ്ധൗഷധമായിരുന്നു- എന്റെ ജീവധാരണത്തിനു് ഏകകാരണമായിരുന്നു- കുന്ദലതയുടെ മന്ദസ്മിതങ്ങൾ എനിക്കു ധൈര്യവർദ്ധനങ്ങൾ- കുന്ദലതയുടെ കളവചനങ്ങൾ എനിക്കു് ആമോദദായകങ്ങൾ- ഇങ്ങനെയാണു് കഴിഞ്ഞു വന്നിരുന്നതു്. കുന്ദലത എന്റെ ഒരുമിച്ചുണ്ടായിരുന്നില്ലെങ്കിൽ, ഞാൻ എഴുതിവെച്ചു പോയിരുന്നപ്രകാരം ചെയ്‌വാൻതന്നെ സംശയിക്കില്ലായിരുന്നു-ഞാൻ പോകുന്നതു് ആരെയും അറിയിച്ചിട്ടില്ലെന്നില്ല. മരിച്ചിട്ടില്ലെന്നുമാത്രം അഘോരനാഥനെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇന്ന ദിക്കിലാണെന്നും മററും വിവരം ഈയിടെയാണു് അറിയിച്ചതു്.

അഘോരനാഥൻ: യുവരാജാവിനു് അഭിഷേകമുണ്ടായതിന്റെ അല്പം മുമ്പായി ഒരു വൈരാഗി വന്നിരുന്നതു് ഈ രാമദാസനായിരുന്നു. അവൻ ഇവിടെ കൊടുത്ത എഴുത്തു കണ്ടപ്പോൾ തന്നെ എനിക്കു ജ്യേഷ്ഠന്റെ കൈയക്ഷരമാണെന്നു സംശയം തോന്നി.

ഇതു കേട്ടപ്പോൾ എല്ലാവരും വളരെ വിസ്മയിച്ചു. രാമദാസൻ പുഞ്ചിരിച്ചുകൊണ്ടു തല താഴ്ത്തി.

സ്വർണമയി: അതത്രയും ഭോഷ്ക്കാണെന്നു ഞാൻ അന്നുതന്നെ പറയുകയുണ്ടായി. എന്റെ അച്ഛനെക്കുറിച്ചു പറഞ്ഞതു് എങ്കിലും ഞാൻ വിശ്വസിച്ചില്ലല്ലോ, കഷ്ടം! നഷ്ടപ്രശ്നം പറഞ്ഞതു് ഇത്ര സൂക്ഷ്മമായി ഒക്കുക ഇതിൽകീഴിൽ ഉണ്ടായിട്ടില്ല, അമ്പത്തു നാലു വയസ്സ്! ഹാ! എത്ര കൃത്യം!

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/117&oldid=162999" എന്ന താളിൽനിന്ന് ശേഖരിച്ചത്