താൾ:Kulastreeyum Chanthapennum Undayathengane.djvu/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വല്ലോ. അതിൽ വിവരിച്ചതിലധികം ശ്രമകരമായ ജോലികൾ ചെയ്തിരുന്ന ദരിദ്രസ്ത്രീകൾ ഈ നാട്ടിൽ ധാരാളമുണ്ടായിരുന്നു. തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിൽ ചുമടെടുത്ത് കഴിഞ്ഞിരുന്ന സ്ത്രീകൾ അക്കാലത്തുണ്ടായിരുന്നു. വിദൂരസ്ഥലങ്ങളിൽനിന്ന് വലിയ ചാക്കുകളിൽ നെല്ലുചുമന്ന് ചാലയിലെത്തി വിൽപന നടത്തിയിരുന്ന സ്ത്രീകളുണ്ടായിരുന്നു. തിരുവനന്തപുരത്തെ കിഴക്കൻ മലയോരപ്രദേശങ്ങളിൽനിന്ന് ഭാരമേറിയ പുൽക്കെട്ടുകൾ തലച്ചുമടായി വഹിച്ച് നഗരത്തിൽവന്ന് കച്ചവടം ചെയ്തിരുന്ന കീഴാളസ്ത്രീകൾക്ക്, പക്ഷേ, ആ ചുമട് നിലത്തുവച്ചു കച്ചവടം ചെയ്യാൻ അനുമതിയില്ലായിരുന്നു. ഇതിനെതിരെ ശ്രീമൂലം പ്രജാസഭയിൽ അധഃസ്ഥിതരുടെ പ്രതിനിധിയും തിരുവിതാംകൂറിലെ കീഴാളരുടെ നേതാവും ഗുരുവുമായിരുന്ന പൊയ്കയിൽ അപ്പച്ചൻ (യോഹന്നാൻ) 1930കളിൽ ശബ്ദമുയർത്തിയതിനെത്തുടർന്നാണ് പുൽക്കെട്ടു നിലത്തിറക്കിവച്ചു കച്ചവടം ചെയ്യാനുള്ള അനുമതി കീഴാളസ്ത്രീകൾക്കു ലഭിച്ചത്. > കാണുക പുറം 40 < പുരുഷന്റെയൊപ്പം പേശീബലമില്ലെങ്കിലും കായികമായ സഹനശക്തി, തീർച്ചയായും ഈ സ്ത്രീകളിൽ കുറവായിരുന്നില്ല. അവർക്ക് ശരീരശക്തി കുറവായിരുന്നുവെന്നു പറയാനും എളുപ്പമല്ല - നെൽച്ചാക്കും തലയിൽവഹിച്ച് അനേകം കാതം നടന്ന് ചന്തയിൽ പോകാൻ ശരീരശക്തികൂടാതെ പറ്റില്ലല്ലോ. എന്തായാലും വെയിലേറ്റ ചീരത്തണ്ടുപോലെ വാടിക്കുഴയുന്ന ദേഹമല്ലായിരുന്നിരിക്കണം, ഇവരുടേത്! ദേവകിയമ്മയുടെ സ്ത്രീത്വാദർശം മേലാളമൂല്യങ്ങളിൽ പങ്കുചേരുന്നവയാണ് എന്ന് നിസ്സംശയം പറയാം. ദേഹാദ്ധ്വാനംകൊണ്ടു ജീവിക്കുന്ന സ്ത്രീകൾ, കായികശേഷി പ്രകടിപ്പിക്കുന്ന സ്ത്രീകൾ - ഇവരെല്ലാം ദേവകിയമ്മയുടെ സ്ത്രീത്വാദർശത്തിനു പുറത്താണ്! ഇതേകാലത്തുതന്നെ സ്ത്രീകൾക്കു പുരുഷന്മാരെപ്പോലെ സാമൂഹ്യജീവിതത്തിലും പൊതുരംഗത്തും ഇറങ്ങി പ്രവർത്തിക്കാൻ കഴിവുണ്ടെന്നു വാദിച്ച മറ്റു ലേഖകരുമുണ്ടായിരുന്നു - എന്നാൽ അവരും 'സ്ത്രീത്വ'ത്തിന്റെ സവിശേഷതയ്ക്ക്, വ്യവസ്ഥയ്ക്ക്, പ്രത്യേകമൂന്നൽ നൽകുകതന്നെ ചെയ്തു.

'ദയ, സ്നേഹം, ക്ഷമ' - ഇവയൊക്കെ സ്ത്രീസഹജഗുണങ്ങളാണെന്നാണ് ദേവകിയമ്മയും മറ്റുപലരുമെഴുതിയത്. വികാരങ്ങൾ - പ്രത്യേകിച്ച് മൃദുലവികാരങ്ങൾ - പൊതുവെ സ്ത്രീയുടെ സഹജവാസനയെ നിർണ്ണയിക്കുന്നുവെന്നു പറയുന്നതുകൊണ്ടുള്ള പരോക്ഷഫലമെന്താണ്? പൊതുവെ യുക്തിയുടെ ലോകത്തെ ഒന്നടങ്കം പുരുഷന്മാർക്കു തീറെഴുതിക്കൊടുക്കുന്നതിനു സമമാണിത്! ഇന്ന് കേരളത്തിലെ ബൗദ്ധികജീവിതത്തിൽ നാം കാണുന്ന ചില പ്രത്യേകതകളുടെ വേരുകൾ ഇത്തരം ധാരണകളിലല്ലേ എന്നു സംശയിച്ചുപോകുന്നു. പൊതുവെ സാഹിത്യം വികാരങ്ങളുടെ ഉൽപന്നമായാണ് കണക്കാക്കപ്പെടുന്നത് - കേരളത്തിലെ എഴുത്തികാരികളിലധികംപേരും സാഹിത്യരംഗത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. സാഹിത്യേതരരംഗങ്ങളിൽ സ്ത്രീകൾ പൊതുവെ കുറവാണ്: നിരൂപണം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം ഇതെല്ലാം പുരുഷന്മാരുടെ മേഖലകളാണ്. പൊതുവെ യുക്തി, ലോകപരിചയം, ഇവ ആവശ്യപ്പെടുന്ന ബൗദ്ധികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളെ 'പൗരുഷക്കാരി'കളായി എണ്ണുന്ന സമൂഹമാണിത്.

പുരുഷന്മാരുടേതായ പല മേഖലകളിലും കടന്നുചെല്ലാൻ 1920കൾക്കുശേഷം അഭ്യസ്തവിദ്യരായ സ്ത്രീകൾ ശക്തമായ ശ്രമങ്ങൾ ആരംഭിച്ചുവെങ്കിലും ആൺ-പെൺ വ്യത്യസ്തതയിലൂന്നിയ ഈ ലിംഗമാതൃകയെ അവർ കൈവെടിഞ്ഞില്ല. ആത്മനിയന്ത്രണത്തിലൂടെ സ്വന്തം കുടുംബത്തെ 'സൗമ്യമായ അധികാരത്തിലൂടെ' ഭരിക്കാൻ (അതായത്, സ്നേഹിച്ചും ശാസിച്ചും നേർവഴി നടത്തിക്കാനുള്ള അധികാരത്തിലൂടെ - ശിക്ഷിച്ചും താഡിച്ചും ഭരിക്കാനുള്ള അധികാരത്തിൽനിന്ന് ഇത് വ്യത്യസ്തമാണ്) സവിശേഷമായ കഴിവാണല്ലൊ പുതിയ സ്ത്രീദർശനം സ്ത്രീക്കു കൽപ്പിച്ചത്. ഈ കഴിവ് കുടുംബത്തിനുപുറത്തും ഏറ്റവും പ്രസക്തമാണെന്ന് അഭ്യസ്തവിദ്യരായ ഈ സ്ത്രീകൾ - കേരളീയ സ്ത്രീവാദികളുടെ ആദ്യതലമുറ - വാദിച്ചു. അതായത് വീട്ടിൽ മാത്രമല്ല, പൊതുസ്ഥാപനങ്ങളിലും (വിദ്യാലയം, ആശുപത്രി, ഭരണസ്ഥാപനങ്ങൾ, കോടതികൾ, നിയമനിർമ്മാണസഭകൾ, ക്രമസമാധാനപാലന സ്ഥാപനങ്ങൾ) സ്ത്രീയുടെ 'സൗമ്യാധികാരം' ഫലപ്രദമായ ഭരണത്തിനുതകുമെന്നായിരുന്നു ഇവരുടെ അഭിപ്രായം. വിവാഹം കഴിക്കാതെയും പ്രസവിക്കാതെയും സ്ത്രീകൾക്ക് ഈ അധികാരം വിനിയോഗിക്കാമെന്ന സൂചന ഈ വാദത്തിലുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. പക്ഷേ, 'ആത്മനിയന്ത്രണ'ത്തിലൂടെ മാത്രമേ സ്ത്രീക്ക് തനിക്കു സഹജമെന്നു പറയപ്പെട്ട 'സൗമ്യാധികാര'ത്തെ പുറത്തെടുക്കാനാവൂ. അതുകൊണ്ടുതന്നെ, തന്റെമേൽ കടുത്ത നിയന്ത്രണങ്ങൾ സ്വയമേൽക്കുന്ന സ്ത്രീ മാത്രമേ ഉത്തമസ്ത്രീയാകൂ എന്ന ധാരണയെ കുറച്ചുകൂടി ഉറപ്പിക്കാൻ ആദ്യകാല സ്ത്രീവാദികളുടെ മേൽവിവരിച്ച അവകാശവാദം സഹായിച്ചു. 'സ്ത്രീയുടെ സഹജമായ കഴിവാ'ണിതെന്നമട്ടിലാണ് ആദ്യകാല സ്ത്രീവാദികളും ഇതിനെ അവതരിപ്പിച്ചത്. 1916ൽ 'സരോജിനി' എന്ന തൂലികാനാമത്തിൽ പ്രത്യക്ഷപ്പെട്ട ലേഖനത്തിൽ

78

'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/78&oldid=162955" എന്ന താളിൽനിന്ന് ശേഖരിച്ചത്