താൾ:Kulastreeyum Chanthapennum Undayathengane.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എന്നുവേണം പറയാൻ. വരേണ്യസ്ത്രീകൾക്ക് ഭാരിച്ച ഗാർഹിക ഉത്തരവാദിത്വങ്ങളുമുണ്ടായിരുന്നു. കീഴാളസ്ത്രീകളുടെ നിലകൂടി പരിഗണിച്ചാൽ 'സ്ത്രീസ്വാതന്ത്ര്യത്തെ പരമ്പരാഗതമായിത്തന്നെ പ്രാത്സാഹിപ്പിച്ചവർ' എന്ന ഖ്യാതിയൊന്നും നമുക്കവകാശപ്പെടാനില്ലെന്നും വ്യക്തം!

എങ്കിലും കേരളത്തിന്റെ ഈ പേര് ഇന്നും നിലനിൽക്കുന്നുണ്ട്, പലയിടങ്ങളിലും. കേരളത്തിലെ സാമൂഹികവികസനത്തെക്കുറിച്ചുള്ള ചർച്ചകളിലും പലരും ഇതിനെക്കുറിച്ച് പരാമർശിക്കാറുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ജനസംഖ്യാനിയന്ത്രണം മുതലായ മേഖലകളിൽ കേരളം ഉണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചു പറയുമ്പോൾ, പരമ്പരാഗത മരുമക്കത്തായം സ്ത്രീകൾക്കു നൽകിയ സ്വാതന്ത്ര്യം, പെൺകുഞ്ഞുങ്ങൾക്കു കല്പിച്ച വില, ഇവയെക്കുറിച്ച് പ്രത്യേകം പരാമർശങ്ങളുണ്ടാകാറുണ്ട്. ഒരളവുവരെ ഇതിൽ ശരിയുണ്ട് - ഉദാഹരണത്തിന്, മരുമക്കത്തായത്തിൽ സ്ത്രീകൾക്ക് പഠിപ്പ് പൂർണ്ണമായി നിഷേധിക്കപ്പെട്ടിരുന്നില്ല; പലപ്പോഴും സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നു. വീടുകൾക്കുള്ളിൽ അടഞ്ഞുകിടന്നുകൊള്ളണമെന്ന നിബന്ധന അവർക്കു ബാധകമായിരുന്നില്ല. അതുകൊണ്ട് 19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ പെൺപള്ളിക്കൂടങ്ങൾ ആരംഭിച്ചപ്പോൾ തങ്ങളുടെ പെൺമക്കളെ അവിടേക്കയയ്ക്കാൻ മരുമക്കത്തായക്കാർ മടിച്ചില്ല. പക്ഷേ, ഇങ്ങനെ ഗുണകരമായ ഒരു വ്യവസ്ഥയെ നാട്ടിൽനിന്ന് അടിച്ചോടിക്കാതെ ഈ നാട് ഗുണംപിടിക്കില്ലെന്ന പല്ലവിയാണ് സാമൂഹ്യപരിഷ്ക്കർത്താക്കൾ 19-ാം നൂറ്റാണ്ടിലും അതിനുശേഷവും പാടിയത്! അതായത് നാമിന്ന് സാമൂഹികവികസനമെന്ന് വിളിക്കുന്ന നേട്ടങ്ങൾ രൂപപ്പെട്ടകാലത്തുതന്നെയാണ് മരുമക്കത്തായം ഈ നാട്ടിൽനിന്നു നിഷ്ക്കാസനം ചെയ്യപ്പെട്ടതും. ഇക്കാലത്തെ സാമൂഹ്യമാറ്റങ്ങൾകൊണ്ട് നാടിനു ഗുണമുണ്ടായിട്ടില്ലെന്നല്ല. പക്ഷേ, സ്ത്രീകളുടെ സ്വന്തം താൽപര്യങ്ങൾക്ക്, സ്വയംപര്യാപ്തതയ്ക്ക് ഉതകുന്ന എന്തൊക്കെ സാഹചര്യങ്ങൾ ഇവയിലൂടെ ഉണ്ടായി എന്നുകൂടി പരിശോധിക്കേണ്ടതാണ്.

float


കൂടുതൽ ആലോചനയ്ക്ക്

നിലവിലുള്ള പ്രബലധാരണകളെ പൊളിച്ചെഴുതിക്കൊണ്ടാണ് സ്ത്രീചരിത്രം ചരിത്രപഠനരംഗത്ത് സ്വന്തമായൊരിടം ഉറപ്പിച്ചത്. ആധുനിക കേരളചരിത്രത്തിന്റെ പശ്ചാത്തലത്തിലും ഈ സാദ്ധ്യത നിലനിൽക്കുന്നുണ്ട്. കേരളത്തിലെ സ്ത്രീകളുടെ ചരിത്രാനുഭവങ്ങളെക്കുറിച്ച് സാധാരണക്കാർക്കിടയിലും പണ്ഡിതവൃത്തങ്ങളിലും പ്രബലമായി നിലനിൽക്കുന്ന ഒരു ധാരണയാണ് ഈ അദ്ധ്യായത്തിൽ പുനഃപരിശോധിക്കപ്പെട്ടത്. സ്ത്രീകളെ 'പാടിപ്പുകഴ്ത്തല'ല്ല സ്ത്രീചരിത്രത്തിന്റെ ഏകധർമ്മമെന്നും ഈ അദ്ധ്യായത്തിൽ കൈക്കൊണ്ട സമീപനം വ്യക്തമാക്കുന്നു. സ്ത്രീകളുടെ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ചരിത്രാനുഭവങ്ങളെ, സംഭാവനകളെ, വെളിച്ചത്തു കൊണ്ടുവരുക എന്നത് അതിന്റെ പല ധർമ്മങ്ങളിലൊന്നുമാത്രമാണ്. സ്ത്രീകളെ 'പുകഴ്ത്താനുള്ള' എല്ലാ ശ്രമങ്ങളും അവർക്ക് അനുകൂലമായിക്കൊള്ളണമെന്നില്ലെന്ന് ഈ അദ്ധ്യായം വാദിക്കാൻ ശ്രമിക്കുന്നു. പലപ്പോഴും സ്ത്രീകൾക്ക് അനുകൂലമല്ലാത്ത സ്ഥാപനങ്ങളെയും സമ്പ്രദായങ്ങളെയും നമ്മുടെ ശ്രദ്ധയിൽനിന്ന് അകറ്റിനിർത്താനാണ് ഈ പുകഴ്ത്തൽ ഉപകരിക്കുന്നത്. 'സ്ത്രീകൾ' എന്നാൽ മരുമക്കത്തായവ്യവസ്ഥയ്ക്കുകീഴിൽ കഴിഞ്ഞ സ്ത്രീകൾ മാത്രമല്ല എന്നുകൂടി കണക്കിലെടുക്കുമ്പോൾ മേൽപ്പറഞ്ഞ 'പുകഴ്ത്തൽ' എളുപ്പമാവില്ലെന്നു വ്യക്തമാണ്! ⚫

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/49&oldid=162923" എന്ന താളിൽനിന്ന് ശേഖരിച്ചത്