Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
'മറക്കുടയ്ക്കുള്ളിലെ മഹാനരകം' തിരിച്ചെത്തിയിരിക്കുന്നു!
1930കളിലെ നമ്പൂതിരിപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ഒരു നാടകത്തിന്റെ പേരാണിത്. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണത്രെ എം.ആർ ഭട്ടതിരിപ്പാട് ഈ നാടകമെഴുതിയത്. നമ്പൂതിരിമാരുടെ പരമ്പരാഗത ജീവിതരീതികളിൽ സ്ത്രീകൾക്കു സഹിക്കേണ്ടിവന്ന കടുത്ത അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന ഈ നാടകം വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തു. അന്യർക്ക് തീരെ അനുവാദമില്ലായിരുന്ന ഇല്ലങ്ങൾക്കുള്ളിലകപ്പെട്ടുപോയ മലയാളബ്രാഹ്മണസ്ത്രീകളെ നിഷ്കരുണം മർദ്ദിക്കാനും അവരുടെ ജീവനെടുക്കാനുംവരെയുള്ള അധികാരം ഭർത്താവിനു നൽകിയിരുന്ന വ്യവസ്ഥയെക്കുറിച്ച് ലോകം അറിയുകയും ചെയ്തു.

എന്നാൽ, നമ്പൂതിരിയില്ലങ്ങളും മറക്കുടയുംമറ്റും ഇല്ലാതായിക്കഴിഞ്ഞ ഇക്കാലത്തും ഇത്തരം 'മഹാനരകങ്ങ'ളിൽ നാട്ടുകാരോ വീട്ടുകാരോ അറിയാതെ മർദ്ദനം സഹിച്ചു കഴിയുന്ന എത്രയോ സ്ത്രീകളുണ്ട് കേരളത്തിൽ! 'കുടുംബമാന്യത'യെന്ന പുതിയ മറക്കുടയാണ് അവർ ചൂടുന്നത്.

'ഗാർഹികപീഡനങ്ങളിൽനിന്നും സ്ത്രീകൾക്കുള്ള സംരക്ഷണനിയമം' (Protection of Women from Domestic Violence Act - 2005) നിലവിൽവന്നത് ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടാണ്. 'ഗാർഹികപീഡന'ത്തെ വെറും ശാരീരികമായ ദ്രോഹം മാത്രമായിട്ടല്ല ഈ നിയമം കാണുന്നത്. ഒരു വീട്ടിൽ താമസിക്കുന്ന രക്തബന്ധത്തിൽപ്പെട്ടതോ വിവാഹബന്ധത്തിൽപ്പെട്ടതോ അല്ലെങ്കിൽ വിവാഹംമൂലമുള്ള ബന്ധത്തിൽപ്പെട്ടതോ ആയ സ്ത്രീക്ക് ഗൃഹാന്തരീക്ഷത്തിൽ ആ ഗൃഹാന്തരീക്ഷത്തിലെ പ്രായപൂർത്തിയായ ഏതെങ്കിലും പുരുഷനിൽനിന്നുണ്ടാകുന്ന പീഡനത്തെയാണ് ഈ നിയമം 'ഗാർഹികപീഡന'മായി കരുതുന്നത്. ശാരീരികവും ലൈംഗികവും മാനസികവുമായ ഗാർഹികപീഡനത്തെ ഈ നിയമംവഴി നേരിടാനാകും. അതുപോലെ, സ്ത്രീയുടെ തൊഴിലിൽ തടസ്സമുണ്ടാക്കുക, തൊഴിലുപകരണങ്ങൾ നശിപ്പിക്കുക മുതലായ പ്രവൃത്തികളെ 'സാമ്പത്തികപീഡന'മായി കണക്കാക്കുന്ന ഉത്തരവുകളും ഈ നിയമപ്രകാരം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. കുടുംബത്തിൽപ്പെട്ട സ്ത്രീകളെ നിരാലംബരാക്കി വഴിയിൽ ഇറക്കിവിടുന്നതും ഈ നിയമം വിലക്കുന്നു - അത്തരം സന്ദർഭങ്ങളിൽ താമസിക്കുന്നതിനുള്ള സംരക്ഷണം ഉറപ്പാക്കുന്നതിനാവശ്യമായ ഉത്തരവു പുറപ്പെടുവിക്കാൻ മജിസ്ട്രറ്റുമാരെ നിയമം അധികാരപ്പെടുത്തുന്നു.

പരാതിക്കാരി താമസിക്കുന്ന സ്ഥലം, പരാതിക്കു കാരണമായ സംഭവം നടന്ന സ്ഥലം അല്ലെങ്കിൽ എതിർകക്ഷി (പീഡനം നടത്തിയ വ്യക്തി) താമസിക്കുന്ന സ്ഥലം - ഇവയിലേതെങ്കിലുമൊരു സ്ഥലത്തുള്ള ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രറ്റ് കോടതിയിലാണ് പരാതിപ്പെടേണ്ടത്. ഈ നിയമത്തിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം മജിസ്ട്രറ്റിനുണ്ട്. മജിസ്ട്രറ്റിന്റെ ഉത്തരവു ലംഘിക്കുന്നയാൾക്ക് ഒരു വർഷംവരെ തടവ് അല്ലെങ്കിൽ ഇരുപതിനായിരം രൂപവരെ പിഴ അല്ലെങ്കിൽ രണ്ടുംകൂടി നൽകുവാൻ ഈ നിയമം അനുശാസിക്കുന്നു. ഈ നിയമത്തിനുകീഴിൽ ഏറ്റവും മുഖ്യമായ ചുമതലവഹിക്കുന്നയാളാണ് പ്രൊട്ടക്ഷൻ (സംരക്ഷണ) ഓഫീസർ (Protection Officer). ഈ ഓഫീസറാണ് ബന്ധപ്പെട്ട മജിസ്ട്രറ്റിനെ ഗാർഹികപീഡനം നടന്നതോ നടക്കുവാൻ സാദ്ധ്യതയുള്ളതോ തടയാൻ ആവശ്യമുള്ളതോ ആയ കാര്യങ്ങളറിയിക്കേണ്ടത്. പരാതിക്കാരിക്ക് നീതി ഉറപ്പുവരുത്തേണ്ട ചുമതല ഇവർക്കാണ്. ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന പ്രോട്ടക്ഷൻ ഓഫീസർമാരെ ശിക്ഷിക്കാനും നിയമത്തിൽ വകുപ്പുണ്ട് - ജാമ്യമില്ലാത്ത കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. പരാതികൾ വിചാരണയ്ക്കുവരുമ്പോൾ രഹസ്യമായ വിചാരണ (in camera) നടത്തുവാനും വ്യവസ്ഥയുണ്ട്.

(വിവരങ്ങൾക്ക് അഡ്വ. ഗീനാകുമാരിയോടു കടപ്പാട്)


35


പെണ്ണരശുനാടോ? കേരളമോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/35&oldid=162908" എന്ന താളിൽനിന്ന് ശേഖരിച്ചത്