Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

'ജന്മഭേദവ്യവസ്ഥ'പ്രകാരം ഓരോ ജാതിയിലേയും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ ലിംഗനിയമങ്ങളുണ്ടായിരുന്നു. അതായത് മലയാളബ്രാഹ്മണ (നമ്പൂതിരി) സമുദായത്തിലെ 'ഉത്തമസ്ത്രീസങ്കല്പം' നായർസ്ത്രീകൾക്കോ കീഴ്ജാതിക്കാർക്കോ ബാധകമായിരുന്നില്ല. ഓരോ സമുദായത്തിനും ഇതൊക്കെ പ്രത്യേകം പ്രത്യേകമുണ്ടായിരുന്നു. തീർച്ചയായും അന്നുള്ളവർ ധാരാളം വായിച്ചിരുന്ന പുരാണങ്ങളിലൂടെയും ശീലാവതിചരിതംപോലുള്ള കൃതികളിലൂടെയും ബ്രാഹ്മണരുടെ ലിംഗമൂല്യങ്ങൾ (അതായത്, ആണുങ്ങളായാൽ എങ്ങനെയിരിക്കണം, എന്തു ചെയ്യണം എന്നും പെണ്ണുങ്ങളായാൽ എങ്ങനെയിരിക്കണം, എന്തു ചെയ്യണം എന്നും മറ്റും വിധിക്കുന്ന മൂല്യങ്ങൾ) സമൂഹത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇതോടൊപ്പംതന്നെ ഈ മൂല്യങ്ങൾ എല്ലാ സ്ത്രീകൾക്കും ബാധകമല്ലെന്നു സ്ഥാപിക്കുന്ന 'ബ്രാഹ്മണന്യായീകരണങ്ങ'ളും പ്രചരിച്ചിരുന്നുവെന്ന് കാണേണ്ടതുണ്ട്. ഉദാഹരണത്തിന്, കേരളത്തിലെ ശൂദ്രസ്ത്രീകൾ (നായർ-അമ്പലവാസി സമുദായക്കാർ) പാതിവ്രത്യം ആചരിക്കേണ്ടതില്ലെന്ന് കേരളമാഹാത്മ്യം പോലുള്ള ഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് പഴമക്കാർ വാദിച്ചിരുന്നു - ഇവിടത്തെ ശൂദ്രസ്ത്രീകൾ ദേവന്മാരെ ആനന്ദിപ്പിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ട അപ്സരസ്സുകളുടെ സന്തതികളാണെന്നും അപ്സരസ്ത്രീകൾക്ക് പാതിവ്രത്യം ബാധകമല്ലാത്തതുപോലെ അവരുടെ സന്തതികൾക്കും അതു ബാധകമല്ലെന്നും ഈ കൃതികൾ പറയുന്നു. അതുകൊണ്ട് ശീലാവതിചരിതം വായിച്ചു പുണ്യംസമ്പാദിച്ച നായർസ്ത്രീകൾ ശീലാവതിയെ മാതൃകയാക്കിക്കളയുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലായിരുന്നു! അതേസമയം ജാതികൾ തമ്മിൽ ലിംഗമൂല്യങ്ങളിൽ കാര്യമായ വ്യത്യാസമുള്ളിടത്ത് ഇവ പലപ്പോഴും വഴക്കിനും കലഹത്തിനും കാരണമായി. ഉദാഹരണത്തിന് തിരുവിതാംകൂറിലെ കരുനാഗപ്പള്ളി-കാർത്തികപ്പള്ളി മേഖലയിൽ (ഓണാട്ടുകരയിൽ) 19-ാം നൂറ്റാണ്ടിൽ നടന്ന ജാതീയ ഏറ്റുമുട്ടലുകളെക്കുറിച്ച് വാമൊഴിയായി പ്രചരിച്ചിട്ടുള്ള കഥകളിൽ പലതിലും വിഷയം മേൽപ്പറഞ്ഞ ലിംഗമൂല്യങ്ങളിലെ പൊരുത്തക്കേടാണ്. മുസ്ലിം സമുദായത്തിലെ സമ്പ്രദായപ്രകാരം സ്ത്രീകൾ നിർബന്ധമായും മേൽവസ്ത്രം ധരിച്ചിരിക്കണം; ഈഴവരുടെയിടയിൽ അക്കാലത്ത് നേരെ തിരിച്ചായിരുന്നു നിയമം - അതായത്, മേൽവസ്ത്രം ധരിച്ചുനടക്കുന്നത് 'നല്ല സ്ത്രീകൾ' ചെയ്യുന്ന പണിയല്ല, 'വേഷംകെട്ടുകാരത്തികളു'ടെ പണിയാണ്! ഈ പ്രദേശത്തെ ചന്തക


33


പെണ്ണരശുനാടോ? കേരളമോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/33&oldid=162906" എന്ന താളിൽനിന്ന് ശേഖരിച്ചത്