പുത്രനായ ക്രിസ്തു ഭർത്താവില്ലാതെ ഗർഭം ധരിച്ച കന്യകയുടെ വയറ്റിൽ ജനിച്ചവനെന്നും അദ്ദേഹത്തിനു ദൈവത്വം ഉണ്ടെന്നും ജന്മപാപം ഇല്ലെന്നും അത്ഭുതങ്ങളെ ചെയ്തെന്നും മരിച്ചതിന്റെ ശേഷം ജീവിച്ചെന്നും നിങ്ങൾ പറയുന്നതു ശുദ്ധ നുണയാണെന്നും ആ ക്രിസ്തു ദേവനല്ലാ മനുഷ്യൻ തന്നെ എന്നും മുമ്പേ കൂട്ടി സ്ഥാപിച്ചുവല്ലോ.
ക്രിസ്തു മനുഷ്യൻ അനുഭവിക്കേണ്ടതായ ദണ്ഡത്തെ താൻ അനുഭവിച്ചു എന്നു പറയുന്നല്ലോ. അവനവൻ ചെയ്ത കുറ്റത്തിന് അവനവൻ തന്നെ ദണ്ഡമനുഭവിക്കേണ്ടതല്ലാതെ മറ്റൊരുവൻ ദണ്ഡിക്കപ്പെടുന്നതു നീതിയാണോ? ഒരുത്തന്റെ വിശപ്പു മറ്റൊരുത്തൻ ഭക്ഷിച്ചതുകൊണ്ട് ശമിക്കുമോ? ഒരുവന്റെ വ്യാധി മറ്റൊരുവൻ മരുന്നു സേവിച്ചാൽ ശമിക്കുമോ? (ഹെസക്കൽ 18-അ.20-വാ.) പാപം ചെയ്യുന്ന ആത്മാവോ അതു മരിക്കും. പുത്രൻ പിതാവിന്റെ അതിക്രമത്തെ വഹിക്കയില്ലാ. പിതാവു പുത്രന്റെ അതിക്രമത്തെ വഹിക്കയുമില്ല. നീതിമാന്റെ നീതി അവന്റെമേൽ ഇരിക്കും. ദുഷ്ടന്റെ ദുഷ്ടത അവന്റെ മേൽ ഇരിക്കും. (ആവർത്തനപുസ്തകം 24-അ. 14-വാ.) പുത്രന്മാർക്കുവേണ്ടി പിതാക്കന്മാർ കൊലചെയ്യപ്പെടുകയും അരുത്. അവനവൻ തന്നെ തന്റെ പാപം നിമിത്തം കൊലചെയ്യപ്പെടണം. ഇപ്രകാരം നിങ്ങളുടെ ബൈബിൾ പറയുമെങ്കിൽ മനുഷ്യർ അനുഭവിപ്പാനുള്ള ദണ്ഡത്തെ ക്രിസ്തു താൻ തന്നെ അനുഭവിച്ചു എന്നു പറയുന്നത് അല്പം എങ്കിലും ശരിയാകുമോ?
ഇനിയും ക്രിസ്തു വേദനപ്പെട്ടു അതുകൊണ്ട് നിത്യാനന്ദനല്ലാ. അദ്ദേഹത്തിന്റെ മനുഷ്യത്വമല്ലാതെ ദേവത്വം വേദനപ്പെട്ടിട്ടില്ല എന്നു വരികിൽ മനുഷ്യർ കല്പനയെ അതിക്രമിച്ചു ചെയ്ത പാപം പാടുപെട്ടതുകൊണ്ടു നിവൃത്തിയാകയില്ലാ എന്നു നിങ്ങൾ തന്നെ പറകകൊണ്ട് അദ്ദേഹത്തിന്റെ മനുഷ്യത്വം മാത്രമേ പാടുപെട്ടുള്ളു എങ്കിൽ പാപമോചനം വന്നിട്ടുമില്ലാ നിശ്ചയം.
അല്ലാതെയും "ക്രിസ്തു താനേ ദണ്ഡിക്കപ്പെട്ടു രക്ഷിച്ചു" എന്ന് പറഞ്ഞേച്ചു പിന്നീടു മനുഷ്യത്വം പാടുപെട്ടു ദേവത്വം രക്ഷിച്ചു എന്നു പറയുന്നതു വലിയ കളവല്ലയോ?
പിന്നെയും അനന്തകോടി ജിവന്മാർ നിത്യകാലവും അനുഭവിക്കേണ്ടതായ സകലവേദനകളും ക്രിസ്തു തനിച്ച് അല്പകാലംകൊണ്ട് അനുഭവിച്ചുകളഞ്ഞു എന്നുള്ളതു ശരിയാകുമോ? സർവ്വസാമർത്ഥ്യംകൊണ്ട് അങ്ങനെ ചെയ്തുവെങ്കിൽ അല്പകാലം പോലും താൻ വേദനപ്പെടാതെ സർവ്വസാമർത്ഥ്യം കൊണ്ട് അന്യന്മാരുടെ വേദനകളെ വിലക്കിക്കളയരുതാഞ്ഞോ?
ദൈവം മനുഷ്യർക്ക് ഈ ജന്മത്തിൽ യാതൊരു കാരണവും കൂടാതെ തന്റെ തിരുവുള്ളപ്രകാരം മാത്രം സുഖദുഃഖങ്ങളെ കൊടുക്കുന്നു