താൾ:Kristumata Nirupanam.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അല്ലയോ ക്രിസ്തീയ പ്രസംഗികളേ!

ദൈവം താൻ കൊടുത്ത കല്പനയെ കടന്നു മനു‌ഷ്യർ പാപം ചെയ്തതുകൊണ്ട് അവരെ ന്യായപ്രകാരം ശപിച്ചു എങ്കിലും അനന്തരം കൃപ തോന്നി അവർക്കുവേണ്ടി പാപബലിയാകുന്നതിനു തന്റെ പുത്രനെ അയച്ചുവെന്നു നിങ്ങൾ പറയുന്നുവല്ലോ. എന്നാൽ ദൈവം ആ സമയത്തു ശപിച്ചതുതന്നെ അനീതിയായിപ്പോയി എന്നു മുമ്പിൽ കൂട്ടിക്കാണിചിട്ടുണ്ട്. അലാതെയും,

താൻ വിധിച്ച കല്പനയെ അതിക്രമിച്ചുകൊണ്ട് വർദ്ധിച്ച പാപത്തിലേയ്ക്ക് പ്രായച്ഛിത്തം ചെയ്‌വാൻ മനു‌ഷ്യർ ശക്തന്മാരായി ഭവിക്കയില്ലല്ലോ എന്നു ദയവുതോന്നി അതിനായിട്ട് തന്റെ പുത്രനെ അയച്ച ദൈവം താൻ വിധിക്കുന്ന കല്പനകൊണ്ടു മനു‌ഷ്യർ പാപികളായിപ്പോകുമെന്നുള്ളതിനെ മുൻപിൽകൂട്ടി അറിഞ്ഞു വിധിക്കാതെ തന്നെ ഇരുന്നുകളയരുതാഞ്ഞോ? ആകട്ടെ, അതിലേയ്ക്ക് ഇടയായില്ലെങ്കിലും തന്റെ ശാപത്തെ മനു‌ഷ്യർക്ക് തടുക്കുവാൻ കഴിയില്ലെന്നു കൃപ തോന്നി ശപിക്കാതെ ഇരിക്കരുതാഞ്ഞോ? അല്ലാത്തപക്ഷം താൻ സൃഷ്ടിപ്പാൻ തുടങ്ങിയാൽ ഇപ്രകാരമുള്ള സങ്കടങ്ങളും ദോ‌ഷങ്ങളും സംഭവിക്കുമെന്ന് ആദ്യമേ അറിഞ്ഞു തന്റെ പാട്ടിന് അനങ്ങാതെകണ്ടിരിപ്പാൻ കഴികയില്ലാഞ്ഞോ?

താൻതന്നെ മഹാവേദനയെ വരുത്തുകയും വിലക്കുകയും ചെയ്തതു തന്റെ നീതിയേയും കൃപയേയും അന്യന്മാരെ ബോധിപ്പിക്കയും തന്നെ സ്തുതിപ്പിക്കയും ചെയ്യുന്നതിനുവേണ്ടി ആകുന്നുവെങ്കിൽ അതൊരു പ്രകാരത്തിൽ ചേരും. എന്തുകൊണ്ടെന്നാൽ യഹോവയുടെ പ്രവൃത്തികളെല്ലാം തനതുകാര്യത്തെ ഉദ്ദേശിച്ചല്ലാതെ അന്യന്മാരുടെ സുഖത്തെ ഉദ്ദേശിച്ചല്ലാ. ആകയാൽ നിത്യാനന്ദവും നീതിയും കൃപയും ഇല്ലാത്തവൻ തന്നെയാണ്.

ഇനി തന്റെ പുത്രനെ അയച്ചുവെന്നു പറയുന്നുവല്ലോ. പുത്രനെ തന്ന പിതാവു മുമ്പനെന്നും പിതാവിനാൽ തരപ്പെട്ട പുത്രൻ പിമ്പനെന്നും പിതാവിനാൽ അയയ്ക്കപ്പെട്ടതുകൊണ്ട് പുത്രൻ പരതന്ത്രനെന്നും വെളിവായി കാണുകയാൽ പിതാവും പുത്രനും ഒരുവനാണെന്നും തുല്യന്മാരാണെന്നും നിങ്ങൾ പറയുന്നതു മഹാവിരുദ്ധമാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/88&oldid=162616" എന്ന താളിൽനിന്ന് ശേഖരിച്ചത്