Jump to content

താൾ:Kristumata Nirupanam.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കായ്ക്കുന്നതും പഴുക്കുന്നതും എല്ലാം ദൈവനിയമംപോലെ അല്ലയോ? അദ്ദേഹം ദൈവമെന്നു വരികിൽ പഴം കൊടുക്കാത്തതിനു കാരണം മറ്റാരുമല്ലല്ലോ. ആയതുകൊണ്ട് യേശു തന്നത്താനെ ശപിച്ചുകൊള്ളുകയല്ലാതെ ഒരു ദോ‌ഷത്തിനും കാരണമാകാത്ത വൃക്ഷത്തെ ശപിച്ചതു എന്തിന്? എങ്കിലും അമ്പമ്പോ? അത്ര വലിയ വിശപ്പോ? ആ വിശപ്പിനെ അടക്കുവാൻ കഴിയാത്തവനാണോ നാല്പതു ദിവസംവരെ ഉപവസിച്ചത്? അതു ശുദ്ധമേ നുണതന്നെ. വിശപ്പിനെ അടക്കുവാൻ അദ്ദേഹത്തിനു ശക്തിയുണ്ട് എങ്കിലും തന്റെ മഹിമയെ ശി‌ഷ്യന്മാർക്കു കാണിക്കുന്നതിലേയ്ക്കുവേണ്ടിയായിരുന്നു ശപിച്ചത് എങ്കിൽ പഴം കൊടുക്കാത്ത വൃക്ഷത്തിനെക്കൊണ്ട് അപ്പോൾത്തന്നെ കൊടുപ്പിക്കേണ്ടതായിരുന്നു. അതാണ് അധികം മഹിമ. എന്തെന്നാൽ തൽക്കാലം വിശപ്പ് അടങ്ങി തൃപ്തിപ്പെടുകയും ശി‌ഷ്യന്മാർ വിശ്വസിക്കുകയും ചെയ്യുമായിരുന്നല്ലോ. വേണ മെന്നുള്ളത് ഒന്നും ചെയ്യുന്നതിലേയ്ക്ക് യേശുവിന് അറിഞ്ഞു കൂടാ. ഇദ്ദേഹം ഈ സ്ഥിതിക്ക് ഒരുവേള നാലപതുദിവസം ഉപവസിച്ചു എന്നുവരികിലും ആയതു തന്റെ മനസ്സോടു കൂടിയല്ലാ; പിന്നെയോ ഒരുത്തരും ഒന്നും കൊണ്ടുചെന്നു കൊടുക്കാതെയും തനിക്കു പോയി അന്വേ‌ഷിക്കുന്നതിന് പിശാച് വിട്ടയയ്ക്കാതെയും ഇരുന്നതു കൊണ്ട് കുരുകുരുത്ത പട്ടിണിയിൽ അകപ്പെട്ടുപോയതാകുന്നു.

ഇനി യേശു വെള്ളത്തിൽ നടന്നു എന്നു പറയുന്നത് പക്ഷേ സത്യം തന്നെ ആയിരുന്നാലും ആയത് ഒരു അതിശയമല്ല ഇക്കാലത്ത് സാധാരണ മനു‌ഷ്യർക്ക് ചെയത്തക്കതായ ജലസ്തംഭമെന്നു പറയപ്പെടുന്ന ഒരു വിദ്യയാകുന്നു.

ഇനി ജാലവിദ്യക്കാരും വൈദ്യന്മാരും മിസ്മറിസക്കാരും ഇക്കാലങ്ങളിൽ ചെയ്യുന്നതായ ചില ചെറിയ വിശേ‌ഷങ്ങൾ പോലെ യേശുവും ചെയ്തതായി കാണുന്നുണ്ട്. അവകൾ നിസ്സാരങ്ങളാകയാൽ ഇവിടെ വിവരിക്കുന്നില്ല.

യേശു മരിച്ചവരെ ജീവിപ്പിച്ചതുകൊണ്ട് അദ്ദേഹത്തിനെ ദൈവമെന്നു പറയാം എങ്കിൽ ക്രിസ്തു മരിച്ചവരുടെ ഉയർപ്പിൽ മുമ്പനായി എന്നും (അപ്പോസ്തോലർ നടപ്പുകൾ 26-അ. 23-വാ.) അതുപോലെ തന്നെ (വെളിപാട് 1-അ. 5-വാ.) പറകയാൽ യേശു മറ്റൊരുത്തരെയും ജീവിപ്പിച്ചിട്ടില്ലെന്നു നിശ്ചയമാക്കുന്നു. എങ്ങനെ എന്നാൽ ഇദ്ദേഹം വേറെ ഒരുത്തനെ ജീവിപ്പിച്ചിട്ടുള്ള സ്ഥിതിക്ക് ഇദ്ദേഹത്തിനാൽ ജീവിപ്പിക്കപ്പെട്ടവൻ മുമ്പൻ എന്നും ഇദ്ദേഹം പിൻപൻ എന്നും വരുവാനേ പാടൊള്ളൂ. എന്തെന്നാൽ യേശു ഉയിർത്തതിന്റെ ശേ‌ഷം മറ്റൊരുത്തനെ ജീവിപ്പിച്ചു എന്നു പറയുന്നതിലേയ്ക്ക് ബൈബിൾ തീരെ സമ്മതിക്കാത്തതിലത്രേ.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/47&oldid=162571" എന്ന താളിൽനിന്ന് ശേഖരിച്ചത്