താൾ:Kristumata Nirupanam.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണെന്നും വന്നുപോകയാൽ നിത്യാനന്ദനല്ലാ (മത്തായി 12 അ. 17-വാ.) കണ്ടാലും, ഞാൻ തിരഞ്ഞെടുത്തിട്ടുള്ള എന്റെ ഭൃത്യൻ, എന്റെ സ്നേഹിതൻ, എന്റെ ആത്മാവ് അവങ്കൽ ഇഷ്ടപ്പെടുന്നു എന്നു യേശുവിനെക്കുറിച്ച് യഹോവ പറഞ്ഞതായിട്ടും (ലൂക്കോസ് 13-അ. 35-വ) കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നും കാണുകയാൽ യേശു ദൈവത്തിന്റെ ഇഷ്ടവും അനുഗ്രഹവും സിദ്ധിച്ച ഒരു ഭൃത്യനെന്നു മാത്രം തെളിവാകുന്നു.

(മത്തായി 23-അ.46-വാ) വിശേ‌ഷിച്ചും യേശുപിതാവേ! നിന്റെ കൈകളിൽ ഞാൻ എന്റെ ആത്മാവിനെ ഏല്പിക്കുന്നു. (മത്തായി 22-അ. 39-വാ) എന്റെ പിതാവേ! ഞാനിച്ഛിക്കുംപോലെയല്ല നീ ഇച്ഛിക്കുംപോലെയത്രെ, എന്നു യേശു പറഞ്ഞതായി കാണുകകൊണ്ടു തന്റെ ആത്മാവിന് ഉടയവനും രക്ഷിതാവുമായിട്ട് പിതാവ് (ദൈവം) ഒരുത്തനുണ്ടെന്നും താൻ ദൈവമല്ലെന്നും തന്റെ ഇച്ഛപോലെ ഒന്നും ഫലിക്കയില്ലെന്നും ഫലിക്കണമെങ്കിൽ ദൈവത്തോടപേക്ഷിക്കണമെന്നും സിദ്ധിക്കുന്നു. യേശുവിനെ കുരിശിൽ തറച്ചിട്ടു ജനങ്ങൾ പരിഹസിച്ചപ്പോൾ (മത്തായി 27-അ. 46-വാ.) "ഏലി, ഏലീ, ലാമാ ശബക്താനി" (അർത്ഥം: എന്റെ ദൈവമേ! എന്റെ ദൈവമേ! എന്തുകൊണ്ടു നീ എന്നെ കൈവിട്ടത്?) എന്നു യേശു ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞതായും കാണുന്നു. ഇതിനാൽ യേശു ഒരു സാധാരണമനു‌ഷ്യനെപ്പോലെ തന്നെ മരണത്തെക്കുറിച്ച് ഭയവും ഭ്രമവും ഉള്ളവനായും നിലവിളിച്ചതുകൊണ്ട് വേദനയെ സഹിപ്പാൻ ധൈര്യവും ശക്തിയും ഇല്ലാത്തവനായും സർവ്വശക്തനല്ലാത്ത അല്പദേവതയെ സേവിച്ചതുകൊണ്ട് അവസാനകാലത്തു നിരാധാരനായും തന്റെ വിശ്വാസവും ആഗ്രഹവും വിഫലങ്ങളായും ഭവിച്ചു എന്നു സ്പഷ്ടമാകുന്നു.

(മത്തായി 20-അ. 20-23-വാ.) സെബതിപുത്രന്മാരുടെ അമ്മ അവളുടെ പുത്രന്മാരെ അനുഗ്രഹിക്കണമെന്ന് യേശുവിനോടു യാചിച്ചപ്പോൾ അത് എന്റെ പിതാവിനാൽ ആർക്ക് ഒരുക്കപ്പെടുന്നുവോ അവർക്കല്ലാതെ തരുവാൻ എനിക്കുള്ളതല്ല എന്നുപറഞ്ഞതായിട്ടു കാണുന്നു. ഇതിനാൽ ആർക്കും ഒന്നും കൊടുക്കുന്നതിലേക്ക് യേശുവിനു കഴികയില്ലെന്ന് തന്നത്താൻ സമ്മതിച്ചിരിക്കുന്നു. ഈ സംഗതികളെകൊണ്ടു നോക്കുമ്പോൾ യേശുവാകട്ടെ അല്പവും സ്വാതന്ത്യ്രംകൂടാതെ മറ്റൊരു ദൈവത്തെ സേവിച്ച് അവന്റെ നാമംകൊണ്ടു മഹിമ സിദ്ധിച്ച് അവനായിട്ട് തന്റെ പ്രാണങ്ങളെകൊടുത്ത് അവനാൽ പ്രേരിക്കപ്പെട്ട് അവന്റെ ഇച്ഛപോലെ എല്ലാം ചെയ്തു പ്രാർത്ഥിച്ച് അവന്റെ കല്പനപ്രകാരം നില്ക്കുന്ന അടിമയാകുന്നു എന്നു നിശ്ചയം.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/36&oldid=162559" എന്ന താളിൽനിന്ന് ശേഖരിച്ചത്