താൾ:Koudilyande Arthasasthram 1935.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൯
പതിനൊന്നാം പ്രകരണം പതിനഞ്ചാം അധ്യായം


ശാരികക(മൈനകൾ)ളാലും ശ്വാക്കളാലും മറ്റു തിൎയ്യഗ്യോനികളാലും മന്ത്രം ഭേദിക്കപ്പെട്ടതായികേൾക്കുന്നുണ്ടു്. ആകയാൽ മന്ത്രദേശത്തിൽ അനായ്സക്ത (മന്ത്രത്തിന്നായി വിളിക്കാത്തവൻ)നായിട്ടുള്ളവൻ പ്രവേശിക്കരുതു്. മന്ത്രഭേദം ചെയ്തവനെ ഉച്ഛേദിച്ചു കളയണം

മന്ത്രഭേദം ദൂതന്റെയും അമാത്യന്റെയും ഇംഗിതാകാരങ്ങളെകൊണ്ടു സംഭവിക്കുന്നതാണ്. ഇംഗിതമെന്നാൽ അന്യഥാവൃത്തി (സ്വാഭാവികമല്ലാതുള്ള ചേഷ്ട)യാകുന്നു. ആകാരമെന്നാൽ ആകൃതിഗ്രഹണ (മുഖവൈവൎണ്ണ്യാദിവികാരം) വുമാകുന്നു.

മന്ത്രത്തിന്റെ സംവരണം (ഗോപനം)വും മന്ത്രത്തിൽ ആയുക്തന്മാരായ പുരുഷന്മാരുടെ രക്ഷണ(സൂക്ഷിക്കൽ)വും കാൎയ്യകാലം വരുന്നതുവരെ ചെയ്യേണ്ടതാകുന്നു. മന്ത്രത്തിൽ ഏൎപ്പെട്ടവർക്കുണ്ടാകുന്ന പ്രമാദം (അനവധാനത), മദം, സുപ്തപ്രലാപം ( ഉറക്കത്തിൽ പറയൽ), കാമം മുതലായവയാൽ ഉത്സേകം (മന്ത്രഭേദം) സംഭവിക്കും. പ്രച്ഛന്നനായിരിക്കുന്നവനോ, അവമത (അപമാനിക്കപ്പെട്ട)നോ ആയപുരുഷനും മന്ത്രത്തെ ഭേദിക്കുന്നു. ആയതുകൊണ്ടു് അവയിൽനിന്നെല്ലാം മന്ത്രത്തെ രക്ഷിക്കണം.

മന്ത്രഭേദമെന്നതു് രാജാവിന്റെയും അദ്ദേഹത്താൽ ആയുക്തന്മാരായ പുരുഷന്മാരുടെയും യോഗക്ഷേമങ്ങളെ കെടുക്കുന്നതാകുന്നു. ആയതുകൊണ്ടു് രാജാവു് ഗുഹ്യമാകുംവണ്ണം എകാനായിരുന്നിട്ടു മന്ത്രിക്കേണമെന്നു ഭാരദ്വാജൻ അഭിപ്രായപ്പെടുന്നു. മന്ത്രികൾക്കും ചില മന്ത്രികളുണ്ടാകും; അവർക്കും മറ്റു ചില മന്ത്രികൾ ഉണ്ടാകും. ഇങ്ങനെയുള്ള മന്ത്രിപരമ്പര മന്ത്രത്തെ ഭേദിക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/50&oldid=206002" എന്ന താളിൽനിന്ന് ശേഖരിച്ചത്