ഒമ്പതാം അധ്യായം എണ്പത്തിനാലാം പ്രകരണം സർവ്വാധികരണരക്ഷണം*
സമാഹർത്താവിനാൽ നിശ്ചയിക്കപ്പെട്ട പ്രദേഷ്ടാക്കന്മാർ ഒന്നാമതായി അധ്യക്ഷന്മാരെയും അവരുടെ കീഴിലുള്ള പുരുഷന്മാരെയും നിയമനം ചെയ്യണം. ഖനികൾ സാരകർമ്മാന്തങ്ങൾ (സാരദ്രവ്യങ്ങളുടെ കർമ്മശാലകൾ) എന്നിവയിൽനിന്നു സാരദ്രവ്യമോ രത്നമോ അപഹരിക്കുന്നവന്നു ശുദ്ധവധം ദണ്ഡം. ഫല്ഗുദ്രവ്യങ്ങളുടെ കർമ്മാന്തങ്ങളിൽനിന്നു ഫല്ഗുദ്രവ്യമോ ഉപസ്കരമോ (നിത്യവും ആവശ്യമുള്ള വസ്തു) അപഹരിക്കുന്നവന്നു പൂർവ്വസാഹസം ദണ്ഡം. പുണ്യഭൂമികളിൽനിന്ന് ഒരു മാഷകം (മാഹാണിപ്പണം) മുതൽക്കു കാൽപ്പണംവരെ വിലയുള്ള രാജപണ്യത്തെ അപഹരിക്കുന്നുവന്നു പന്ത്രണ്ടുപണം ദണ്ഡം; കാൽപണം മുതൽ അരപ്പണം വരെ വിലയുള്ളതപഹരിച്ചാൽ ഇരുപത്തിനാലുപണം ദണ്ഡം; അരപ്പണം മുതൽ മുക്കാൽപ്പണം വരെ വിലയുള്ളതപഹരിച്ചാൽ മുപ്പത്താറുപണം ദണ്ഡം; മുക്കാൽപ്പണം മുതൽ ഒരുപണം വരെ വിലയുള്ളതപഹരിച്ചാൽ നാല്പത്തെട്ടുപണം ദണ്ഡം; ഒരുപണം മുതൽ രണ്ടുപണം വരെ വിലയുള്ളതപഹരിച്ചാൽ പൂർവ്വസാഹസം ദണ്ഡം; രണ്ടുപണം മുതൽക്കു നാലുപണം വരെ വിലയുള്ളതപഹരിച്ചാൽ മധ്യമസാഹസം ദണ്ഡം; നാലുപണം മുതൽ എട്ടുപണം വരെ വിലയുള്ളതപഹരിച്ചാൽ ഉത്തമസാഹസം ദണ്ഡം; എട്ടുപണം മുതൽക്കു പത്തുപണം വരെ വിലയുള്ള ദ്രവ്യം അപഹരിക്കുന്നവന്നു വധം ദണ്ഡം.
- രാജാവിന്റെ വക എല്ലാ അധികരണങ്ങളിലുമുള്ള അധികൃതന്മാരെ അന്യായകർമ്മങ്ങളിൽനിന്നു നിവാരണം ചെയ്യൽ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.