താൾ:Koudilyande Arthasasthram 1935.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിനയാധികാരികം ഒന്നാമധികാരം


ദേവന്മാൎക്കും പിതൃക്കൾക്കും അതിഥികൾക്കും ഭൃത്യന്മാൎക്കും അന്നാദികൾ നൽകുക, അതിന്റെ അവശേഷം കൊണ്ടു ഭക്ഷണം കഴിക്കുക എന്നിവയാണു്.

ബ്രഹ്മചാരിയുടെ ധൎമ്മം സ്വാധ്യായം, അഗ്നികാൎയ്യം, അഭിഷേകം (ത്രിഷവണസ്നാനം) ഭിക്ഷാവൃത്തി, ഗുരുവിന്റെയോ ഗുരുവില്ലാത്ത പക്ഷം ഗുരുപുത്രന്റെയോ സബ്രഹ്മചാരിയുടെയോ അടുക്കൽ പ്രാണാവസാനത്തോളമുളള വൃത്തി എന്നിവയാണു്.

വാനപ്രസ്ഥന്റെ ധൎമ്മം ബ്രഹ്മചൎയ്യം അനുഷ്ഠിക്കുക, ഭൂമിയിൽ ശയിക്കുക, ജടയും തോലും ധരിക്കുക, അഗ്നിഹോത്രംചെയ്യുക, ത്രിഷവണസ്നാനം ചെയ്യുക, ദേവതകളേയും പിതൃക്കളേയും അതിഥികളേയും പൂജിക്കുക, വന്യങ്ങളെക്കൊണ്ട് ആഹാരം ചെയ്യുക എന്നിവയാണു്.

പരിവ്രാജകന്റെ ധൎമ്മം ഇന്ദ്രിയസംയമം, കൎമ്മങ്ങളൊന്നുമനുഷ്ഠിക്കായ്മ, അകിഞ്ചനത്വം, സൎവ്വസംഗപരിത്യാഗം, പല ഗൃഹങ്ങളിൽനിന്നും ഭിക്ഷ വാങ്ങി ഉപജീവിക്കുക, വനവാസം, ബാഹ്യവും, ആഭ്യന്തരവുമായുളള ശൌചം എന്നിവയാണു്.

അഹിംസ, സത്യം, ശൌചം, അനസൂയ, ആനൃശംസ്യം, ക്ഷമ എന്നിവ എല്ലാവൎക്കും സാധാരണമായിട്ടുളള ധൎമ്മങ്ങളാകുന്നു.

സ്വധൎമ്മം സ്വൎഗ്ഗത്തിന്നും നിത്യസുഖത്തിന്നും കാരണമാകും. അതിനെ അതിക്രമിച്ചു നടന്നാൽ ലോകം സാങ്കൎയ്യം വന്നു നശിച്ചുപോകും.

ജനങ്ങൾതൻ സ്വധൎമ്മത്ത
നൃപൻ തെറ്റാതെ നോക്കണം.,
സ്വധൎമ്മം കാക്കുകിൽ സൌഖ്യ-
മുണ്ടാമിഹപരങ്ങളിൽ.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/19&oldid=202265" എന്ന താളിൽനിന്ന് ശേഖരിച്ചത്