സ്വൎണ്ണം ആദ്യം ഉരച്ചിട്ടു പിന്നെ വൎണ്ണിക (പടിയാണി) ഉരയ്ക്കണം. ഉരകല്ലിൽ നിമ്നോന്നതമല്ലാത്ത പ്രദേശത്തുരച്ച സ്വൎണ്ണത്തിന്റെ നികഷരേഖ എല്ലാടത്തും സമമായ രാഗത്തോടുകൂടിയതായിരിക്കും. പരിമൃദിത(ഊന്നി ഉരച്ചതു) വും പരിലീഢ (നക്കി ഉരച്ചതു) വും നഖാന്തരത്തിൽനിന്നു പൊൻകാവിപ്പൊടി വിതറിയും കൊണ്ടുരച്ചതുമായ രേഖ ഉപാധിയാണെന്നറിയണം.
ജാതിഹിംഗുളകമോ (ജാതിച്ചായില്യം) പുഷ്പകാസീസമോ (മഞ്ഞച്ച ഹരിതാലം) ഗോമൂത്രത്തിൽ ഭാവനം ചെയ്ത പൊടി കയ്യിന്റെ അഗ്രത്തിൽ പുരട്ടി അതുകൊണ്ടു തൊട്ടാൽ സ്വൎണ്ണം വെളുക്കും.
നികഷരാഗം (ഉരകല്ലിലെ വരയുടെ നിറം) പരപ്പുള്ളതും സ്നിഗ്ദ്ധവും മൃദുവും ഭ്രാജിഷ്ണുവുമായിരിക്കുന്നതു ശ്രേഷ്ഠമാകുന്നു.
കലിംഗദേശത്തുണ്ടാകുന്ന കല്ലും, താപീനദിയിലുണ്ടാകുന്ന കല്ലും മുൽഗവൎണ്ണമായിരിക്കും. അതാണു് ശ്രേഷ്ഠമായ ഉരകല്ല്. വൎണ്ണത്തെ സമമാകുംവണ്ണം കാട്ടുന്നതായ കല്ലു സ്വൎണ്ണത്തിന്റെ ക്രയവിക്രയങ്ങൾക്കു നല്ലതാകുന്നു. ഹസ്തിച്ഛവികം (ആനത്തോൽപോലെ കറുത്തതു), സഹരിതകം (പച്ചനിറമായതു) എന്നിങ്ങനെയുള്ള കല്ലു് പ്രതിരാഗി (ചീത്തപ്പൊന്നിന്റെയും വര നന്നാക്കിക്കാണിക്കുന്നതു്)യാണു്. അതു വിക്രയത്തിൽ നല്ലതാകുന്നു. സ്ഥിരവും പരുഷവും വിഷമവൎണ്ണവുമായ കല്ലു് അപ്രതിരാഗി (നല്ല പൊന്നിന്റെയും വര ചീത്തയാക്കിക്കാണിക്കുന്നതു) യാണു്; അതു ക്രയത്തിൽ നല്ലതാകുന്നു.
ഛേദം (വെട്ടുവായ) സ്നിഗ്ദ്ധമായും സമവൎണ്ണമായും ശ്ലക്ഷ്ണമായും മൃദുവായും ഭ്രാജിഷ്ണുവായുമിരിക്കുന്നതു ശ്രേഷ്ഠമത്രെ.
18 .