താൾ:Karthaveeryarjunavijayam.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തുംഗമതാകിന കീർത്തിവിജൃംഭണ-
മങ്ങു ഭവാനു ലഭിക്കും നിയതം
ഭംഗംവരികയുമില്ല ഭവാനിഹ
സംഗതിയുണ്ടാം ബോധിപ്പാനും,"
നാരദന്റെ ഗിരമമ്പൊടു കേട്ടഥ-
ഘോരഘോരതര ഭാവമിയന്നു
ആരവേണ ഭുവനങ്ങൾ മുഴക്കി
ക്രൂരദൃഷ്ടികൾ തുറിച്ചു മിഴിച്ചഥ
ചന്ദ്രഹാസവുമെടുത്തു കരത്തില-
മന്ദവേഗമെഴുന്നേറ്റു ദശാസ്യൻ
ഇന്ദ്രവൈരി ദശകണ്ഠനുമങ്ങര-
വിന്ദവാസസുതനോടുരചെയ്തു:
"ജംഭവൈരിയുടെ വാഹനമാകിയ
കുംഭിരാജനുടെ കുംഭതടം ദൃഢ-
മിമ്പമോടുടനടിച്ചു പൊടിച്ചൊരു
കുംഭകർണ്ണഗുരു രാവണനെന്നൊരു
വമ്പനിങ്ങു നിവസിക്കയുമങ്ങൊരു
ഡംഭമാനുഷകുലാധമനിങ്ങനെ
ഡംഭുകാട്ടി വിളയാടുകയും ഭുവി
സംഭവിപ്പതിഹ കഷ്ടമഹോ! ബത!
കുന്നിൻമകളുടെ നാഥനിരിക്കും
കുന്നെടുത്തുടനെറിഞ്ഞു പിടിക്കാം
ഇന്ദ്രനാദി സുരവൃന്ദമശേഷം
മന്ദിരേ മമ പിടിച്ചു തളയ്ക്കാം
ചണ്ഡദണ്ഡമുടനന്തകദണ്ഡം
ദണ്ഡമെന്നിയെ വലിച്ചു മുറിക്കാം
വമ്പനാമമരകുംഭിവരന്റെ
കൊമ്പു നാലുമഥ തല്ലിയൊടിക്കാം;
ഇത്ഥമദ്ഭുതമനേകമെടുപ്പാൻ
ശക്തനായൊരു ദശാനനനിപ്പോൾ
മർത്ത്യമൂഢനിധനത്തിനുമാത്രം
പാത്രമല്ല കൃശനെന്നു വരാമോ?
കണ്ടുകൊൾക മമ വിക്രമമിപ്പോൾ
രണ്ടുപക്ഷമതിനില്ല മുനീന്ദ്ര!
രണ്ടുനാലു ദിവസത്തിനകത്താ-
ത്തണ്ടുതപ്പിയുടെ ഡംഭു ശമിക്കും:
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/9&oldid=161955" എന്ന താളിൽനിന്ന് ശേഖരിച്ചത്