താൾ:Karthaveeryarjunavijayam.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നമ്മുടെ വിക്രമമല്പമതല്ലൊര-
ഹമ്മതി ഞാൻ പറകല്ല മുനീന്ദ്ര!
നമ്മെക്കൊണ്ടു ജഗത്ത്രയവാസികൾ
ചെമ്മേ കിമപി പറഞ്ഞീടുന്നു
ധാർമ്മികരാകിയ നിങ്ങൾക്കെന്തിഹ
ധാരണയില്ലതു ബോധിച്ചാലും;
ത്രിഭുവനവാസികളെല്ലാം നമ്മുടെ
വിഭുതത കൊണ്ടുപുകഴ്ത്തുന്നില്ലേ?
"സുഭഗൻ ദശമുഖ'നെന്നൊരു നാണയ-
മഹഹോ! ദിശി ദിശി കേൾക്കുന്നില്ലേ?
മന്നിലിരിക്കും മാനിനിമാർ പുന-
രെന്നെക്കൊണ്ടു പുകഴ്ത്തുന്നില്ലേ?
എന്നെക്കാണാഞ്ഞംഗനമാരഥ
ഖിന്നതപൂണ്ടു വസിക്കുന്നില്ലേ?
നമ്മുടെ ഗുണമിതു മറ്റൊരു കൂട്ടർ-
ക്കങ്ങു ലഭിപ്പാനതിവൈഷമ്യം;
ഉള്ളിലസൂയ നിറഞ്ഞു കവിഞ്ഞഥ
തുള്ളിനടക്കും കുസൃതിക്കാരതു
കൊള്ളരുതെന്നു ദുഷിക്കുന്നതുകൊ-
ണ്ടെള്ളോളം ഭയമില്ല നമുക്കു
ഭള്ളുപറഞ്ഞു ഫലിപ്പിക്കയുമ-
ല്ലുള്ളതുതന്നെ കഥിച്ചീടുന്നേൻ;
തീർത്തുരചെയ്യാമിന്നിഹ നമ്മൊടു
നേർത്തുവരുന്നവരൊക്കെ മടങ്ങും;
ധൂർത്തുകൾ നമ്മൊടു കൂടുകയില്ലെ-
ന്നോർത്തു മഹേന്ദ്രനടങ്ങിപ്പാർത്തു,
ജംഭാന്തകനുടെ കുംഭിപ്രവരൻ
കൊമ്പുകൾ നാലുമുയർത്തിക്കൊണ്ടഥ
തുമ്പിക്കരമതിൽ മുസലവുമേന്തി
ജൃംഭിച്ചാശു വരുന്നേരം ഞാൻ
മുമ്പിൽ ചെന്നഥ കൊമ്പുപിടിച്ചു ത-
രിമ്പു വിടാതെ കരിമ്പുകണക്കേ
കൊമ്പുകൾ നാലുമൊരമ്പതു ഖണ്ഡി-
ച്ചമ്പൊടു കുംഭമടിച്ചു പിളർന്ന്
ഇമ്പമകന്നതി കമ്പമിയന്നുട-
നുമ്പർകുലങ്ങളിൽ മുമ്പനതാകിയ
വമ്പൻ മണ്ടി നിലിമ്പപുരത്തിന-
കംപുക്കാനതി സംഭ്രമസരസൻ;
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/3&oldid=161949" എന്ന താളിൽനിന്ന് ശേഖരിച്ചത്