ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പീയൂഷസാരത്താൽ തീർത്തൊരീബ്ഭൂഷക-
ളായുഷ്മാനാക്കുമണിയുവോനെ. 240
നിൻചിരജീവിതം പ്രാർത്ഥിച്ചാൾ നിന്നമ്മ;
സഞ്ചിതമാക്കിനേൻ ഞാനതേവം
മുന്നിലും പിന്നിലും പാർശ്വദ്വയത്തിലു-
മിന്നിറമാർന്ന നിൻ സോദരന്മാർ
തൂമയിൽ രാമനെക്കൈകേയീനന്ദന-
സൗമിത്രിമാർപോലെ കാത്തിരിപ്പൂ
ഏതെഴുത്തെങ്കിലും നെറ്റിമേൽ നാന്മുഖൻ
ബോധിച്ചപോലെ കുറിച്ചിടട്ടെ;
മിത്രമാം ശ്രീകൃഷ്ണനേതുമട്ടുള്ളോരു
കൃത്രിമക്കൈകളും കാട്ടിടട്ടെ; 250
പാശുപതമല്ല ശൂലി, പിനാകുമോ
ഫാലാക്ഷിപോലുമോ, നൽകിടട്ടെ
പോരിനാൽ ജിഷ്ണുവാം ഫൽഗുനൻ നിന്നോടു
പോരിട്ടാൽ പിന്നെയും ഫൽഗുവീര്യൻ
കർണ്ണനെന്നുണ്ണിതാൻ ജേതാവിക്കഞ്ചുക-
കർണ്ണാവതംസങ്ങളുള്ള കാലം !