രാത്രിയിങ്കലുമീവണ്ണം കണ്ടുകൊൾവൂ ബലങ്ങളെ
സങ്കരന്നു സദാകാലം ബലമുണ്ടു വിഷത്തിനു് ൧൫
ഏറ്റം വേഗേന വ്യാപിക്കും രൂക്ഷമായും വരും തഥാ
വാതകോപമതുണ്ടാകും നല്ല പാമ്പിൻ വിഷത്തിനു്. ൧൬
ഉഷ്ണിച്ചു പിത്തകോപത്തോടേറ്റം വീക്കവുമിങ്ങനെ
സങ്കടം പലതുണ്ടാകും മണ്ഡലീനാം വിഷത്തിനു്. ൧൭
ദേഹേ ശീതവുമത്യൎത്ഥം കഫത്തിന്റെ വികാരവും
രാജിലത്തിൻ വിഷത്തിന്നു പാരം ദാരുണമായ് വരും. ൧൮
എല്ലാ ദോഷവുമൊന്നിച്ചു സന്നിപാതപ്രകോപവും
കൂടെയുണ്ടായ് വരും പിന്നെസ്സങ്കരന്റെ വിഷത്തിന്. ൧൯
ദൃഷ്ടിയും മുഖവും വാക്കും ദേഹത്തിന്റെ തളൎച്ചയും
മറ്റും പല വികാരങ്ങളെല്ലാം സൂക്ഷിച്ചുകൊള്ളണം. ൨൦
വിഷങ്ങൾക്കൊക്കെയും പാരം ഗതിഭേദമതോർക്കണം
പുളി തൊട്ടൊരു പാലിന്റെ വികാരങ്ങൾ കണക്കെയാം ൨൧
.
കടിപെട്ട പ്രദേശത്തു നിൽക്കും മാത്രാശരും വിഷം
അവിടുന്നുടനേ പിന്നെ വായുവോടു കലൎന്നത്. ൨൨
നെറ്റിമേൽചെന്നു വ്യാപിക്കും പിന്നെ കണ്ണിൽ പരന്നിടും
അവിടുന്നു മുഖത്തെല്ലാം പരക്കും പിന്നെ നാഡിയിൽ ൨൩
എല്ലാം കടന്നു വ്യാപിച്ചിട്ടവിടന്നു പുനഃക്രമാൽ
ധാതുക്കളിൽ കടന്നീടുംപാനീയേ തൈലബിന്ദുവൽ ൨൪
ഒരു ധാതുവതിങ്കന്നങ്ങന്ന്യധാതുവതിൽ ക്രമാൽ
കടന്നു ചെല്ലുന്നതിനു ചൊല്ലുന്നൂ 'വേഗ'മെന്നിഹ. ൨൫
ചൎമ്മ രക്തം തഥാ മാംസം മേദസ്സും പുനരസ്ഥിയും
മജ്ജ ശുക്ലവുമീവണ്ണമേഴു ധാതുക്കളും ക്രമാൽ ൨൬

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.