താൾ:Jathikkummi.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു31. ചഞ്ചലിക്കാഞ്ഞാൽ പറക്കുളത്തിൽ
തഞ്ചി ഫലിക്കും തരണി ബിംബം
കാഞ്ചന വാപിയിലോളമിളകിയാൽ
കിഞ്ചന കാണുമോ യോഗപ്പെണ്ണെ!-ശ്രുണു
വഞ്ചനയല്ലലോ ജ്ഞാനപ്പെണ്ണെ!

32. മദമില്ലാപ്പറയന്റെ മാനസത്തെ
സദനമാക്കീടുന്നുസച്ചിന്മയൻ
മദമുള്ള വിപ്രന്റെ ഹൃദയത്തിലീശ്വരൻ
വദനം കാണിക്കുമോ യോഗപ്പെണ്ണെ!- എത്ര
കദനമാണജ്ഞാനം ജ്ഞാനപ്പെണ്ണെ!

33. പരമാർത്ഥമുള്ളിലറിഞ്ഞീടുമ്പോൾ
ഒരുവനെയാട്ടിയകറ്റേണമോ?
പരമാത്മശാഖകൾ വിപ്രാദികളാകും
നരജാലമൊരുജാതി യോഗപ്പെണ്ണെ!- അപ്പോൾ
നിരയങ്ങൾ നിലനിന്നു ജ്ഞാനപ്പെണ്ണെ!

34. പരമേഷ്ടി തൊട്ടു പിപീലികാന്തം
പരബുദ്ധിയെന്യേ കരുതുന്നവൻ
ഒരു വിപ്രനായാലും ചണ്ഡാളനായാലും
ഗുരുവാണെനിക്കവൻ യോഗപ്പെണ്ണെ!- ലോക
ഗുരുവായതുമവൻ ജ്ഞാനപ്പെണ്ണെ!

35. ദേഹാദിവസ്തുക്കൾ ഞാനല്ല
ഹാഹാ! ഞാനാത്മാവാണെന്നോർപ്പവൻ
ഒരു വിപ്രനായാലും ചണ്ഡാളനായാലും
ഗുരുവാണെനിക്കവൻ യോഗപ്പെണ്ണെ!- ലോക
ഗുരുവായതുമവൻ ജ്ഞാനപ്പെണ്ണെ!

36. പാർത്തലമൊക്കെ ത്രിഗുണമയം
പാർത്തുചരിക്കുന്ന ധീരധീരൻ
ഉത്തമൻ, ബ്രഹ്മ ഹത്താരാകിലുമെന്റെ
തീർത്ഥനാണദ്ദേഹം യോഗപ്പെണ്ണെ!- ലോക
മിത്രാവുമദ്ദേഹം ജ്ഞാനപ്പെണ്ണെ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/8&oldid=161463" എന്ന താളിൽനിന്ന് ശേഖരിച്ചത്