താൾ:Jathikkummi.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു19. സ്വർണ്ണത്തകിടൊന്നുലയിലൂതി
ഖണ്ഡിച്ചു ഖണ്ഡ ശതങ്ങളാക്കി
വർണ്ണങ്ങൾ ചോദിക്കും പോലെ; മനുജാത-
വർണ്ണങ്ങളൊക്കെയും യോഗപ്പെണ്ണ!- ഭേദം
വർണ്ണിക്കുമജ്ഞന്മാർ ജ്ഞാനപ്പെണ്ണെ!

20. ജ്ഞാനം കൊണ്ടല്ലാതെ ബ്രാഹ്മണത്വം
മാനവന്മാർക്കു ലഭിക്കയില്ല,
ജ്ഞാനിക്കു ജാതിയും തീണ്ടലുമില്ലല്ലോ
ആനന്ദമേയുള്ളൂ യോഗപ്പെണ്ണെ!- ബ്രഹ്മ-
ദ്ധ്യാനം തന്നേയുള്ളൂ ജ്ഞാനപ്പെണ്ണെ!

21. ബ്രാഹ്മണൻ ദേഹമാണെന്നാകുമ്പോൾ
അമ്മാനവനെ സംസ്കരിച്ചാൽ
ബ്രഹ്മഹത്യാപാപം ചേരേണമെന്നിപ്പോൾ
സമ്മതിച്ചീടെടോ യോഗപ്പെണ്ണെ!- ഇതു
വന്മായമല്ലയോ ജ്ഞാനപ്പെണ്ണെ!

22. ഉടലാണു ബ്രാഹ്മണനെന്നു വന്നാൽ
ചുടലയിൽ വയ്ക്കുമ്പോൾ പാപികളാം;
ഉടലല്ലാ ബ്രാഹ്മണനാത്മാവാണെങ്കിലോ
എടയില്ലാ തീണ്ടുവാൻ യോഗപ്പെണ്ണെ!- ശുദ്ധ-
മടയത്തം ചൊല്ലാതെ ജ്ഞാനപ്പെണ്ണെ!

23. ചൈതന്യത്തിങ്കൽ നിന്നുണ്ടാകും
ചൈതന്യങ്ങൾക്കുണ്ടോ തീണ്ടലുള്ളൂ?
നൈതൽ സത്യം തീണ്ടലാകുന്നോരജ്ഞാനം
പെയ്തല്ലോ നാടൊക്കെ യോഗപ്പെണ്ണെ - എന്തു
കൈതവമാണിതു ജ്ഞാനപ്പെണ്ണെ!

24. സുജനമായുള്ള നിഷാദൻ പോലും
യജമാനനാണവൻ ബ്രാഹ്മണന്നും
യതിയാം പറയനെ യാഗം കഴിപ്പിപ്പാൻ
ശ്രുതിയിൽ പറയുന്നു യോഗപ്പെണ്ണെ!- സ്വന്തം
കൃതിയല്ലിച്ചൊൽ‌വതു ജ്ഞാനപ്പെണ്ണെ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/6&oldid=161461" എന്ന താളിൽനിന്ന് ശേഖരിച്ചത്