താൾ:Jathikkummi.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു13. ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാമൊരു ജാതി,
നീക്കി നിർത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണെ!-തീണ്ടൽ
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണെ!

14. ഗാത്രത്തിനോ തീണ്ടലാത്മാവിന്നോ
ഇത്രനിഷ്കാരുണ്യമൊന്നു നോക്കാം:
ഗാത്രം ഗാത്രത്തിനെത്തീണ്ടുമെന്നോതുന്ന-
തെത്രയുമജ്ഞാനം യോഗപ്പെണ്ണെ!- ബഹു
ചിത്രം ! ചിത്രം ! ചിത്രം! ജ്ഞാനപ്പെണ്ണെ!

15. അന്നമയത്തിങ്കൽ നിന്നിട്ടില്ലേ
അന്നമയമൊക്കെയുണ്ടായത്,
പിന്നെയവതമ്മിലെന്താണു വ്യത്യാസം?
നന്നുനന്നജ്ഞാനം യോഗപ്പെണ്ണെ!- ശുദ്ധ
മന്നത്തമല്ലയോ? ജ്ഞാനപ്പെണ്ണെ!

16. മലമൂത്രമുള്ളതുകൊണ്ടു ദൂരേ
വിലക്കി നിർത്താം ചില ജനത്തെ;
മലമൂത്രമില്ലാത്ത ഗാത്രങ്ങളിബ്‌ഭൂമീ-
വലയത്തിലില്ലല്ലോ യോഗപ്പെണ്ണെ!- പിന്നെ
ഫലമുണ്ടോ തീണ്ടലാൽ ജ്ഞാനപ്പെണ്ണെ!

17. തെളിയാത്ത വസ്ത്രമുടുത്തു ഗാത്രേ
ചളിയുള്ളവരെയകറ്റും പോലെ
കുളിയും കുറിയുമെഴുന്ന ജനത്തെയും
വിളി കാണിച്ചീടല്ലേ യോഗപ്പെണ്ണെ!- എത്ര
പൊളിയാണീയജ്ഞാനം ജ്ഞാനപ്പെണ്ണെ!

18. ഭൂതതൻ മാത്രകൾ കൊണ്ടു തന്നെ
ജാതങ്ങളാകും ശരീരങ്ങളിൽ
ഏതിനെയാട്ടണം ഏതാട്ടു കൊള്ളണം
ചേതസ്സിലോർക്കുക യോഗപ്പെണ്ണെ!- എന്നാൽ
വാതുകളില്ലല്ലോ ജ്ഞാനപ്പെണ്ണെ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/5&oldid=161460" എന്ന താളിൽനിന്ന് ശേഖരിച്ചത്