താൾ:Jathikkummi.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു133. അത്തിരുമേനിയിത്തീണ്ടിച്ചട്ടം
എത്ര കുറയ്ക്കുന്നനുദിവസം
ഉത്തമദൃഷ്ടാന്തമൊന്നു രണ്ടല്ലോ
പത്തു നൂറായിരം യോഗപ്പെണ്ണേ! -സത്യ-
വേത്താവീത്തമ്പുരാൻ ജ്ഞാനപ്പെണ്ണേ!


134. ജാതിയിലീഴവനെന്നാലും
നീതിയും വിദ്യയുമുള്ളാളിനെ
ഭൂതിയരുളുന്നു*ജഡ്ജിയായ് വയ്ക്കുന്നു
ഖ്യാതി കൂട്ടീടുന്നു യോഗപ്പെണ്ണേ! -എത്ര
നീതിമാനിദ്ദേഹം ജ്ഞാനപ്പെണ്ണേ!


135. ശീലഗുണവും പഠിപ്പുമുള്ള
വാലനും തച്ചനും പാണന്മാർക്കും
ജോലി കൽ‌പ്പിക്കുന്നു തൃക്കൺ പതിക്കുന്നു
പാലിക്കുന്നു നിത്യം യോഗപ്പെണ്ണേ! -സത്യ-
ലോലുപനീനൃപൻ ജ്ഞാനപ്പെണ്ണേ!


136. പുണർതം തിരുനാളവതരിച്ച
ഗുണഗണസങ്കേതമീനൃപതി
അണയുമജ്ഞാനങ്ങൾ നീക്കിയീരാജ്യത്തെ
ഘൃണയാ ഭരിക്കട്ടെ യോഗപ്പെണ്ണേ! -നല്ലോ-
രുണർവാകട്ടെ നാട്ടിൽ ജ്ഞാനപ്പെണ്ണേ!


137. വാഴട്ടെ വാഴട്ടെ മാടഭൂപൻ
വാഴട്ടെ വാഴട്ടെ രാമവർമ്മൻ
വാഴട്ടെ വാഴട്ടെജി.സി.ഐ.ഇ. ഭൂപൻ
വാഴട്ടെ വാഴട്ടെ യോഗപ്പെണ്ണേ! തീണ്ടൽ
താഴട്ടെ താഴട്ടെ ജ്ഞാനപ്പെണ്ണേ!


138. വഞ്ചിവസുധാവലാകാന്തന്റെ
കിഞ്ചന കാരുണ്യമുണ്ടാകുമ്പോൾ
പഞ്ചത്വം ചേരുമീ തീണ്ടിക്കുളിച്ചട്ടം
നെഞ്ചകം ശുദ്ധമാം യോഗപ്പെണ്ണേ! ലോക
വഞ്ചനയല്ലിതു ജ്ഞാനപ്പെണ്ണേ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/25&oldid=161458" എന്ന താളിൽനിന്ന് ശേഖരിച്ചത്