താൾ:Jathikkummi.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു97. വാക്കൈ പൊത്തിക്കൊണ്ടു"തമ്പ്രാക്കളേ!
കാക്കണേ"യെന്നു പറയുന്നവർ
വെക്കം വരാപ്പുഴച്ചെന്നു വരുന്നേരം
നിക്കക്കള്ളി കിട്ടി യോഗപ്പെണ്ണേ!- അപ്പോ-
ളൊക്കെ “മേനോക്കച്ചൻ” ജ്ഞാനപ്പെണ്ണേ!

98. അന്തണന്മാർ നിജ ഭക്തരാകും
ഹിന്തു ജനങ്ങളെയാട്ടിയോട്ടി
വെന്തീഞ്ഞ ചാർത്തിച്ചു ചാരെ വിളിക്കുന്ന-
തെന്തൊരു സാഹസം യോഗപ്പെണ്ണേ!- ഉള്ളു-
വെന്തുപോകുന്നല്ലൊ ജ്ഞാനപ്പെണ്ണേ!

99. ഉത്തമ ഹിന്തു മത മതില-
ന്നുത്തമാംഗങ്ങളെന്നോതുന്നവർ,
ചിത്രവർണ്ണങ്ങളായിടുമപരാംഗ
വർത്തിലോകങ്ങളെ യോഗപ്പെണ്ണേ!- തെല്ലു
ശത്രുക്കളാക്കാമോ ജ്ഞാനപ്പെണ്ണേ!

100. ഉത്തമാംഗംകൊണ്ടപരാംഗം
കൊത്തിച്ചളുക്കിക്കളഞ്ഞെന്നാൽ
അത്തലുണ്ടാകുമക്കേകിയെക്കാണുന്ന
മർത്ത്യർചിരിച്ചിടും യോഗപ്പെണ്ണേ!-ഇതു്-
ഹൃത്തിൽ വച്ചീടുക ജ്ഞാനപ്പെണ്ണേ!

101. ആലവട്ടത്തിൽ മുടികളിലും
പീലി നിരകൾ വിലസും പോലെ
നാലുവർണ്ണങ്ങളും ചേർന്നു മതാന്തരേ
കാലുവച്ചീടുന്നു യോഗപ്പെണ്ണേ!- അപ്പോൾ
താലോലിക്കും ചിലർ ജ്ഞാനപ്പെണ്ണേ!

102. ആര്യപുരാതന ഹിന്തുമത-
സാരങ്ങളൊക്കെപ്പരിശോധിച്ചാൽ
സാരമില്ല തീണ്ടലജ്ഞാനമൂർത്തിയെ-
ന്നാരും പറഞ്ഞിടും യോഗപ്പെണ്ണേ!- ചില
കാരണം കേൾക്കുക ജ്ഞാനപ്പെണ്ണേ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/19&oldid=161451" എന്ന താളിൽനിന്ന് ശേഖരിച്ചത്