താൾ:Jathikkummi.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു67. ഈറനുടുത്ത തണുപ്പുമൂലം
ഈറ പിടിച്ചു നിലം തൊടാതെ
മാറടാ പോടാ എന്നോതി മഹാജനം
ചീറുന്നു നിത്യവും യോഗപ്പെണ്ണേ!- ബോധം
മാറുന്നു ചിത്തത്തിൽ ജ്ഞാനപ്പെണ്ണെ!

68. വഴിക്കുളം തീണ്ടിയെന്നോതി മന്ദം
വഴക്കടിക്കുന്നു ചില ജനങ്ങൾ
കിഴിപ്പണം വാങ്ങിച്ചു പുണ്യാഹം ചെയ്യിച്ചു
കിഴിക്കുന്നുസാധുവെ യോഗപ്പെണ്ണെ!- ഏറ്റം
പഴിക്കുന്നഹോ കഷ്ടം ജ്ഞാനപ്പെണ്ണെ!

69. ചണ്ഡാളന്മാരെപ്പുലയരെയും
കണ്ണാലെ കണ്ടാൽകുളി കഴിയും
ഉണ്ണാനുറക്കമില്ല, തരമുണ്ടെങ്കിലൊന്നു
പുണ്യാഹവും ചെയ്യും യോഗപ്പെണ്ണെ!- എന്തു
പുണ്യമതുകൊണ്ടു ജ്ഞാനപ്പെണ്ണെ!

70. ശങ്കരക്ഷേത്രേ ഗമിക്കുംനേരം
സങ്കരജാതിയെ ക്കണ്ണിൽ കണ്ടാൽ
കിങ്കരന്മാരെക്കൊണ്ടാട്ടിയോടിക്കുന്നു
സങ്കടം ചേർക്കുന്നു യോഗപ്പെണ്ണെ!- എന്തു
പങ്കപ്പാടാണിത് ജ്ഞാനപ്പെണ്ണെ!

71. പട്ടണത്തിങ്കൽ വളരെഭേദം
നാട്ടുമ്പുറത്തിൽ നടക്കാൻ മേലാ
ആട്ടുന്നു, തല്ലുന്നു, പുത്തൻ വാങ്ങിക്കുന്നു
നട്ടം തിരിക്കുന്നു, യോഗപ്പെണ്ണെ!- അതു
കേട്ടാൽ കരഞ്ഞു പോം ജ്ഞാനപ്പെണ്ണേ!

72. കടക്കാൻ വിരോധിച്ച വഴിയെന്നുള്ളിൽ
കടക്കാതെ സാധുക്കളകപ്പെടുമ്പോൾ
ഇടിത്തീ വരുമ്പോലെ ചിലകൂട്ടരോടി വ-
ന്നിടിക്കുന്നു, പിടിക്കുന്നു യോഗപ്പെണ്ണെ!
കൊടുക്കുന്നു, നടക്കുന്നു ജ്ഞാനപ്പെണ്ണെ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/14&oldid=161446" എന്ന താളിൽനിന്ന് ശേഖരിച്ചത്