ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പരിവർത്തനത്തിനു സഹായിക്കുന്ന, അവരുടെ ജീവിതവും അധഃസ്ഥിതരുടെ ജീവിതവും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന ഒന്നായിരിക്കണമെന്ന് ഗാന്ധിജി വാദിച്ചു. അധികാരം കയ്യാളിയ വരേണ്യവർഗം, സ്വാഭാവികമായും അതിന് തയ്യാറായില്ല. അങ്ങനെയാണ് ആധുനിക പാശ്ചാത്യവിദ്യാഭ്യാസം സാർവത്രിക വിദ്യാഭ്യാസത്തിനുള്ള മാതൃകയായി അംഗീകരിക്കപ്പെട്ടത്. അത് കഴിഞ്ഞ് ആറു പതിറ്റാണ്ടായി. നാം എവിടെ എത്തിനിൽക്കുന്നു? 14 വയസ്സുവരെയുള്ള പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുക എന്ന ലക്ഷ്യം, 1965ൽ നിറവേറ്റേണ്ടിയിരുന്ന ലക്ഷ്യം, ഇപ്പോഴും നിറവേറ്റിയിട്ടില്ല. ലോകത്തിൽ ഏറ്റവും അധികം നിരക്ഷരർ ഉള്ള രാജ്യമായി ഇന്നും ഇന്ത്യ തുടരുന്നു. വരേണ്യർക്ക് IITകളും IIMകളും അടക്കമുള്ള വരേണ്യസ്ഥാപനങ്ങൾ രൂപം കൊണ്ടു. അവരുടെ വരേണ്യസ്ഥാനം നിലനിർത്തുക, ശക്തിപ്പെടുത്തുക എന്നതുതന്നെ ആയിരുന്നു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിലവർ വിജയിച്ചിട്ടുണ്ട്. എന്നാൽ, ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിതവിഭാഗത്തിന്റെ കാര്യമോ? അവരിൽ ഭാഗ്യശാലികളായ ചിലർക്ക് ലഭിക്കുന്ന പൊതുവിദ്യാഭ്യാസം, ഇന്ന് അവരുടെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്തതാണ്. 8 വരെയോ 10 വരെയോ ഉള്ള സ്കൂൾ വിദ്യാഭ്യാസം, കൃഷി, പരമ്പരാഗതവ്യവസായങ്ങൾ മുതലായ മേഖലകളിൽ പണിയെടുക്കുന്ന ഭൂരിപക്ഷത്തിന് എന്ത് അറിവും കഴിവുമാണ് പകരുന്നത്? ഒന്നുമില്ല. പിന്നെന്തിന് ഇത് തുടരുന്നു? അതിന് കാരണമുണ്ട്. വരേണ്യവിദ്യാഭ്യാസമാണ് വരേണ്യരെ കൂടുതൽ ശക്തരാക്കുന്നത് എന്ന് അധഃസ്ഥിതർ കാണുന്നുണ്ട്. തങ്ങൾക്കും അത്തരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുകയാണെങ്കിൽ തങ്ങളുടെ വിമോചനത്തെ അത് സഹായിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. പ്രതീക്ഷ ന്യായമാണുതാനും. എന്നാൽ അവരുടെ സാമൂഹിക-സാമ്പത്തിക പരിസ്ഥിതികുളിൽ ഗണ്യമായ മാറ്റമൊന്നും ഈ വിദ്യാഭ്യാസംകൊണ്ട് ഉണ്ടാക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും പട്ടികജാതി പട്ടികവർഗക്കാർക്കിടയിൽ. അങ്ങനെ ജീവിതവും വിദ്യാഭ്യാസവും തമ്മിൽ താത്കാലികം മാത്രം എന്നു പ്രതീക്ഷിച്ചിരുന്ന വിടവ് പതിറ്റാണ്ടുകളായി നിലനിൽക്കുകയും വളരുകയും ചെയ്തു. തങ്ങൾക്ക് ലഭ്യമായേക്കാവുന്ന ജീവിതവൃത്തികളുമായി കൃഷി, പരമ്പരാഗത വ്യവസായങ്ങൾ, പരമ്പരാഗത സാങ്കേതികസേവനങ്ങൾ എന്നിവയുമായി ഒരു ബന്ധവുമില്ലാത്ത, അവയിൽ ഏർപ്പെടാൻ ഒരു കഴിവും നൽകാത്ത, രണ്ടു തലമുറകളെയാണ് ആധുനിക വിദ്യാഭ്യാസം സൃഷ്ടിച്ചത്. കൃഷിയും പരമ്പരാഗത വ്യവസായങ്ങളും മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസം ഒരു സംഭാവനയും നൽകിയില്ലെന്നു മാത്രമല്ല, അവയോട് വെറുപ്പുള്ള, ഒരു തൊഴിലും എടുക്കാൻ അറിയാത്ത, രണ്ടു തലമുറകളെ, പത്തു നാൽപ്പത് കോടി മനുഷ്യരെ, സൃഷ്ടിച്ചു എന്ന മഹാപരാധം കൂടി ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെയും കേരളവിദ്യാഭ്യാസത്തിന്റെയും മേൽ ചുമത്താവുന്നതാണ്. ഇത് ശരിക്കും ആഭാസം തന്നെയാണ്. എന്തുചെയ്യാൻ കഴിയും

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/98&oldid=240219" എന്ന താളിൽനിന്ന് ശേഖരിച്ചത്