ആരോഗ്യ-വിദ്യാഭ്യാസ-വിനോദ-വിശ്രമ സംവിധാനങ്ങളും ഉൽപ്പാദിപ്പിക്കുന്ന രീതിയും, അതിനുപയോഗിക്കുന്ന സാധനസാമഗ്രികളും സംഘടനാ സംവിധാനങ്ങളും കീഴ്‍വഴക്കങ്ങളും എല്ലാം അമേരിക്കയിലേതിൽ നിന്നും യൂറോപ്പിലേതിൽ നിന്നും വ്യത്യസ്തമാണ്. ഇന്ത്യൻ സമൂഹം അതിലെ വളർന്നു വരുന്ന തലമുറയിൽ അർപ്പിക്കുന്ന ഉത്തരവാദിത്ത്വങ്ങളും അമേരിക്കൻ സമൂഹം അവിടത്തെ യുവതീയുവാക്കളിൽ ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങളും വ്യത്യസ്തമാണ്. അതിനാൽ തന്നെ, രണ്ടുകൂട്ടർക്കും നൽകുന്ന വിദ്യാഭ്യാസവും വ്യത്യസ്തമായിരിക്കണം. കേരള സമൂഹവും ഭാരത സമൂഹവും തമ്മിലും ജീവനോപാധികളുടെ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. പക്ഷേ, ഇന്ന് ഭാരതത്തിലും കേരളത്തിലും ജീവിക്കുന്ന ഒരു 'അമേരിക്കൻ യൂറോപ്യൻ' സമൂഹമുണ്ട് - ഇവിടത്തെ വരേണ്യവർഗം. അതാവശ്യപ്പെടുന്നത് അമേരിക്കൻ യൂറോപ്യൻ (പാശ്ചാത്യ മുതലാളിത്ത) വിദ്യാഭ്യാസമാണ്. അപ്പോൾ ഇവിടെ രണ്ടു സമൂഹമുണ്ട് രണ്ടു ജീവിതരീതികളുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, കയർ - കൈത്തറി കശുവണ്ടി - ഓട് - ഇഷ്ടിക - മുള - ബീഡി ആദി വ്യവസായങ്ങളിൽ പണിയെടുക്കുന്നവർ - ഇവരാണ് ഒരു കൂട്ടർ. എൻജിനീയർമാർ, ഡോക്ടർമാർ, മാനേജർമാർ, ശാസ്ത്രജ്ഞർ, ബിസിനസ്സുകാർ, ഭരണാധികാരികൾ, അധ്യാപകർ, ഭൂപ്രഭുക്കൾ... മുതലായവരടങ്ങുന്ന ന്യൂനപക്ഷമാണ് മറ്റേ കൂട്ടർ.
സ്വതന്ത്ര ഭാരതത്തിലെ വിദ്യാഭ്യാസം എങ്ങനെയിരിക്കണമെന്നതിനെപ്പറ്റി കോൺഗ്രസിനുള്ളിൽ തർക്കമുണ്ടായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന ആദ്യവിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും അവരുടെ മേൽഗതിയെ സഹായിക്കുകയും ചെയ്യുന്ന വിധത്തിലായിരിക്കണം ഇന്ത്യൻ വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടതെന്ന് ഗാന്ധി വാദിച്ചു. ടാഗോർ മറ്റൊരു തട്ടിലായിരുന്നു. മാനവരാശിയുടെ സാംസ്കാരിക പൈതൃകം, വ്യക്തിയുടെ സവിശേഷ വ്യക്തിത്വം വളർത്തലാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വിദ്യാഭ്യാസത്തിന്റെ മർമ പ്രധാന ലക്ഷ്യം. പക്ഷേ, ഇതുരണ്ടുമായിരുന്നില്ല നെഹ്റുവടക്കം ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെയും മനസ്സിലുണ്ടായിരുന്നത്. ഭാരതത്തെ എത്രയും വേഗത്തിൽ 'ആധുനീകരിക്കുക' എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനവർ കണ്ട മാർഗം ആധുനിക പാശ്ചാത്യ വിദ്യാഭ്യാസം (വരേണ്യവിദ്യാഭ്യാസം) സാർവത്രികമാക്കുക എന്നതാണ്. സാമൂഹിക-സാമ്പത്തിക മേഖലകളിൽ മാറ്റം വരാതിരിക്കുന്നിടത്തോളം കാലം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും ലക്ഷ്യവും തമ്മിൽ പൊരുത്തക്കേടുണ്ടാകുമെന്ന് അവർ മനസ്സിലാക്കിയില്ല, അല്ലെങ്കിൽ മനസ്സിലാക്കാൻ കൂട്ടാക്കിയില്ല. വിദ്യാഭ്യാസത്തെ ഒരു വിമോചന ഉപാധിയായി, മാറ്റത്തിന്റെ ഉപകരണമായി ഉപയോഗിക്കണമെന്നാണ് നയീ താലീം വഴി ഗാന്ധി നിർദേശിച്ചത്. നിലവിലുള്ള സമൂഹജീവിതവുമായി ഒരു ബന്ധവുമില്ലാത്ത വിദ്യാഭ്യാസംകൊണ്ട് അത് കഴിയില്ല. വരേണ്യവർഗത്തിന്റെ വിദ്യാഭ്യാസം പോലും