നവും പരിഷത്ത് നടത്തിയിട്ടില്ല. എങ്കിലും പരിഷത്തിന്റെമേൽ ഊഹിക്കാനാകാത്ത തരത്തിലുള്ള ദുരാരോപണങ്ങൾ ഉയരുകയുണ്ടായിട്ടുണ്ട്. ഇപ്പോഴും ഉയരുന്നുണ്ട്, ഒരു വശത്ത് പരിഷത്ത് കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയുടെ ഒരു പോഷക സംഘടനയാണ് എന്ന ആരോപണം. മറുവശത്ത് പരിഷത്ത് സി.ഐ.എ ഏജന്റാണ് എന്ന ആരോപണം. ഇനിയും ഒരു വശത്ത് പരിഷത്ത് പരിസ്ഥിതി മൗലികവാദിയാണ്, വികസനവിരുദ്ധമാണ് എന്ന ആരോപണം. എതിർവശത്ത് പരിഷത്ത് പരിസ്ഥിതിയുടെ കാര്യത്തിൽ ഉറച്ചനിലപാടുകൾ എടുക്കുന്നില്ല എന്ന ആരോപണം. അതെ, പരിഷത്തിന് പ്രായപൂർത്തിവന്നിരിക്കുന്നു!
ബ്രിഡ്ജ് കോഴ്സുകൾ, വിജ്ഞാന പരീക്ഷകൾ, അധ്യാപക പരിശീലനങ്ങൾ എന്നിവയായിരുന്നു 1970കളുടെ തുടക്കത്തിലെ പ്രവർത്തനങ്ങൾ. ഒപ്പം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് മലയാളത്തിൽ ഉപരിപഠനത്തിനാവശ്യമായ പാഠപുസ്തകങ്ങൾ ഉണ്ടാക്കുകയും അവ ഉപയോഗിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്തിരുന്നു. എല്ലാതലത്തിലുമുള്ള അധ്യയന മാധ്യമം മാതൃഭാഷയാക്കുക എന്നതാണ് പരിഷത്ത് ഇക്കാലത്ത് ഏറ്റെടുത്തിരുന്ന മറ്റൊരു ദൗത്യം. വിദ്യാഭ്യാസരംഗത്ത് വന്നുകൊണ്ടിരുന്ന സർവതോമുഖമായ അപചയത്തെക്കുറിച്ച് പരിഷത്ത് ആശങ്കാകുലമാകാൻ തുടങ്ങിയത് 70കളുടെ മധ്യത്തോടുകൂടിയാണ്. 1976ൽ നടന്ന 13-ാം വാർഷികത്തിൽ ഒരു വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചിരുന്നു. അതിൽ ഈ ലേഖകൻ അവതരിപ്പിച്ച പ്രബന്ധത്തിൽ പാഠ്യപദ്ധതി പരിഷ്കരണം, പരീക്ഷാരീതികളുടെ പരിഷ്കരണം, പാഠപുസ്തകങ്ങൾ, അധ്യയനരീതി എല്ലാം പരാമർശിക്കപ്പെട്ടിരുന്നു. അന്ന് ഉയർത്തിയ ഒരുപ്രശ്നം ഇന്നും പ്രസക്തമായിത്തന്നെ നിലനിൽക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യമെന്ത്? ഇന്നത്തെ വിദ്യാഭ്യാസംകൊണ്ട് ആ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നുണ്ടോ? കേന്ദ്രഗവൺമെന്റുകൾ നിയോഗിച്ച വിദ്യാഭ്യാസക്കമ്മീഷനുകളുടെ അന്വേഷണവും ഇതുതന്നെ ആയിരുന്നു. പരിഷത്തും ഔപചാരികമായ വിദ്യാഭ്യാസരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. കമ്മീഷനുകളെപ്പോലും നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യമായി നിർവചിക്കപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പെറ്റുവീണ കുട്ടികളെ, കുറഞ്ഞൊരു കാലംകൊണ്ട്, പത്ത് പതിനഞ്ചുകൊല്ലംകൊണ്ട്, മാനവരാശി അവരെ, അനേകായിരം കൊല്ലങ്ങളിലൂടെ ആർജിച്ചിട്ടുള്ള വിജ്ഞാനസമ്പത്തിന്റെയും കൗശലസമ്പത്തിന്റെയും സത്ത സ്വാംശീകരിക്കാനും അങ്ങനെ സമൂഹത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കെൽപ്പുള്ളവരാക്കാനും സഹായിക്കുക. ഇതാണ് വിദ്യാഭ്യാസത്തിന്റെ പ്രയോഗാത്മകമായ ധർമം. മനുഷ്യർക്ക് മൃഗങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി ഭൗതികേതരമായ, സാംസ്കാരികമായ, ആത്മീയമായ ഒരു സ്വത്വം കൂടി ഉണ്ട്. ഈ സ്വത്വം വികസിപ്പിക്കാൻ സഹായി