ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അസാമാന്യമായ വിഷമം കാരണം മൂന്നു ലക്കത്തിനുശേഷം അത് നിർത്തി വെക്കുകയാണുണ്ടായത്. അക്കാലത്ത് പല സന്ദർശകരും പരിഷത്ത് പ്രവർത്തകരോട് ചോദിക്കാറുള്ള ഒരു ചോദ്യമുണ്ടായിരുന്നു; 'നിങ്ങൾ 10- 12 കൊല്ലമായല്ലോ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്? എത്രകണ്ട് ഫലപ്രദമാണ് നിങ്ങളുടെ പ്രവർത്തനം? എന്താണ് നിങ്ങളുടെ വിലയിരുത്തൽ? എന്താണ് അതിന്റെ ആഘാതം (impact)?' എങ്ങനെയാണ് പരിഷത്ത് പ്രവർത്തനത്തിന്റെ ഫലദായിത്വം അളക്കുക? എന്താണതിന്റെ മാനദണ്ഡം? അറിഞ്ഞുകൂടായിരുന്നു. പക്ഷേ, ഒരു കാര്യം വ്യക്തമാണ്. പരിഷത്ത് മാറ്റത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്, പ്രവർത്തിക്കുന്നത്. മാറ്റം വേണമെങ്കിൽ ബലം പ്രയോഗിക്കണം. അപ്പോൾ പ്രതിബലവും ഉണ്ടാകും, പ്രത്യാഘാതം ഉണ്ടാകും. എല്ലാവരും പുകഴ്‍ത്തുകയാണെങ്കിൽ പരിഷത്ത് ഫലപ്രദമല്ല എന്നാണതിനർഥം. എന്നാൽ വിദ്യാഭ്യാസരംഗത്തേക്ക് വ്യാപിച്ചതോടെ ചിലരുടെയെങ്കിലും മനസ്സുകളിൽ ആശങ്ക വളരാൻ തുടങ്ങി. പി.ടി.ബി അറിയപ്പെടുന്ന ഒരു കമ്യൂണിസ്റ്റുകാരനാണ്. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടത് വിദ്യാഭ്യാസത്തിലെ ഇടപെടൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ്. ഇപ്പോഴിതാ വീണ്ടും ഇടതുപക്ഷക്കാർ വിദ്യാഭ്യാസത്തിലേക്ക് നുഴഞ്ഞുകയറുന്നു. ആദ്യമാദ്യം എതിർപ്പ് മനസ്സിൽ മാത്രമായിരുന്നു, പ്രകടിപ്പിക്കപ്പെട്ടിരുന്നില്ല. പക്ഷേ, അടിയന്തിരാവസ്ഥക്കാലത്ത് അത് പുറത്തുവന്നു. സ്കൂൾ സയൻസ് ക്ലബ്ബുകളെ പരിഷത്തിൽ അഫിലിയേറ്റ് ചെയ്യുന്നത് വിലക്കി. കോൺഗ്രസുകാരനായ ഒരു അധ്യാപകന്റെ നേതൃത്വത്തിൽ ഗവൺമെന്റ് സ്വന്തം സയൻസ് ക്ലബ്ബ് സംഘടനയുണ്ടാക്കി. കൊല്ലത്തെ ഒരു ബിഷപ് പരിഷത്തിനെ 'പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം' എന്നു വിശേഷിപ്പിച്ച്, കുട്ടികളെ പരിഷത്തുമായി ബന്ധപ്പെടുത്തരുതെന്ന് ഉപദേശിച്ചുകൊണ്ട് ഒരു ഇടയലേഖനം ഇറക്കി. 1976ലെ പ്രകൃതി, ശാസ്ത്രം, സമൂഹം ക്ലാസ്സുകൾക്കു ശേഷം, അത് കമ്യൂണിസ പ്രചാരണമാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് ചന്ദ്രികയിൽ ഒരു മുഴുപേജ് ലേഖനം തന്നെ വന്നു. 1970കളുടെ അവസാനമായപ്പോഴക്കും സൈലന്റ് വാലി വിവാദം ഉയർന്നുവന്നു. ഇത് ഒട്ടേറെ ശത്രുക്കളെ പരിഷത്തിന് നൽകി. കോൺട്രാക്ടർമാർ, എൻജിനിയർമാർ, ഇടത്തട്ടുകാർ തുടങ്ങിയ വികസനത്തിന്റെ ഗുണഭോക്താക്കൾ' (പരിഷത്ത് വികസനത്തിന്റെ ദോഷഭോക്താക്കളുടെ പക്ഷത്തായിരുന്നു) എല്ലാം പരിഷത്തിന്റെ ശത്രുക്കളായി മാറി. അവിടുന്നിങ്ങോട്ട് പരിഷത്തിന്റെ പേരിൽ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടുകൊണ്ടേയിരുന്നു. പരിഷത്തിന്റെ പ്രവർത്തനങ്ങൾ ഏശുന്നുണ്ടെന്നതിന്റെ ലക്ഷണമായി ഇതിനെ കാണാം. ആരെയൊക്കെയോ അത് വേദനിപ്പിക്കുന്നുണ്ട്. പരിഷത്ത് അതിന്റെ പക്ഷപാതിത്തം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിനെ എങ്ങനെ ബാധിക്കുന്നു എന്നു നോക്കിയാണ് പരിഷത്ത് നിലപാടെടുക്കുന്നത്. അവർക്ക് ദ്രോഹം ചെയ്യുന്ന ഒരു പ്രവർത്ത

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/94&oldid=240214" എന്ന താളിൽനിന്ന് ശേഖരിച്ചത്