കഴിഞ്ഞില്ല. അടുത്തകാലത്തു മാത്രമാണ് ഈ സ്ഥിതിയിൽ അൽപ്പസ്വൽപ്പം മാറ്റം വന്നത്. കാരണം, 1997ൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണം, ബോധപൂർവം തന്നെ ജ്ഞാനസൃഷ്ടി സിദ്ധാന്തത്തിൽ അധിഷ്ഠിതമായിരുന്നു. അപ്പോഴേയ്ക്കും പരിഷത്തിലെ സജീവപ്രവർത്തകരും അല്ലാത്തവരുമായി ഒട്ടനവധി അധ്യാപകർ ബോധനശാസ്ത്രത്തിൽ തൽപ്പരരായിക്കഴിഞ്ഞിരുന്നു; ബി.എഡ് ക്ലാസ്സുകളിൽ പഠിച്ചതിനപ്പുറം പോയിരുന്നു, ധാരാളം വായിക്കാൻ തുടങ്ങിയിരുന്നു; തങ്ങളുടെ ക്ലാസ്സ്റൂം അനുഭവങ്ങളെ സിദ്ധാന്തങ്ങളുമായി താരതമ്യപ്പെടുത്താൻ തുടങ്ങിയിരുന്നു; അങ്ങനെ പുതിയൊരു തരം അധ്യാപകരുടെ ഒരു കൂട്ടായ്മ വളർന്നു വന്നു. ഈ കൂട്ടായ്മയിൽ പരിഷത്ത് പ്രവർത്തകരല്ലാത്ത ഒട്ടനവധി അധ്യാപകർ കൂടി ഉണ്ടായിരുന്നു. ഇതിനകം പരിഷത്തിന്റെ അനുഭവസമ്പത്ത് പൊതുഅധ്യാപകരുടേതുകൂടി ആയിത്തീർന്നു. 1997 ൽ സർക്കാർ പാഠ്യപദ്ധതി പരിഷ്കരണത്തിനായി പ്രത്യേകം ഇന്റർവ്യൂ നടത്തി എടുത്ത അധ്യാപകരിൽ മേൽപ്പറഞ്ഞ തരത്തിലുള്ള പരിഷത്തുകാരല്ലാത്ത ധാരാളം അധ്യാപകർ ഉണ്ടായിരുന്നു.
1990കളുടെ അവസാനമായപ്പോഴേയ്ക്കും ഇത്തരം പ്രവർത്തനങ്ങൾ സ്കൂളുകളിൽ മാത്രമായി ഒതുങ്ങുന്ന അവസ്ഥയുണ്ടായി. അത് മറികടക്കാനും തദ്ദേശീയമായ ബാലവേദി പ്രവർത്തനത്തെ ശക്തിപ്പെടുത്താനുമായാണ് 2004ലെ വലിയ സർഗോത്സവം പരിഷത്ത് സംഘടിപ്പിച്ചത്. അതിൽ നിന്നുണ്ടാകുന്ന ഉന്മേഷത്തിന്റെ ഊർജം ഉപയോഗിച്ച്, അതിബൃഹത്തായ ഒരു ബാലവേദി ശൃംഖലയും അവയ്ക്ക് നേതൃത്വം നൽകാനായി യുവതലമുറയിൽപ്പെട്ടവരുടെ പഞ്ചായത്തുതോറുമുള്ള ചങ്ങാതിക്കൂട്ടങ്ങളും ഉണ്ടാക്കണമെന്നായിരുന്നു ലക്ഷ്യം. എന്നാൽ ആവശ്യമായ അളവിൽ മേലോട്ടുള്ള തള്ളൽ കൊടുക്കാൻ കഴിയാത്ത റോക്കറ്റിൽ ഇന്ധനം മുഴുവൻ ലോഞ്ചിങ്ങ് പാഡിൽ വച്ചുതന്നെ കത്തിത്തീരുന്നപോലെ ആയിരുന്നു ആലപ്പുഴയിലെ അനുഭവം. ചങ്ങാതിക്കൂട്ടങ്ങളെ വളർത്തിക്കൊണ്ടുവരാൻ വേണ്ടത്ര ഊർജം പരിഷത്ത് പ്രവർത്തകരിൽ അവശേഷിച്ചില്ല. ഈയിടെ സംഘടിപ്പിച്ചുതുടങ്ങിയ യുവസംഗമത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് ഇതു കൂടിയാണ്. ഇന്ന് കുട്ടികൾക്ക് മാധ്യമങ്ങളിലൂടെയും വിദ്യാലയങ്ങളിലൂടെയും സ്വന്തം വീടുകളിൽ നിന്നും ലഭിക്കുന്ന വ്യക്തിത്വബോധം സങ്കുചിതമാണ്, സ്വാർഥപൂരിതമാണ്. സ്നേഹരഹിതമാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സമത്വത്തിന്റെയും സുസ്ഥിരതയുടെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സഹകരണത്തിന്റെയുമായ ഒരു മൂല്യബോധം കുട്ടികളിൽ വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം കൂടി ബാലവേദികൾക്കുണ്ട്. അതിന് കടകവിരുദ്ധമായ മൂല്യങ്ങളാണ് ജാതിമതാധിഷ്ഠിതങ്ങളായ കുട്ടികളുടെ സംഘങ്ങളിൽ നൽകുന്നത്. ഭാവി സമൂഹത്തെ രക്ഷിക്കാൻ കുട്ടികളെ ഇതിൽ നിന്ന് രക്ഷിച്ചേ പറ്റൂ.