ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ശതമാനത്തെപ്പോലും ഉൾക്കൊള്ളാൻ അതിന് കഴിഞ്ഞില്ല.

ഒന്നാമതായി: ബാലവേദികൾ ഒരു ഇവന്റ് - സംഭവം - അല്ല. സ്ഥിരമായ ഒരു സംവിധാനമാണ്. ഓരോ ബാലവേദിക്കും മാർഗനിർദേശം നൽകാൻ പ്രാദേശിക പ്രവർത്തകർ വേണം. അവർ തുടർച്ചയായി പഠിക്കുന്നവരാകണം. ഈ ലക്ഷ്യം മുൻനിർത്തി ബാലവേദി പ്രവർത്തകർക്കായി നിരവധി പരിശീലനക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായിട്ടുണ്ട്. എന്നാൽ ഈ പരിശീലകരുടെ കയ്യിലെ സ്റ്റോക്ക് വേഗം തീർന്നു. അവരും തുടർച്ചയായി പഠിക്കേണ്ടിയിരുന്നു. അത് നടന്നില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും ചില പ്രവർത്തകർ ഉയർന്ന സർഗശേഷി കാണിക്കുകയും അവരുടെ ഉത്തരവാദിത്ത്വത്തിലുള്ള ബാലവേദികൾ സജീവങ്ങളായി നിലകൊള്ളുകയും ചെയ്തു. എന്നാൽ ഏറിയ പങ്ക് ബാലവേദികളും സർഗാത്മകതയുടെ അഭാവം കാരണം നിഷ്‍ക്രിയമായിത്തീർന്നു. 2004ലെ ആലപ്പുഴ പരിപാടിക്ക് 'സർഗോത്സവം' എന്ന പേർ നൽകിയത് സർഗാത്മകതയുടെ പ്രാധാന്യം ഊന്നാനായിരുന്നു എന്നാൽ ആഗ്രഹിച്ച തരത്തിലുള്ള ഒരു ശൃംഖലാ പ്രതിപ്രവർത്തനം ആരംഭിക്കാൻ അതുകൊണ്ടും കഴിഞ്ഞില്ല.

രണ്ടാമതായി: വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരവരുടെ നേതൃത്വത്തിൽ ബാലവേദികൾ രൂപീകരിക്കാൻ തുടങ്ങി. ബാലസംഘം, ബാലജനസഖ്യം, ബാലഗോകുലം.... ഓരോരുത്തരും കുട്ടികളെ തങ്ങളുടെ സംഘങ്ങളിലേക്ക് ആകർഷിക്കാൻ തുടങ്ങി. അത്തരമൊരു മത്സരത്തിൽ പരിഷത്തിന് താൽപ്പര്യമില്ലായിരുന്നു. ഇടക്കാലത്ത് കുട്ടികൾക്കിടയിലുള്ള പ്രവർത്തനത്തെ പരിഷത്തിന്റെ പ്രവർത്തനത്തിൽ നിന്ന് സ്വതന്ത്രമാക്കി, ഓട്ടോണമസ് ആക്കുന്നതിനെപ്പറ്റിയും ആലോചന നടന്നു. മുഖ്യമായും ശാസ്ത്രപഠനമാണ് കേന്ദ്രീകരണബിന്ദു എന്നതിനാൽ ഒരു 'ചിൽഡ്രൻസ് സയൻസ് അക്കാദമി' പ്രത്യേകമായി രജിസ്റ്റർ ചെയ്യാം, ബാലവേദികളെ അതിലോട്ട് അഫിലിയേറ്റുചെയ്യാം.... എന്നിങ്ങനെയെല്ലാം പോയി ഈ ആലോചന. എന്നാൽ പലേ കാരണങ്ങളാലും ഇത് നടന്നില്ല.

1974ൽ ആരംഭിച്ച യുറീക്കാ വിജ്ഞാന പരീക്ഷക്ക് അതിവേഗം പ്രചാരം സിദ്ധിക്കുകയുണ്ടായി. നാലും അഞ്ചും ലക്ഷം കുട്ടികൾ അതിൽ പങ്കെടുക്കാറുണ്ടായിരുന്നു. അതിനുമുമ്പേ തുടങ്ങിയ ശാസ്ത്രകേരളം ക്വിസും 1975ൽ തുടങ്ങിയ ശാസ്ത്രഗതി വിജ്ഞാന പരീക്ഷയും വ്യത്യസ്തങ്ങളായ കാരണങ്ങളെക്കൊണ്ട് നിന്നുപോയി. യുറീക്കാവിജ്ഞാനോത്സവം ഇന്നും നടക്കുന്നുണ്ട്. ചില ജില്ലകളിൽ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച്. കുട്ടികൾക്ക് ശാസ്ത്രപഠനത്തിന് പ്രേരണ നൽകുക, പുതിയ പുതിയ മൂല്യനിർണയരീതികൾ ആവിഷ്കരിക്കുക എന്നിങ്ങനെ പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഇതിന് ആയിരക്കണക്കിന് വളണ്ടിയർമാരുടെ സഹായം ആവശ്യമുണ്ട്. വേണ്ടത്ര അധ്യാപകർ ഇതിൽ പങ്കെടുക്കാത്തതിനാൽ, സാധ്യമാകുമായിരുന്ന അക്കാദമിക നേട്ടങ്ങൾ പൂർണമായും ഇതുകൊണ്ട് ഉണ്ടാക്കാൻ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/90&oldid=243874" എന്ന താളിൽനിന്ന് ശേഖരിച്ചത്