അടുത്തകൊല്ലം കണ്ണൂരിൽ വച്ച് നടക്കാനിരിക്കുന്ന 25-ാം വാർഷികത്തിന്റെ മുന്നോടിയായി 1987 ഡിസംബറിൽ ഒരു അഖിലേന്ത്യാ ബാലോത്സവം നടത്തണമെന്നു തീരുമാനിച്ചു. ഡിസംബർ 19-24 തിയ്യതികളിൽ മൊത്തം 1100ൽപ്പരം കുട്ടികൾ പങ്കെടുത്ത അഖിലേന്ത്യാ ബാലോത്സവം തൃശ്ശൂർ ശ്രീ കേരള വർമ കോളേജിൽ നടന്നു. 300ൽ അധികം കുട്ടികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. പത്തുകൊല്ലത്തിനുശേഷം ഒരിക്കൽ യു.എസ്.എ യിലെ മെരിലാൻഡ് സർവകലാശാലയിൽ ചെന്നപ്പോൾ ഒരു ചെറുപ്പക്കാരൻ വന്ന് സ്വയം പരിചയപ്പെടുത്തി. “എന്റെ പേർ കിരൺ വിസ്സ. ഞാൻ 1987ലെ തൃശ്ശൂരിലെ ബാലോത്സവത്തിൽ ആന്ധ്രയിൽനിന്ന് പങ്കെടുത്തിട്ടുണ്ട്."
1988 ഫെബ്രുവരിയിൽ AIPSN രൂപീകരിക്കപ്പെട്ടു. ഏതാനും സംസ്ഥാനങ്ങൾ, ചെറിയ തോതിൽ അഖിലേന്ത്യാ ബാലോത്സവങ്ങൾ നടത്തുകയുണ്ടായി. സാക്ഷരതാ പ്രവർത്തനത്തിനായി BGVS രൂപീകരിച്ചപ്പോൾ അതിന്റെ ആഭിമുഖ്യത്തിൽ 1994 ഡിസംബറിൽ ഡെൽഹിയിൽ വച്ചു നടത്തിയ അഖിലേന്ത്യാ ബാലോത്സവവും അതിനായി സംസ്ഥാനങ്ങളിൽ നടത്തിയ പരിശീലനങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നീട് രാജ്യവ്യാപകമായി നൂറുക്കണക്കിന് ബാലോത്സവങ്ങൾ - ചിലർ അതിനെ 'ബാൽമേള' എന്നു വിളിച്ചു, ചിലർ ജോൽ - Joy of Learning എന്നും - നടന്നു. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഒരു അടിസ്ഥാനപരിപാടി ആയി മാറി ബാലോത്സവം. അതിലെ ഏറ്റവും അവസാനത്തെ പരീക്ഷണമാണ് 2007 മെയ് മാസത്തിൽ കേരളത്തിൽ നാലിടത്തായി നടത്തിയ 'സ്നേഹസഹവാസം'. മൂല്യബോധനത്തിന്റെ രീതിശാസ്ത്രപരമായ ഒരു പരീക്ഷണമായിരുന്നു അത്. എന്നാൽ 2004 മെയിൽ ആലപ്പുഴ വച്ചു നടത്തിയ സർഗോത്സവമായിരുന്നു ഏറ്റവും വലിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 1000 കുട്ടികൾ, കേരളത്തിൽനിന്ന് 2000 കുട്ടികൾ.
കുട്ടികൾക്കിടയിലുള്ള പ്രവർത്തനം ബാലോത്സവങ്ങൾക്കുമുമ്പുതന്നെ പരിഷത്ത് ആരംഭിച്ചതായിരുന്നു. പ്രവർത്തനാധിഷ്ഠിത ശാസ്ത്രബോധനം (Activity Based Science Teaching) എന്ന ആശയം കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ പരിഷത്ത് സ്കൂളുകളിൽ, ആദ്യം ഹൈസ്കൂൾ കുട്ടികൾക്കായി സയൻസ് ക്ലബ്ബും പിന്നീട് ലോവർ പ്രൈമറി കുട്ടികൾക്കായി സയൻസ് കോർണറും, ആരംഭിക്കാൻ മുൻകൈ എടുത്തിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ സ്കൂളിൽ മാത്രമായി പരിമിതപ്പെടുത്താതെ വ്യാപകമാക്കണമെന്ന ഉദ്ദേശത്തോടെയാണ് 'ബാലവേദികൾ' എന്ന സങ്കൽപ്പനത്തിന് രൂപം നൽകിയത്. 1978-79 കാലത്താണ് ബാലവേദികൾ സംഘടിപ്പിക്കപ്പെടാൻ തുടങ്ങിയത്. എന്നാൽ 1981ൽ 'യുറീക്കാ ബാലവേദികൾ' എന്ന കൈപ്പുസ്തകം പ്രസിദ്ധീകരിച്ചതിനുശേഷം മാത്രമാണ് ബാലവേദി പ്രവർത്തനം സജീവമായത്. ഏറെ പ്രത്യാശയുണ്ടായിരുന്ന ഒരു പ്രവർത്തനമേഖലയായിരുന്നു ബാലവേദികൾ. എന്നാൽ നാട്ടിലെ കുട്ടികളിൽ തന്നെ ചെറിയൊരു