ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വികാസം



തനിക്ക് ഇഷ്ടമുള്ള മുറിയിൽ പോകാം. മതിവരുവോളം പ്രവർത്തനങ്ങളിൽ ഏർപ്പെടാം. വൈകുന്നേരം കുട്ടികളെ, അതിഥികളെയും ആതിഥേയരെയും, അച്ഛനോ അമ്മയോ വന്ന് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ആറു ദിവസംകൊണ്ട്, കുട്ടികൾ തങ്ങളുടെ ഭാഷാപരിമിതികൾ മറികടന്നു. എന്തെന്നില്ലാത്ത ഒരടുപ്പം തമ്മിൽ തമ്മിൽ ഉണ്ടായി. ആതിഥേയരുടെ മാതാപിതാക്കളിലും ഗണ്യമായ മാറ്റങ്ങൾ ഉണ്ടായി. ഈ അനുഭവങ്ങൾ വി.കെ.എസ്സും അപ്പു അണ്ണനും മുരളിയും പരിഷത്തിലെ പ്രവർത്തകരുമായി പങ്കിട്ടു. നല്ല വളക്കൂറുള്ള ഭൂമിയിലായിരുന്നു ആശയം വിതയ്ക്കപ്പെട്ടത്. പരിഷത്തിന്റെ ആദ്യത്തെ പരീക്ഷണം 1984ൽ പുലാമന്തോളിനടുത്തുള്ള പാലുവായിൽ വച്ചു നടന്നു. ഏതാണ്ട് 40 കുട്ടികൾ പങ്കെടുത്ത 4 ദിവസം നീണ്ടുനിന്ന ബാലോത്സവം. അതിനുശേഷം ചെറിയ ചെറിയ ഏതാനും പരീക്ഷണങ്ങൾ നടന്നു. 1986ൽ പരിഷത്തിന്റെ 24-ാം വാർഷികത്തിന്റെ മുന്നോടിയായി കൊല്ലത്ത് വച്ച് നടത്തിയ ബാലോത്സവമാണ് ഈ പുതിയ പരിപാടിക്ക് തികച്ചും മൂർത്തമായ രൂപം നൽകിയത്. സ്വതന്ത്രവും അതേ സമയം മാർഗനിർദേശത്തോടുകൂടിയതുമായ പഠനത്തിന് കുട്ടികൾക്ക് വേദി ഒരുക്കുക എന്ന മൂർത്തമായ ലക്ഷ്യം മുന്നിൽ കണ്ടു. ഔപചാരികവിദ്യാലയങ്ങളിലെ പഠനരീതിപോലും ഭാവിയിൽ എന്തായിരിക്കണം എന്ന ആലോചനയുടെ തുടക്കമായിരുന്നു അത്. അധ്യാപകരായ പരിഷത്ത് അംഗങ്ങളിൽ ചിലർ, തങ്ങളറിയാതെതന്നെ, പക്ഷേ, തങ്ങളുടെ അനുഭവങ്ങൾ ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാൻ പഠിച്ചിരുന്നതുകൊണ്ട്, പതുക്കെപ്പതുക്കെ ബിഹേവിയറിസത്തിൽനിന്ന് (ചേഷ്ടാവാദത്തിൽനിന്ന്) കൺസ്ട്രക്ടിവിസത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ബാലോത്സവത്തെ കൺസ്ട്രക്ടിവിസ്റ്റ് ബോധന രീതികൾ വികസിപ്പിക്കാനുള്ള സന്ദർഭമാക്കി മാറ്റാൻ ഉപബോധം അവരെ പ്രേരിപ്പിച്ചു. അതിനാൽ കലാവാസനകൾക്കു പുറമേ പാഠ്യവിഷയങ്ങൾ പഠിക്കാനുള്ള ഇടങ്ങൾ കൂടി അഭികൽപ്പന ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. ഈ ഇടങ്ങൾക്ക് ഒരു പേർ നൽകണം. കെ.കെയാണ് 'മൂല' എന്ന പേർ നൽകിയത്. പിന്നീട് ഇംഗ്ലീഷിൽ അത് കോർണർ ആയി മാറി. ഗണിതമൂല, ഭൗതികമൂല, അടിപിടിമൂല (chemistry) പാവമൂല, ജന്തുമൂല...... ഇങ്ങനെ പല ഇടങ്ങൾ, അവിടെ മാർഗദർശികളായി നിൽക്കുന്ന ഫെസിലിറ്റേറ്റർമാർക്ക് 'മൂലമൂപ്പൻ' എന്ന പേരും നൽകി.

കൊല്ലത്ത് നടന്ന ബാലോത്സവത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി വന്ന 400 കുട്ടികളും കൊല്ലത്തുനിന്ന് ആതിഥേയരായിത്തീർന്ന 200 കുട്ടികളും ഉണ്ടായിരുന്നു. അതിൽ പങ്കെടുത്ത കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സംഘാടകർക്കും എല്ലാം തന്നെ മറക്കാനാവാത്ത, മനസ്സിൽ കുളിരണിയിച്ച ഒരു അനുഭവമായിരുന്നു അത്. കൊല്ലം ബാലോത്സവത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ 800ൽ അധികം യൂണിറ്റ് ബാലോത്സവങ്ങൾ നടന്നു. ഇതിൽ നിന്നെല്ലാം ആവേശമുൾക്കൊണ്ട്

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/88&oldid=243872" എന്ന താളിൽനിന്ന് ശേഖരിച്ചത്