ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ജനകീയ ശാസ്ത്രപ്രസ്ഥാനം


ത്രണം ചെയ്യപ്പെട്ടത്. അതിനായി തിരുവനന്തപുരത്ത് വേളി ഹോസ്റ്റലിൽ വച്ച് നടന്ന ഒരു മാസം നീണ്ടുനിന്ന തർജമ/പ്രൊഡക്ഷൻ ക്യാമ്പ് ശരിക്കും ഒരു അഖിലേന്ത്യാ സമൂഹത്തെ സൃഷ്ടിച്ചു. അഞ്ചു ജാഥകൾ - ഇന്ത്യയുടെ അഞ്ച് മൂലകളിൽനിന്ന് 37 ദിവസം സഞ്ചരിച്ച് നവംബർ 7ന് ഭോപ്പാലിലെ ആവേശോജ്ജ്വലമായ സമാപനം. ഈ അഞ്ചു ജാഥയിലും പരിഷത്തിലെ അനുഭവസമ്പത്തുള്ള കലാകാരന്മാരുണ്ടായിരുന്നു. അഞ്ചു ജാഥയുടെയും മാനേജർമാരും പരിഷത്തിൽ നിന്നായിരുന്നു. തുടർന്ന് 1988 ഫെബ്രുവരിയിൽ കണ്ണൂരിൽവച്ചു നടന്ന ഒന്നാം ജനകീയ ശാസ്ത്രകോൺഗ്രസ്സിൽ വച്ച് അഖിലേന്ത്യാ ജനകീയ ശാസ്ത്രനെറ്റ്‍വർക്ക് - AIPSN -ഔപചാരികമായി രൂപപ്പെട്ടു. പക്ഷേ, വടക്കെ ഇന്ത്യയിൽ രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, യു.പി, ബീഹാർ, ആസ്സാം, ഒറീസ്സ മുതലായ സംസ്ഥാനങ്ങളിലെ സംഘടനകൾ തുലോം ദുർബലങ്ങളായിരുന്നു. പിന്നീട് 1990ൽ സാക്ഷരതയ്ക്കായി നടന്ന ഭാരത് ഗ്യാൻ വിഗ്യാൻ ജാഥയിലൂടെ പുതിയ സംഘടനകൾ രൂപംകൊണ്ടു -സംസ്ഥാനതല ഭാരത് ഗ്യാൻ വിഗ്യാൻ സമിതികൾ. 1989-ഓടുകൂടി ആരംഭിച്ച സമ്പൂർണ സാക്ഷരതാ യജ്ഞങ്ങളിൽ, കാടിളക്കാനും പ്രവർത്തകരെ കണ്ടുപിടിക്കാനും അവർക്ക് പ്രചോദനം നൽകാനും സാക്ഷരത ആവശ്യപ്പെടുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനും കലാജാഥകൾ മർമപ്രധാനമായ പങ്കു വഹിക്കുകയുണ്ടായി. അക്ഷരാർഥത്തിൽ തന്നെ പതിനായിരക്കണക്കിന് ജാഥാ ടീമുകൾ രൂപപ്പെട്ടു. അവയിൽ പലതും പരിഷത്തിന്റേതിനേക്കാൾ എത്രയോ ഉയർന്ന നിലവാരം ഉള്ളവയായിരുന്നു. ജനകീയകലകൾ ഇന്നും ശക്തമായി നിലനിൽക്കുന്നത് വടക്കെ ഇന്ത്യയിലാണ്. മധ്യവത്കൃതകേരളത്തിൽ രംഗകലയേ ഉള്ളൂ, ജനകീയ കലയില്ല. കലാജാഥയുടെ പ്രഭാവം മറ്റു സംസ്ഥാനങ്ങളിൽ കേരളത്തിലേതിനേക്കാൾ എത്രയോ കൂടുതലായിരുന്നു. അങ്ങനെ കലാജാഥ ആശയവിനിമയോപാധി എന്നതിനുപുറമേ സംഘടനാനിർമാണ ഉപാധികൂടി ആയിരുന്നു. ഇന്ത്യയിലെ പൗരസമൂഹത്തിനുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംഭാവനയാണ് കലാജാഥ.

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/83&oldid=239923" എന്ന താളിൽനിന്ന് ശേഖരിച്ചത്