ആശയവിനിമയത്തിന് പുതിയൊരു മാധ്യമം
1977ലെ ശാസ്ത്രസാംസ്കാരിക ജാഥയുടെ അനുഭവപാഠം പരിഷത്ത് പ്രവർത്തകരുടെ മനസ്സിൽ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. അടുത്ത രണ്ടുമൂന്നു കൊല്ലത്തിനുള്ളിൽ മറ്റു പല അനുഭവങ്ങൾ കൂടി ഉണ്ടായി. ഇവയെല്ലാം ചേർത്താണ് ശാസ്ത്രകലാജാഥ എന്ന ആശയത്തിന് രൂപം നൽകിയത്. 1980ലെ ജാഥയിൽ ഏറ്റവും അധികം പേരെ ആകർഷിച്ച 'ഓഫീസ്' എന്ന നാടകത്തിന്റെ ബീജം രൂപംകൊണ്ടത് വാഴയൂർ സർവേയുടെ ഭാഗമായി നടന്ന സായാഹ്ന സദസ്സുകളിൽ നിന്നാണ്. ജാഥയെന്ന ആശയം തന്നെ രൂപം കൊണ്ടത് കർണാടകയിലെ സമുദായ എന്ന സംഘത്തിന്റെ അനുഭവങ്ങളിൽ നിന്നാണ്. എന്നാൽ കേരളത്തിൽ അത്തരമൊരു പരിപാടി നടത്താനുള്ള ആത്മവിശ്വാസവും ആവേശവും ലഭിച്ചത്, 1979ൽ നടന്ന തെരഞ്ഞടുപ്പുകാലത്ത് പ്രചാരണത്തിനായി ബ്രെഹ്‍തിന്റെ 'അമ്മ' എന്ന നാടകത്തിലെ ഗാനങ്ങൾ ഉപയോഗിച്ചതിലൂടെ ലഭിച്ച അനുഭവത്തിൽ നിന്നാണ്. ഒപ്പം തൃശ്ശൂർ ജില്ലയിലെ ആനാപ്പുഴയിലെ പുരുഷന്മാരുടെ ഓണക്കളി, കുളനടയിലെ വില്ലടിച്ചാൻ പാട്ട് എന്നിവയുടെ അനുഭവങ്ങളും നക്സൽ പ്രസ്ഥാനക്കാർ നടത്തിയിരുന്ന തെരുവു നാടകങ്ങളുടെ അനുഭവങ്ങളും. ഇങ്ങനെ വ്യത്യസ്തങ്ങളായ നിരവധി അനുഭവങ്ങൾ കൂട്ടിച്ചേർത്താണ് ശാസ്ത്രകലാജാഥ ആവിഷ്കരിക്കപ്പെട്ടത്. കേരളത്തിനും ഭാരതത്തിനും പരിഷത്ത് നൽകിയ മികവുറ്റ ഒരു സംഘാടന ഉപാധിയും ശക്തമായ ഒരു ആശയവിനിമയമാധ്യമവും ആണ് കലാജാഥ. ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഭൂരിഭാഗം ഘടകങ്ങളും രൂപംകൊണ്ടത് കലാജാഥകളിലൂടെയാണ്. ഒന്നേകാൽ കോടിയിലധികം സന്നദ്ധ പ്രവർത്ത