ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ആരോഗ്യസർവേയ്ക്ക് പരിഷത്ത് തുനിഞ്ഞത്. ഡോ.കെ.പി. അരവിന്ദൻ, ഡോ.കെ.ആർ. തങ്കപ്പൻ, ഡോ.കെ.പി.കണ്ണൻ, ഡോ.രാജ് മോഹൻ, ഡോ. രാമൻകുട്ടി, ഡോ.ബി.ഇക്ബാൽ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകിയത്. കേരളത്തിന് ഒരു ആരോഗ്യനയം രൂപീകരിക്കാനാവശ്യമായ അടിസ്ഥാനവിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ലക്ഷ്യം. സാമൂഹ്യ-സാമ്പത്തികഘടകങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് കേരളീയരുടെ ആരോഗ്യശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച വിവരങ്ങൾ ജനകീയമായി ശേഖരിച്ചു എന്നതാണ് ഈ സർവേയുടെ പ്രത്യേകത. സാമ്പിളുകളുടെ വലുപ്പം കൊണ്ടും ശേഖരിച്ച വിവരങ്ങളുടെ കൃത്യതകൊണ്ടും സർവേ പൂർത്തിയാക്കുന്നതിലുള്ള വേഗത കൊണ്ടും ഒക്കെ 1987ലെ ആരോഗ്യസർവേ താരതമ്യമില്ലാത്ത ഒന്നായിരുന്നു. ജൂലായ് 1 മുതൽ 10 വരെ ഗാർഹിക സർവേയും 11 മുതൽ 20 വരെ സ്ഥാപനസർവേയും ആണ് നടന്നത്. സാമ്പത്തികവും സാങ്കേതികവുമായ ചില കാരണങ്ങളാൽ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിനും നിഗമനങ്ങളിലെത്തിച്ചേരുന്നതിനും മൂന്നു വർഷത്തിലധികം സമയമെടുക്കേണ്ടി വന്നു.

ഇന്ത്യാ ഗവൺമെന്റിന്റെ പുതിയ ഔഷധനയത്തിന്റെ ഫലമായി പല മരുന്നുകളുടെയും വില പല മടങ്ങായി വർധിച്ചു. വില നിജപ്പെടുത്തിയ പല അവശ്യമരുന്നുകളും വിപണിയിൽനിന്ന് അപ്രത്യക്ഷമായി. ഇതിനെതിരെ ശക്തമായ പ്രതിഷേധപ്രകടനങ്ങളും പ്രചാരണവും നടന്നു.

2000-മാണ്ടിൽ ഡാക്കയിൽ വച്ചു നടന്ന പീപ്പിൾസ് ഹെൽത്ത് അസംബ്ലിയിലും അതിനു മുന്നോടിയായി കൽക്കത്തയിൽ വച്ചു നടന്ന പീപ്പിൾസ് ഹെൽത്ത് പാർലമെന്റിലും പരിഷത്ത് പ്രവർത്തകർ പങ്കെടുക്കുകയുണ്ടായി.

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/79&oldid=239891" എന്ന താളിൽനിന്ന് ശേഖരിച്ചത്