ങ്ങളുടെ ചേരിയിലാണ് വരുന്നത്. അതായത് വികസിതരാജ്യങ്ങളിലെ വർധിച്ച ഉൽപ്പാദനം - പ്രകൃതി വിഭവങ്ങളുടെ ഉപഭോഗനിരക്ക് - മുതലാളിമാരുടെ ലാഭം വർധിപ്പിക്കാനല്ലാതെ സാമാന്യജനങ്ങളുടെ ജീവിതഗുണത മെച്ചപ്പെടുത്താൻ ഉപകരിക്കുന്നില്ല. അങ്ങനെ സൈദ്ധാന്തികമായിത്തന്നെ, ഭൗതിക ഉൽപ്പാദനത്തിന് പരിധികൾ കൽപ്പിക്കാവുന്നതാണെന്ന ധാരണ പരിഷത്തിന്റെ ഉപബോധത്തിൽ രൂപപ്പെട്ടുവന്നു. എന്നാൽ 1980കളുടെ അവസാനത്തോടെ ആരംഭിച്ചതും 90കളുടെ മധ്യമായപ്പോഴേയ്ക്കും വേരുറച്ചതുമായ മുതലാളിത്ത ആഗോളവൽക്കരണവും അതിന്റെ മന്ത്രമായ ത്വരിത വളർച്ചയും (accelerated growth rate) വിപണി സർവാധിപത്യവും ആ തന്ത്രം സ്വീകരിച്ചതിൽ ചൈനയ്ക്കും, പിന്നീട് ഇന്ത്യയ്ക്കും ഉണ്ടായ അനുഭവങ്ങളും തങ്ങളുടെ ഭയങ്ങൾ അടിസ്ഥാനരഹിതങ്ങളല്ലായിരുന്നു എന്ന് ബോധ്യപ്പെടുത്തി. പരിസ്ഥിതി വിനാശത്തിന്റെ വേഗം കൂടി. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഗണ്യമായി വർധിച്ചു. ഈ പാത മാനവരാശിയെ കെടുതിയിലേ നയിക്കൂ എന്ന് കൂടുതൽ വ്യക്തമായി.
1970കളുടെ അവസാനത്തിലും 80കളുടെ തുടക്കത്തിലും പരിസ്ഥിതിയുടെയും വികസനത്തിന്റെയും കാര്യത്തിൽ തികച്ചും സന്തുലിതമായ ഒരു നിലപാടെടുക്കാൻ പരിഷത്തിനു കഴിഞ്ഞു. 'നിങ്ങൾ വികസനത്തിന്റെ പക്ഷത്തോ, അതോ പരിസ്ഥിതിയുടെ പക്ഷത്തോ' എന്ന മൗലികവാദപരമായ ചോദ്യത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കാൻ അതിനുകഴിഞ്ഞു. “പരിസ്ഥിതി സംരക്ഷണം വികസനത്തിനുവേണ്ടി" എന്ന മുദ്രാവാക്യം പരിഷത്ത് ഉയർത്തി. അതിനെ ശക്തിപ്പെടുത്താൻ ഗാന്ധിയിൽ നിന്നും എംഗൽസിൽ നിന്നും പിന്നീട് മാർക്സിൽ നിന്നും ധാരാളം ഉദ്ധരണികൾ എടുത്തുകാണിച്ചു. അങ്ങനെ കേരളം ഒരു 'പരിസ്ഥിതി പ്രബുദ്ധ സംസ്ഥാനം' ആയി മാറി. ഈ പ്രബുദ്ധത പിൽക്കാലത്ത് കടുംവിശ്വാസങ്ങൾക്കും ജന്മം നൽകി എന്നത് ഒരു വസ്തുതയാണ്. ശാസ്ത്രീയതയുടെ അംശം കുറഞ്ഞുപോവുകയും പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്ന പ്രവണത ശക്തിപ്പെട്ടുവരികയും ചെയ്തു. പരിഷത്ത് എന്ന പ്രസ്ഥാനത്തിന്റെ അറിവിനും സമചിത്തതയ്ക്കും ദരിദ്രപക്ഷപാതിത്തത്തിനും നൽകിയിരുന്ന അംഗീകാരവും ആദരവും പതുക്കെപ്പതുക്കെ കുറയാൻ തുടങ്ങി. മാധ്യമങ്ങൾ കുറയ്ക്കാൻ തുടങ്ങി എന്നു പറയുന്നതാകും കൂടുതൽ ശരി. മുതലാളിമാർക്ക് പരിസ്ഥിതി മൗലികവാദത്തെ ഭയമില്ല. ഉയർന്ന തോതിൽ മധ്യവർഗവൽക്കരിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ള കേരളത്തിൽ അവർക്കെതിരായ വികാരം വളർത്തിക്കൊണ്ടുവരാൻ കഴിയും. എന്നാൽ പരിഷത്തുയർത്തുന്ന സുചിന്തിതവും സമതുലിതവും ആയ വാദങ്ങളെ ഖണ്ഡിക്കാൻ കൂടുതൽ പ്രയാസമാണ്. അതിനാൽ പരിഷത്തിന്റെ പേരിലും വികസനവിരുദ്ധർ എന്ന ആരോപണം ഉന്നയിക്കാൻ അവർ മറന്നില്ല. പക്ഷേ, പരിസ്ഥിതി മൗലികവാദങ്ങളെയാണ് അവ ഉയർത്തിക്കാണിച്ചത്. ഇതൊക്കെ രണ്ടുപതിറ്റാണ്ടുകൾക്ക് ശേഷം നടന്ന കാര്യങ്ങളാണ്.