ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പ്രസ്ഥാനങ്ങൾക്ക് മണ്ണൊരുക്കുകയായിരുന്നു അവർ ചെയ്തത്. വികസന മൗലികവാദം മുതലാളിത്തത്തിന്റെ ഒരു ഭാഗമാണ്. പരിസ്ഥിതി സംരക്ഷണവും പരിധിയില്ലാത്ത വികസനവും വർധിച്ച ലാഭവും ഒത്തുപോകില്ല. മുതലാളിത്തത്തിന് ലാഭം- മൂലധനം- വളർത്തിയേ പറ്റൂ, അതിനായി വളർച്ച (വികസനമല്ല, വളർച്ചയാണ് മുതലാളിത്തത്തിന് ആവശ്യം) ത്വരിതപ്പെടുത്തിയേ ഒക്കൂ. പരിസ്ഥിതിയെ അപകടകരമാംവിധം മാറ്റിയേ ഒക്കൂ. എഴുപതുകളിൽ വളരെ കുറച്ചു പേരെ ഇത് മനസ്സിലാക്കിയിരുന്നുള്ളൂ. ശാസ്ത്രസാഹിത്യ പരിഷത്ത് അവരുടെ കൂട്ടത്തിൽപ്പെടും.

1982ൽ നെയ്റോബിയിൽ വച്ച് രണ്ടാം ലോക പരിസ്ഥിതി സമ്മേളനം നടന്നു. എന്നാൽ ആഗോളതലത്തിൽ വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കാൻ അതിനു കഴിഞ്ഞില്ല. ശാസ്ത്രജ്ഞർ പഠനങ്ങൾ തുടരുകയായിരുന്നു. ഒന്നാം സമ്മേളനത്തിൽ ഉയർത്തപ്പെട്ട ഭയാശങ്കകൾ അടിസ്ഥാനരഹിതമാണ് എന്ന് കാണുവാൻ അവർ ആഗ്രഹിച്ചു. എന്നാൽ സംഭവിച്ചതങ്ങനെയല്ല. വിചാരിച്ചിരുന്നതിൽ കൂടുതൽ മോശമാണ് സ്ഥിതി എന്നു കണ്ടു. ആഗോളതാപനം എന്ന പ്രതിഭാസം അന്ധവിശ്വാസമോ, കെട്ടുകഥയോ, സയൻസ് ഫിക്ഷനോ അല്ലെന്നും യാഥാർഥ്യമാണെന്നും കൂടുതൽ കൂടുതൽ ബോധ്യപ്പെടാൻ തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് 1992ൽ മൂന്നാം ലോക പരിസ്ഥിതി സമ്മേളനം, ഒരു ഭൗമ ഉച്ചകോടി (Earth Summit) ആയി ചേരാൻ തീരുമാനിച്ചത്. ജോർജ് ബുഷിനെയും (സീനിയർ) അമേരിക്കയെയും മുതലാളിത്തരാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം സംഗതികൾ വ്യക്തമാണെങ്കിലും അതനുസരിച്ച് പ്രവർത്തിക്കാൻ സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്. കാരണം പരിസ്ഥിതി സംരക്ഷണവും മുതലാളിത്തവും തമ്മിൽ ഒത്തുപോകില്ല. സോഷ്യലിസത്തിലോ? 1992 ആയപ്പോഴേയ്ക്കും സോഷ്യലിസ്റ്റ് ചേരി നാമാവശേഷമായിരുന്നു. മുൻപ് സോഷ്യലിസ്റ്റ് ആയിരുന്ന രാജ്യങ്ങളിലെ പരിസ്ഥിതിയോടുള്ള സമീപനം ഏറെ വ്യത്യസ്തമായിരുന്നില്ലെന്ന വസ്തുത പുറത്തു വന്നു. ബഹുഭൂരിപക്ഷം പരിഷത്ത് പ്രവർത്തകരുടെയും ഉപബോധത്തിൽ രൂഢമൂലമായിരുന്ന സോഷ്യലിസ്റ്റ് ആഭിമുഖ്യത്തിന് നേരിട്ട ആഘാതത്തെ, ഇത് ശക്തിപ്പെടുത്തി. എന്നാൽ ഒരു കാര്യം 1990കളുടെ അവസാനത്തിൽത്തന്നെ വ്യക്തമായിരുന്നു. അസീമിതമായ ഭൗതിക വളർച്ച സോഷ്യലിസത്തിന്റെ അടിസ്ഥാന നിബന്ധന അല്ല. ഒരു പരിധിക്കപ്പുറം വളർച്ചയില്ലാതെയും വികാസമുണ്ടാകാം. ഇത് കേരളത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലും കൂടി രൂപപ്പെട്ടുവന്ന ഒരു ധാരണയായിരുന്നു. കേരളത്തിലെ 'വികസന പ്രഹേളിക' അന്നേ ചർച്ചാവിഷയമായിക്കഴിഞ്ഞിരുന്നു. ആളോഹരി ദേശീയവരുമാനം വിഭവ ഉപഭോഗം വികസിതരാജ്യങ്ങളുടെതിന്റെ അഞ്ചുശതമാനമേ വരൂ എങ്കിലും, മാനവ വികാസത്തിന്റെ സൂചികകളായ ഉയർന്ന പ്രതീക്ഷിത ആയുസ്സ്, ഉയർന്ന സാക്ഷരത, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ താരതമ്യപ്പെടുത്തുമ്പോൾ കേരളം വികസിത രാജ്യ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/75&oldid=243164" എന്ന താളിൽനിന്ന് ശേഖരിച്ചത്