പലതുകൊണ്ടും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ചില തൽപരവിഭാഗങ്ങളുടെ, എൻജിനീയർ കോൺട്രാക്ടർ വിഭാഗങ്ങളുടെ, തീവ്രശ്രമമുണ്ടായിട്ടും വിവാദം സങ്കുചിത രാഷ്ട്രീയത്തിന്റെ, രാഷ്ട്രീയക്കളികളുടെ അതിരുകൾ പൊട്ടിച്ചു; തികച്ചും ശാസ്ത്രീയമായ ഒരു മാനം കൈവരിച്ചു. ബോർഡും മറ്റും ചേർന്നുണ്ടാക്കിയ പരിസര ആസൂത്രണ സംരക്ഷണ സമിതി (PASS) ശാസ്ത്രത്തിന്റെ ഭാഷയിൽത്തന്നെ (പലപ്പോഴും അസഭ്യമായ ഭാഷയിലും) പരിഷത്തിന്റെയും പരിസ്ഥിതിശാസ്ത്രജ്ഞരുടെയും വാദങ്ങൾ ഖണ്ഡിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. അവരുടെ വാദങ്ങളുടെ ദൗർബല്യം പ്രകടമായിരുന്നു. ഫലമോ? എല്ലാ രാഷ്ട്രീയപ്പാർട്ടികളിലും ഉന്നത നേതൃത്വം മുതൽ താഴെയുള്ള അണികളിൽവരെ രണ്ട് അഭിപ്രായമുള്ളവർ ഉണ്ടായിരുന്നു. അന്ന് ഈ ലേഖകൻ സിപിഐ (എം) ന്റെ ഒരു ഫുൾടൈം പ്രവർത്തകൻ കൂടിയായിരുന്നു. ശാസ്ത്രത്തിന്റെ ഭാഷയിലും ശീലിലും മാത്രമേ വിവാദങ്ങൾ നടത്താവൂ, വ്യക്തികളെ അധിക്ഷേപിക്കരുത് എന്ന ഒരു നിർദേശം മാത്രമാണ് ഇ.എം.എസ്.നമ്പൂതിരിപ്പാടും മറ്റു നേതാക്കളും ഈ ലേഖകന് നൽകിയത്. ശാസ്ത്രനിയമങ്ങളെ രാഷ്ട്രീയതാൽപ്പര്യങ്ങൾ കൊണ്ട് മറികടക്കാനാവില്ലെന്ന് അവർക്ക് അറിയാമായിരുന്നു.
രാജ്യത്തെമ്പാടും സൈലന്റ്‍വാലി വന സംരക്ഷണത്തിനും അതിന് എതിരായി സൈലന്റ് വാലി പദ്ധതി സംരക്ഷണത്തിനും വേണ്ടിയുള്ള വാദങ്ങൾ നടന്നു. പത്രങ്ങളിൽ മാത്രമല്ല. സ്കൂൾ ഡിബേറ്റിങ്ങ് ക്ലബ്ബുകൾക്ക് രണ്ടു മൂന്നു കൊല്ലക്കാലത്തേക്ക് ഇത് ഒരു ഡിബേറ്റ് വിഷയമായിത്തീർന്നു. വായനശാലകൾ, ക്ലബുകൾ, മൈതാനങ്ങൾ - എല്ലാ സ്ഥലത്തുവച്ചും ഡിബേറ്റുകൾ നടന്നു. ഒരു ജനതയെ ആകെ പരിസ്ഥിതി ബോധമുള്ളവരാക്കിത്തീർക്കാൻ ഈ വിവാദം സഹായിച്ചു. വികസന മൗലികവാദം, പരിസ്ഥിതി മൗലികവാദം മുതലായ പദങ്ങൾ രൂപപ്പെട്ടുവരാൻ തുടങ്ങി. എന്നാൽ പരിഷത്ത് ഒരു തരത്തിലുള്ള മൗലികവാദവും അംഗീകരിച്ചില്ല. കാരണം ശാസ്ത്രബോധത്തിന് നിരക്കാത്തതാണ് മൗലികവാദമെന്ന സങ്കൽപ്പം തന്നെ. 1972ലെ സ്റ്റോക്ഹോം പരിസ്ഥിതി കോൺഫറൻസിന്റെ കാലം മുതൽക്കെ പരിഷത്ത് പരിസ്ഥിതിയുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയിരുന്നു. സൈലന്റ് വാലി പ്രശ്നം അതിന് ഉത്തേജനം നൽകി. 1977 ഫെബ്രുവരിയിൽ 14-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'മനുഷ്യനും ചുറ്റുപാടും' എന്ന ഗ്രന്ഥം, നേരത്തെ പറഞ്ഞപോലെ, പരിഷത്തിന്റെ സമഗ്രമായ പരിസ്ഥിതി വീക്ഷണത്തിന്റെ നിദർശനമാണ്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എം.കെ.പി കാലടി പ്രവർത്തക ക്യാമ്പിൽ തന്റെ പ്രമേയം അവതരിപ്പിച്ചത്.
അന്ന് പരിസ്ഥിതി കേരള മാധ്യമങ്ങൾക്ക് പുത്തൻ വിഷയമായിരുന്നു. മാധ്യമ മൂല്യമുള്ള (media worthy) വിഷയം. അതുകൊണ്ട് പരിഷത്തിനെ മാധ്യമങ്ങൾ ഒരു 'പരിസ്ഥിതി ഹീറോ' ആക്കി ഉയർത്തിക്കാണിച്ചു. പിൽക്കാലത്ത് കേരളത്തിൽ വളർന്നുവരാൻ പോകുന്ന പരിസ്ഥിതി മൗലിക വാദ