ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഇതെല്ലാം പരിഷത്ത് പ്രവർത്തകരുടെ ബോധമായി മാറാൻ കുറച്ചുകാലമെടുത്തു. എന്നാൽ 1972ലെ സ്റ്റോക്ഹോം സമ്മേളനം ചില പരിഷത്ത് പ്രവർത്തകരെ ഗണ്യമായി സ്വാധീനിച്ചു. അങ്ങനെ എം.കെ. പ്രസാദ്, യു.കെ. ഗോപാലൻ, കെ.കെ.പി. മേനോൻ തുടങ്ങിയ എറണാകുളത്തുള്ള ചില പരിഷത്ത് പ്രവർത്തകർ, കൊച്ചിൻ സയൻസ് സൊസൈറ്റി എന്ന മറ്റൊരു സംഘടനയുടെ പേരിൽ 1974ൽ, ഒരു സമ്മേളനം വിളിച്ചുകൂട്ടി. 1972ലെ ലോകപരിസ്ഥിതി സമ്മേളനത്തിൽനിന്ന് ലഭിച്ച ആവേശമാണ് ഇതിന്റെ പിന്നിലുണ്ടായിരുന്നത്. ഇന്ത്യയിൽ ഒരു പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ടുവരണമെന്ന ഒരു പ്രമേയം ഈ സമ്മേളനത്തിൽ അംഗീകരിക്കപ്പെട്ടു.

പരിഷത്ത് നേരിട്ട് പഠിക്കുകയും ഇടപെടാൻ ശ്രമിക്കുകയും ചെയ്ത ആദ്യത്തെ പരിസ്ഥിതിപ്രശ്നം, ആലുവ-കളമശ്ശേരി വ്യവസായമേഖലയിലെ മലിനീകരണമായിരുന്നു 1974ൽ. എന്നാൽ 1977 ഫെബ്രുവരിയിൽ കൊല്ലത്ത് വച്ചു നടന്ന സെമിനാറും അതിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച 'മനുഷ്യനും ചുറ്റുപാടും' എന്ന പുസ്തകവുമാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പാരിസ്ഥിതികവീക്ഷണത്തിന് അടിത്തറ പാകിയത്. അതിലാണ് ആദ്യമായി ത്രിപരിസ്ഥിതി സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതും. മനുഷ്യനും പ്രകൃതിയും തമ്മിൽ പ്രതിപ്രവർത്തിക്കുന്ന ഭൗതികപരിസ്ഥിതി; മനുഷ്യനും മനുഷ്യനും തമ്മിൽ പ്രതിപ്രവർത്തിക്കുന്ന സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി ഇവ രണ്ടിനേയും നോക്കിക്കാണുന്ന സാംസ്കാരിക പരിസ്ഥിതി എന്നിങ്ങനെ മൂന്നു പരിസ്ഥിതികൾ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സ്വാധീനിക്കുന്നു, നിർവചിക്കുന്നു; ഇവയിലുള്ള വൈരുധ്യങ്ങളെ നോക്കിക്കാണുന്നു ദർശനവും സംസ്കാരവും ഒക്കെ. മാറ്റങ്ങളുടെ തുടക്കം ദർശനത്തിൽ, സംസ്കാരത്തിൽ നിന്നാണ്. സാമൂഹിക-സാമ്പത്തിക പരിസ്ഥിതിയും ഭൗതികപരിസ്ഥിതിയും തമ്മിലുള്ള വൈരുധ്യങ്ങൾ തിരിച്ചറിയാൻ ഇത് സഹായിക്കുന്നു. ഇതാണ് ത്രിപരിസ്ഥിതി സിദ്ധാന്തത്തിന്റെ രത്നച്ചുരുക്കം.

1977 മെയ് മാസത്തിൽ കാലടിയിൽ വച്ചു നടന്ന മൂന്നാമത്തെ പ്രവർത്തക ക്യാമ്പിൽ സൈലന്റ് വാലി പദ്ധതി നിർത്തിവയ്ക്കാൻ ഗവൺമെന്റിനോട് ആവശ്യപ്പെടുന്ന, എം.കെ.പി തയ്യാറാക്കിയ, ഒരു പ്രമേയം അവതരിപ്പിക്കപ്പെട്ടു. ക്യാമ്പിൽ പങ്കെടുത്ത ഭൂരിപക്ഷം പേർക്കും പരിസ്ഥിതിയെന്ന വാക്ക് തന്നെ പുത്തരിയായിരുന്നു. സൈലന്റ് വാലി പദ്ധതിയെക്കുറിച്ച് ആരും കേട്ടിട്ടേ ഉണ്ടായിരുന്നില്ല. പിടിബി യാണ് ആ പ്രമേയത്തെ ശക്തമായി എതിർത്തത്. പിന്താങ്ങാൻ അധികമാരും ഉണ്ടായിരുന്നില്ല. എങ്കിലും ഇതിൽ പഠിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് പലർക്കും തോന്നി. കാര്യങ്ങൾ കൂടുതൽ വിശദമായി പഠിക്കാനായി പരിഷത്ത് ഒരു കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റി സൈലന്റ് വാലി പദ്ധതിയെക്കുറിച്ചും ഊർജനയത്തെക്കുറിച്ചും ഒക്കെ സമഗ്രമായി പഠിച്ചു ഒരു റിപ്പോർട്ട് തയ്യാറാക്കി. സൈലന്റ് വാലി: ഒരു

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/72&oldid=243149" എന്ന താളിൽനിന്ന് ശേഖരിച്ചത്